മാസ്മരിക ബ്രില്യൻസുകളുടെ മരണമാസ്സ്; റിവ്യൂ Maranamass Review

Mail This Article
അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ ചിരിപ്പടമാണ് ‘മരണമാസ്സ്’. ഒരു ഫൺ കോമിക് കാരിക്കേച്ചർ രീതിയിൽ അവതരിപ്പിച്ചിട്ടുള്ള ചിത്രത്തിൽ മതിമറന്ന് ചിരിക്കാനുള്ള ധാരാളം രംഗങ്ങൾ ചിത്രത്തിലുണ്ട്. ട്രെയിലറും ടൈറ്റിൽ പോസ്റ്ററും കണ്ടപ്പോൾ മുതൽ പല ബ്രില്യൻസുകളും വ്യാഖ്യാനങ്ങളുമായി സിനിമാപ്രേമികൾ രംഗത്തെത്തിയിരുന്നു. 'ടൈറ്റിൽ പോസ്റ്ററിലെ പഴം, സ്പൂഫ് റഫറൻസുകൾ അടക്കം പലതിനും കൃത്യമായ സാധൂകരണം ചിത്രത്തിൽ നൽകിയിട്ടുണ്ട്.
ചിരിപ്പിക്കും പ്രമേയം
ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊല്ലുന്ന ഒരു സീരിയൽ കില്ലർ. അയാൾക്ക് 'ബനാന കില്ലർ' എന്ന പേര് ലഭിച്ചതിന് പിന്നിൽ കഥയുണ്ട്. പകൽ അയാൾ മറ്റൊരാളാണ്. ഒരാളും സംശയിക്കാത്ത വിധം സമൂഹത്തിൽ മാന്യമായ ജോലിയുമുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഒരു രാത്രിട്രിപ്പിൽ ബസ്സിൽ വച്ച് കണ്ടുമുട്ടുന്നു. ആ രാത്രിയിൽ വ്യത്യസ്ത സ്വഭാവങ്ങളുള്ള ഇവർക്കിടയിൽ ഒരു കുറ്റകൃത്യം നടക്കുന്നു. തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും വഴിത്തിരിവുകളുമാണ് ഹാസ്യത്തിന്റെ ട്രാക്കിലൂടെ ചിത്രം അവതരിപ്പിക്കുന്നത്.
രണ്ടു ലെയറുകളുള്ള കഥാഗതിയാണ് ചിത്രത്തിന്റെ സവിശേഷത. പ്രധാന കഥയ്ക്ക് സമാന്തരമായി ഫ്ലാഷ്ബാക്കിലേക്ക് പോകുന്ന വൈകാരികമായ മറ്റൊരു കഥാതലവും ചിത്രത്തിലുണ്ട്. പ്രേക്ഷകരെ വളരെ എൻഗേജ്ഡ് ആയി കൊണ്ടുപോകുന്ന ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുന്നത് ഒരു സൂപ്പർതാരത്തിന്റെ സർപ്രൈസ് കാമിയോ എൻട്രിയിലൂടെയാണ്. അതും തിയറ്ററിൽ ചിരിയുടെ പൂത്തിരി കത്തിക്കുന്നുണ്ട്. എന്നാൽ ആദ്യപകുതി വരെ ഉണ്ടായിരുന്ന ചലനാത്മകത രണ്ടാംപകുതിയിൽ പലയിടത്തും അൽപം മന്ദഗതിയിലാകുന്നുണ്ട്. എങ്കിലും കൃത്യമായ ഇടവേളകളിലെ വഴിത്തിരിവുകൾ കഥാഗതിയുടെ ഉദ്വേഗം ഉയർത്തുന്നു. ക്ളൈമാക്സിലേക്ക് അടുക്കുമ്പോൾ 'അതുവരെ കണ്ടതല്ല ശരിക്കുള്ള കഥ' എന്ന് വെളിവാക്കുന്ന ഒരു ‘ചുരുളഴിയൽ’ പ്രേക്ഷകരിൽ ചിരിയുണർത്തുമെന്നുറപ്പ്.
അമ്പരപ്പിക്കും അഭിനയം
കുടുംബങ്ങളും കുട്ടികളും ഇഷ്ടപ്പെടുന്ന ഒരു 'ജനപ്രിയ നായക'നിലേക്കുള്ള യാത്രയിലാണ് ബേസിൽ. ഓരോ സിനിമയിലും അഭിനയത്തിന്റെ പുതിയ സാധ്യതകൾ തേടിപ്പോവുകയാണ് അയാൾ. പൊന്മാനിലെ ഏറെ ചർച്ച ചെയ്യപ്പെട്ട ചങ്കൂറ്റമുള്ള, ഗൗരവക്കാരനായ പിപി അജേഷിൽ നിന്ന് മരണമാസ്സിലെ ഫ്രീക്കൻ പിപി ലൂക്കിലേക്ക് ഒരുപാട് ദൂരമുണ്ട്. രണ്ടു ദിശയിൽ സഞ്ചരിക്കുന്ന, രണ്ടു ഗെറ്റപ്പിലുള്ള കഥാപാത്രങ്ങൾ. സീരിയസ് റോളിൽനിന്ന് വീണ്ടും കോമഡി ട്രാക്കിലേക്ക് ഒരു ലാൻഡിങ്. നായികയായെത്തിയ അൻഷിമയും റോൾ ഭംഗിയാക്കിയിട്ടുണ്ട്.
