12 വർഷം പെട്ടിയിൽ; ഇന്ന് 24 കോടി വാരി ഈ വിശാൽ ചിത്രം; തമിഴകത്തെ ഞെട്ടിച്ച് ‘മദ ഗജ രാജ’
![madha-gaja-raja വരലക്ഷ്മി, വിശാൽ, അഞ്ജലി](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2025/1/17/madha-gaja-raja.jpg?w=1120&h=583)
Mail This Article
12 വർഷം പെട്ടിയിൽ കിടന്ന സിനിമ, പിന്നീട് തിയറ്ററുകളിലെത്തിയപ്പോൾ സൂപ്പർഹിറ്റ്. വിശാൽ നായകനായ മദ ഗജ രാജ എന്ന സിനിമയാണ് തമിഴ്നാട്ടിൽ സൂപ്പര്‍ഹിറ്റായി മുന്നേറുന്നത്. 2013 പൊങ്കൽ റിലീസ് ആയി തിയറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധികളാൽ റിലീസ് നീണ്ടുപോകുകയായിരുന്നു. പിന്നീട് 12 വർഷങ്ങൾക്കുശേഷം മറ്റൊരു പൊങ്കൽ റിലീസ് ആയി എത്തിയ സിനിമ ബോക്സ്ഓഫിസിൽ ചരിത്രമായി മാറി.
നാല് ദിവസം കൊണ്ട് 24 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. വിശാൽ–സന്താനം ടീമിന്റെ കോമഡി നമ്പറുകളാണ് സിനിമയുടെ പ്രധാന ആകർഷണം. ഗ്ലാമറിനു മാറ്റുകൂട്ടാൻ അഞ്ജലിയും വരലക്ഷ്മിയും നായികമാരായി എത്തുന്നു.
2012ൽ ചിത്രീകരണം പൂർത്തിയായ സിനിമ 2013 പൊങ്കൽ റിലീസ് ആയി പദ്ധതിയിട്ടെങ്കിലും വിശാലിന്റെ തന്നെ ‘സമർ’ എന്നൊരു സിനിമ അതേ വർഷം പൊങ്കൽ റിലീസായി പ്ലാന്‍ ചെയ്തിരുന്നു. അതോടെ മദ ഗജ രാജയുടെ റിലീസ് നീണ്ടു. പിന്നീട് ഒൻപത് മാസങ്ങൾക്കുശേഷം സെപ്റ്റംബറില്‍ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും ഓസ്ട്രേലിയൻ പൗരനായ സന്താനം എന്നൊരാൾ നിർമാണക്കമ്പനിക്കെതിരെ കേസ് കൊടുത്തതോടെ റിലീസ് പ്രതിസന്ധിയിലായി.
എന്നാൽ ഈ പ്രശ്നം മറച്ചുവച്ചുകൊണ്ട് ജെമിനി ഫിലിം സർക്യൂട്ട് എന്ന കമ്പനി ഈ സിനിമ വിശാലിന്റെ നിർമാണക്കമ്പനിക്കു വിറ്റിരുന്നു. ബാധ്യതകൾ ഏറ്റെടുത്ത് സിനിമ എങ്ങനെയും റിലീസ് ചെയ്യണമെന്ന വിശാലിന്റെ ആഗ്രഹം പക്ഷേ സാമ്പത്തിക പ്രതിസന്ധികളാൽ മുടങ്ങിപ്പോകുകയായിരുന്നു.
12 വർഷങ്ങൾക്ക് ഇപ്പുറവും സിനിമയുടെ പുതുമ നഷ്ടപ്പെട്ടിട്ടില്ലെന്നും കോമഡി നമ്പറുകൾ പ്രേക്ഷകരുമായി കണട്ക് ആയെന്നും നിരൂപകർ അഭിപ്രായപ്പെടുന്നു. സന്താനത്തിന്റെ കോമഡിക്കും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. രണ്ടാം പകുതിയിലെ കോമഡി സീനുകൾ സിനിമയുടെ പ്രത്യേകതയാണെന്നും വിശാലിന്റെ ഫൈറ്റുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. നിരവധി പരാജയ സിനിമകൾക്ക് ശേഷം ബോക്സ് ഓഫിസിൽ വിശാലിന്റെ വമ്പൻ തിരിച്ചുവരവാകും മദ ഗജ രാജ.
കഴിഞ്ഞ വർഷം തുടർച്ചയായുള്ള പരാജയങ്ങൾ കൊണ്ട് വീർപ്പുമുട്ടിയ കോളിവുഡിന് പുത്തൻ ഉണർവ് നൽകിയത് സുന്ദർ സി. തന്നെ ഒരുക്കിയ അരൺമനൈ 4 എന്ന ചിത്രമായിരുന്നു. 40 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ 100 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ നേടിയത്. സുന്ദർ സി.യുടെ സ്ഥിരം ഫോർമാറ്റിൽ എത്തിയ ചിത്രത്തിൽ സംവിധായകനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. തമന്ന, റാഷി ഖന്ന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ മദ ഗജ രാജ എന്ന സിനിമയിലൂടെ സുന്ദർ സി. വീണ്ടും തിയറ്ററുകൾ നിറയ്ക്കുകയാണ്. പൊങ്കൽ റിലീസായെത്തി വമ്പൻ സിനിമകളെ പോലും മറികടന്നാണ് സിനിമ മുന്നേറുന്നത്. സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് റിച്ചാർഡ് എം നാഥൻ ആണ്. എഡിറ്റിങ് പ്രവീൺ കെ.എൽ., എൻ ബി ശ്രീകാന്ത്.