മാസും ആക്ഷനുമായി അണ്ടർവേൾഡ്; റിവ്യു

Mail This Article
‘ഞാനൊരിത്തിരി മോശാ സാറേ... പുറത്തുമാത്രമല്ല, അകത്തും...’
സ്റ്റാലിൻ ജോണിന്റെ ഡയലോഗാണ്. പക്ഷേ അരുൺ കുമാർ അരവിന്ദിന്റെ സിനിമ ‘അണ്ടർവേൾഡ്’ അങ്ങനെയല്ല– അകത്തും പുറത്തും അതു മോശമല്ല, ചിത്രം പ്രേക്ഷകനു സമ്മാനിക്കുന്നതാകട്ടെ മികച്ച സിനിമാനുഭവവും. സംവിധാനത്തിലും ഛായാഗ്രഹണത്തിലും അഭിനയത്തിലും (പുതുമുഖങ്ങളുടെ ഉൾപ്പെടെ) പശ്ചാത്തല സംഗീതത്തിലും എഡിറ്റിങ്ങിലുമെല്ലാം ആ മികവ് പ്രകടം.
കേരളത്തിലെ ക്രിമിനൽ ലോകത്തിൽ ഇരുട്ടിന്റെ മറപറ്റി നടക്കുന്ന രക്തച്ചൊരിച്ചിലുകളുടെയും അതിനു കുടപിടിക്കുന്ന രാഷ്ട്രീയ അധികാര വർഗങ്ങളുടെയും കഥയാണ് അണ്ടർവേൾഡ്. മലയാളത്തിൽ എന്നും വ്യത്യസ്തയാർന്ന പരീക്ഷണങ്ങൾക്കു ശ്രമിച്ചു വിജയിച്ചിട്ടുള്ള അരുൺ കുമാർ അരവിന്ദ് ഡാർക്ക് തീമിൽ ഒരുക്കിയ ക്രൈം ത്രില്ലർ. ദുൽക്കർ ചിത്രം കോമ്രേഡ് ഇൻ അമേരിക്കയുടെ രചന നിർവഹിച്ച ഷിബിൻ ഫ്രാൻസിസാണ് അണ്ടർവേൾഡിന്റെയും തിരക്കഥ. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങൾ. ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലറിനു ചേരുന്ന രചനാരീതി. സമകാലിക രാഷ്ട്രീയം പോലും അതിനു വഴിമരുന്നാകുന്നു. മികച്ചതാണ് ഷിബിന്റെ തിരക്കഥ.

ജി14 എന്റർടെയ്ൻമെന്റ്സ് നിർമിച്ച ചിത്രം വിതരണം ചെയ്യുന്നത് ഫ്രൈഡേ ഫിലിം ഹൗസാണ്. ആസിഫ് അലി, ലാൽ ജൂനിയർ എന്നിവർക്കൊപ്പം ഫർഹാൻ ഫാസിൽ, മുകേഷ്, മുത്തുമണി, സംയുക്ത മേനോൻ, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി , ശശാങ്കൻ, അരുൺ, ബിപിൻ... വൻ താരനിരയാണു ചിത്രത്തിൽ.
പ്രമേയം
വ്യത്യസ്തരായ നാലു ക്രിമിനലുകളുടെ കഥയാണ് അണ്ടർവേൾഡ്. ഓരോരുത്തരും അവരുടെ ജീവിതപശ്ചാത്തലത്തിൽ കുപ്രസിദ്ധരാണ്. പണത്തിനു വേണ്ടി ഇവർ നടത്തുന്ന കുടിലതന്ത്രങ്ങളുടെയും രക്തച്ചൊരിച്ചിലിന്റെയും കഥയാണ് അണ്ടർ വേൾഡ്. പദ്മനാഭൻ നായർ എന്ന രാഷ്ട്രീയക്കാരൻ 500 കോടി രൂപയുടെ അഴിമതിക്കു ജയിലിൽ ആകുന്നു. അയാൾ തന്റെ വിശ്വസ്തൻ സോളമനെയാണ് ആ പണം മുഴുവൻ ഏൽപിച്ചിരിക്കുന്നത്. പണം കൈവിട്ടു പോകുന്ന അവസ്ഥയിലാണ് പദ്മനാഭൻ.
എന്നാൽ ജയിലിൽ നിന്ന് അയാൾക്കു രണ്ടു ക്രിമിനലുകളെ ലഭിക്കുന്നു– സ്റ്റാലിൻ ജോണും മജീദും. പിതൃത്വം ഇല്ലാത്ത ആ പണം സ്വന്തമാക്കാൻ വേണ്ടി മൂവരും പദ്ധതിയിടുന്നു. തുടർന്നുണ്ടാകുന്ന രക്തരൂക്ഷിതമായ വഴിത്തിരിവുകളിലൂടെയാണു ചിത്രത്തിന്റെ യാത്ര. സ്റ്റാലിനായി ആസിഫ് അലിയും മജീദായി ഫർഹാനുമെത്തുന്നു. ലാൽ ജൂനിയറാണ് സോളമൻ. പദ്മനാഭനായി മുകേഷും.
