നിറകണ്ണുകളോടെ സിദ്ദീഖ്; സാപ്പിക്കു വിട

Mail This Article
അവസാനമായി മകൻ സാപ്പി (റാഷിൻ) ഒരു നോക്ക് കണ്ട് സിദ്ദീഖ് നിറകണ്ണുകളോടെ വിങ്ങി. ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരുന്ന തന്‍റെ പ്രിയപുത്രന്‍റെ വിയോഗത്തില്‍ സിദ്ദീഖ് എന്ന പിതാവ് വല്ലാതെ തളര്‍ന്നിരുന്നു. സിനിമ മേഖലയിലെ സഹപ്രവര്‍ത്തകര്‍ സിദ്ദീഖിനെ ആശ്വസിപ്പിച്ചു. ദിലീപ്, കാവ്യ മാധവൻ, റഹ്മാൻ, ഫഹദ് ഫാസിൽ, നാദിർഷ, ബാബുരാജ്, ജോമോൾ, ബേസിൽ ജോസഫ്, രജിഷ വിജയൻ, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രൺജി പണിക്കർ, ഷാഫി, ജയൻ ചേർത്തല, ഇടവേള ബാബു, ബാബുരാജ് തുടങ്ങി സിനിമാ രംഗത്തെ നിരവധിപേരാണ് റാഷിനു അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്.
മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ ‘സ്പെഷൽ ചൈൽഡ്’ എന്നാണ് സിദ്ദീഖ് വിശേഷിപ്പിച്ചിരുന്നത്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളിലും സിദ്ദീഖ് മുന്‍നിരയില്‍ നിര്‍ത്തുന്നത് സാപ്പിയെയായിരുന്നു. എല്ലാ ചടങ്ങുകളിലും നിറസാന്നിധ്യമായിരുന്നു സാപ്പി. സിദ്ദീഖിന്റെ വീട്ടിൽ ആരെത്തിയാലും ആദ്യം ഓടിയെത്തുന്നതും സാപ്പിയായിരുന്നു.
വ്യാഴാഴ്ച രാവിലെയായിരുന്നു റാഷിന്‍ വിട പറഞ്ഞത്. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് റാഷിൻ. 37 വയസ്സായിരുന്നു. പടമുകൾ ജുമാ മസ്ജിദിൽ ഇന്ന് വൈകുന്നേരം നാലു മണിക്കായിരുന്നു കബറടക്കം.