വിവാഹം കഴിഞ്ഞ് 2 വർഷം; ബന്ധം വേർപെടുത്തുന്നുവെന്ന് നടി അപർണ വിനോദ്
![aparna-vinod-divorce-photo അപർണ വിനോദ്](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2025/1/21/aparna-vinod-divorce-photo.jpg?w=1120&h=583)
Mail This Article
നടി അപർണ വിനോദ് വിവാഹമോചിതയായി. രണ്ട് വർഷം മാത്രമാണ് അപർണയുടെ ദാമ്പത്യ ജീവിതം നീണ്ടുനിന്നത്. 2023 ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ റിനിൽരാജുമായുള്ള അപർണയുടെ വിവാഹം. കൃത്യം രണ്ടു വർഷം പൂർത്തിയാകുമ്പോഴാണ് വിവാഹമോചനം സ്ഥിരീകരിച്ച് അപർണ രംഗത്തുവരുന്നത്.
‘‘ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്. വളരെയധികം ആലോചിച്ച ശേഷം എന്റെ വിവാഹം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു, ഇത് എളുപ്പമുള്ള തിരഞ്ഞെടുപ്പായിരുന്നില്ല, പക്ഷേ മുന്നോട്ടു വളരാനും എന്നിലെ മുറിവുകൾ സുഖപ്പെടാനും ഇത് ശരിയായ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വിവാഹം ജീവിതത്തെ തന്നെ വൈകാരികമായ തളർച്ചയ്ക്കു വഴിവയ്ക്കുന്ന ഏറെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടമായിരുന്നു, അതിനാൽ ജീവിതത്തിൽ ഇനി മുന്നോട്ട് പോകുന്നതിനായി ഞാൻ ആ അധ്യായം അടച്ചു.
![aparna-vinod-divorce aparna-vinod-divorce](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2025/1/21/aparna-vinod-divorce.jpg)
ഈ സമയത്ത് എനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവളാണ്. ഇനി മുമ്പോട്ടുള്ള യാത്ര പ്രതീക്ഷയോടെയും പോസിറ്റീവോടെയും സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’–അപർണയുടെ വാക്കുകൾ.
2015ൽ പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയാണ് എന്ന സിനിമയിലൂടെ അപർണ അഭിനയരംഗത്തെത്തി. ആസിഫ് അലിയുടെ കോഹിനൂരിലാണ് ആദ്യമായി നായികയാകുന്നത്. വിജയ് ചിത്രം ഭൈരവിയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2021ൽ റിലീസ് ചെയ്ത നടുവൻ ആണ് അപർണ അവസാനം പ്രത്യക്ഷപ്പെട്ടത്.