അഭിനയം
അലസനായ പതിവ് ന്യൂജൻ നായകൻ പരിവേഷത്തിൽ നിന്നു മാറിനടക്കാനുള്ള അവസരമാണ് ചിത്രത്തിൽ ആസിഫ് അലിയെ കാത്തിരുന്നിരുന്നത്. സ്റ്റാലിൻ ജോൺ എന്ന നായകകഥാപാത്രം അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള വേഷം ഫർഹാനും ഭംഗിയാക്കി. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ ലാൽ ജൂനിയറും മികച്ചതാക്കിയിട്ടുണ്ട്. സംഘട്ടന രംഗങ്ങളുടെ പൂർണതയ്ക്കായി മൂവരും നന്നായി വിയർത്തിട്ടുണ്ട്.
ലാൽ സീനിയർ ചെയ്ത ചില കഥാപാത്രങ്ങളുടെ പ്രതിഫലനം മകനിലും കാണാം. പതിവ് കോമഡി ടച്ചുള്ള വേഷങ്ങളിൽ നിന്നു മുകേഷിന്റെ കഥാപാത്രവും വേറിട്ടുനിൽക്കുന്നുണ്ട്. പല ഘട്ടങ്ങളിലും കരുത്തുറ്റ, പേടിപ്പെടുത്തുന്ന ഒരു വില്ലന്റെ ശബ്ദം മുകേഷിൽ നിന്നുയരുന്നതു കാണാം. ആസിഫിനും ഫർഹാനും ലാൽ ജൂനിയറിനുമെല്ലാം ഇത്തരത്തിൽ നിർണായക അഭിനയ മുഹൂർത്തങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട് അരുൺ കുമാർ അരവിന്ദ്.
സാങ്കേതികത്തികവ്
മലയാളത്തിൽ അധോലോക ചിത്രങ്ങൾ പലപ്പോഴും ആവശ്യപ്പെടുന്നത് ചടുലമായ സംഘട്ടന രംഗങ്ങളും മികച്ച പശ്ചാത്തല സംഗീതവും മികവുറ്റ ഫ്രെയിമുകളുമാണ്. ഒരു ഡാർക്ക് തീമിലുള്ള കഥ ആവശ്യപ്പെടുന്ന പശ്ചാത്തലം ഒരുക്കുന്നതിൽ സാങ്കേതികമേഖലയിലെ മികവ് ശ്രദ്ധേയമാണ് ചിത്രത്തിൽ. ഫ്രെയിമുകളിൽ കൂടുതലും നിറഞ്ഞുനിൽക്കുന്നത് റെഡ് കളർ ടോൺ ആണ്. അതോടൊപ്പം സംഘട്ടന രംഗങ്ങളും തനിമയോടെ ചടുലമായി ദൃശ്യവത്കരിച്ചിരിക്കുന്നു. അലക്സ് ജെ. പുളിക്കലിന്റേതാണ് ഛായാഗ്രഹണം. ഒരു അധോലോക സിനിമയ്ക്കു വേണ്ട ഘടകങ്ങൾ ഓരോ ഫ്രെയിമിലും നിറച്ചിട്ടുണ്ട് അലക്സ്.
പശ്ചാത്തല സംഗീതവും കഥാഗതിയുടെ കയറ്റിറങ്ങൾക്ക് അനുസൃതമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഗാനങ്ങളും കലാസംവിധാനവും നിലവാരം പുലർത്തുന്നു. പ്രതാപ് രവീന്ദ്രനാണു കലാസംവിധാനം. ആക്‌ഷന്‍ ചിത്രങ്ങളോട് അത്രയേറെ സ്നേഹത്തോടെയല്ല പലപ്പോഴും പ്രണയവും അതിന്റെ നേർത്ത സംഗീതവും ചേരാറുള്ളത്. പക്ഷേ അണ്ടർ വേൾഡിൽ നേരെ മറിച്ചാണ്. ആക്‌ഷനൊപ്പം പ്രണയവും ചിത്രത്തിന്റെ ആവേശമാകുന്നു. സംഗീതം യക്സാൻ ഗാരി പെരേരയും നേഹ നായരും നിർവഹിച്ചിരിക്കുന്നു. സിനിമയ്ക്കാവശ്യമായ സാങ്കേതിക ചേരുവകളിൽ ‘ഫ്രഷ്നസ്’ തോന്നിപ്പിക്കാനുള്ള അരുണിന്റെ ശ്രമങ്ങളെല്ലാം വിജയം കണ്ടിട്ടുണ്ട്.
തന്റെ സിനിമകളിലെ ഓരോ രംഗവും തന്റെ ആഗ്രഹപ്രകാരം, അല്ലെങ്കിൽ പ്രേക്ഷകന്റെ ആവശ്യപ്രകാരം ഒരുക്കാൻ സംവിധായകൻ തന്നെ എഡിറ്ററാകുമ്പോൾ സാധിക്കും. അതിന്റെ ഗുണവും ‘അണ്ടർ വേൾഡിൽ’ കാണാം. ചിത്രത്തിന്റെ ട്രെയിലറുകളും ടീസറുകളും സമ്മാനിച്ച അതേ ത്രില്ലിങ് അനുഭവം തന്നെയാണ് തിയേറ്ററിലും പ്രേക്ഷകനെ കാത്തിരിക്കുന്നത്. അവതരണത്തിലും സാങ്കേതിക വശങ്ങളിലും പ്രതീക്ഷളേറെ പകരുന്നുണ്ട് ചിത്രം. ക്രൈം, വയലൻസ്, ത്രില്ലര്‍ ജോണറിലുള്ള ചിത്രങ്ങൾ ഇഷ്ടമുള്ളവർക്ക് വിരുന്നായിരിക്കും ‘അണ്ടർവേൾഡ്’.