ചിത്രത്തെ മുന്നോട്ടു നയിക്കുന്നത് രാജേഷ് മാധവന്റെ കഥാപാത്രമാണ്. അൽപം കോമിക് ടച്ചുള്ള സീരിയൽ കില്ലർ കഥാപാത്രം ചിരിയുണർത്തുന്നു. എന്നാൽ അയാൾ വെറും സൈക്കോ കില്ലറല്ല. 'എന്തിന് കൊല്ലുന്നു?' കൊല്ലുന്ന രീതിയുടെ കാരണമെന്ത്? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം അവസാനം വരെ ഒളിപ്പിച്ചു വയ്ക്കുന്നത് ചിത്രത്തിന്റെ സസ്പെൻസ് ലെവൽ ഉയർത്തുന്നുണ്ട്.
പതിവ് കോമഡി ട്രാക്കിൽനിന്നു വ്യത്യസ്തമായി അൽപം ഇമോഷനൽ ടച്ചുള്ള കഥാപാത്രമാണ് സിജു സണ്ണിയുടെ അരുവി. അതിലും വലിയൊരു 'അബദ്ധത്തിന്റെ ചിരി' അവസാനം ചിത്രത്തിൽ കരുതിവച്ചിട്ടുണ്ട്. ഒരുപാട് വിവാഹാലോചനകൾ മുടങ്ങിയ ശേഷം ഒരു ബന്ധം ഒത്തുകിട്ടിയ സന്തോഷത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡ്രൈവറാണ് സുരേഷ് കൃഷ്ണയുടെ ജിക്കു എന്ന കഥാപാത്രം. 'കൺവിൻസിങ് സ്‌റ്റാർ' സ്പൂഫ് റഫറൻസുകൾ കൊണ്ട് പുള്ളിയും ചിരിപ്പിക്കുന്നുണ്ട്.
വ്യത്യസ്ത ട്രീറ്റ്‌മെന്റ്
കണ്ടുമടുത്ത പതിവ് സീരിയൽ കില്ലർ സിനിമകളിൽനിന്നു വ്യത്യസ്തമായ ട്രീറ്റ്‌മെന്റ്. ഉദ്വേഗത്തിനിടയിലും ചിരിക്കുള്ള വക കഥാഗതിയിൽ ഉടനീളം തിരുകിവച്ചിട്ടുണ്ട്. മികച്ച മേക്കിങ് ക്വാളിറ്റി. സാങ്കേതികമായി ചിത്രം നല്ല നിലവാരം പുലർത്തുന്നു. എണ്ണം പറഞ്ഞ നല്ല ഫ്രെയിമുകൾ, എഡിറ്റിങ്, ചിരിയുടെ മേമ്പൊടി വിതറുന്ന പശ്ചാത്തലസംഗീതം എന്നിവ ആസ്വാദ്യത നിറയ്ക്കുന്നു. കഥാഗതിയിൽ അത്ര പ്രസക്തമല്ലാത്ത ചില കഥാപാത്രങ്ങൾ കല്ലുകടിയായി അനുഭവപ്പെടാം. രണ്ടാംപകുതിയിൽ അൽപം വലിച്ചുനീട്ടലുണ്ടെങ്കിലും സിനിമ മുഴുവൻ ചിരിക്കാനുള്ളതുകൊണ്ട് അത് വലുതായി അനുഭവപ്പെടില്ല.
നിലവാരമുള്ള മേക്കിങ്
രാത്രിയിലാണ് ചിത്രത്തിന്റെ കഥ കൂടുതലും പുരോഗമിക്കുന്നത്. അത് മിഴിവോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഛായാഗ്രഹണത്തിന്റെ മികവ് എടുത്തുപറയണം. സൈക്കോ കില്ലർ നായാട്ടിനിറങ്ങുന്ന, ഭീതി ജനിപ്പിക്കുന്ന ചില സീനുകൾ, ഫ്രെയിമുകൾ ഒക്കെ കവിത പോലെ സുന്ദരമാണ്. ചിത്രം മൊത്തത്തിൽ (വിശേഷിച്ച് ആദ്യപകുതി) പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ കൃത്യമായ എഡിറ്റിങ്ങിനും ക്രഡിറ്റുണ്ട്. നായകനും നായികയും ആടിപ്പാടുന്ന രംഗങ്ങൾ ഇല്ലെങ്കിലും കഥാഗതിയിലെ മാറ്റങ്ങൾക്ക് അകമ്പടിയേക്കുന്നത് ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്. പ്രൊമോ ആയി ഇറക്കിയ കില്ലർ ആന്തം, ഫ്ലിപ് സോങ് എന്നിവ സമൂഹമാധ്യമത്തിൽ ഹിറ്റാണ്.
ഒരിടവേളയ്‌ക്കുശേഷം തിയറ്ററിൽ പൊട്ടിച്ചിരികൾ തിരികെക്കൊണ്ടുവന്നതിന് മരണമാസ്സിന് ക്രെഡിറ്റ് എടുക്കാം. മലയാളത്തിൽ കുറച്ചുകാലമായി സീരിയൽ കില്ലർ സിനിമകളുടെ വേലിയേറ്റമാണ്. അതിൽത്തന്നെ പുതുമയുള്ള അവതരണമാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ചുരുക്കിപ്പറഞ്ഞാൽ ചിരിച്ചുകൊണ്ടുകാണാവുന്ന ഒരു ത്രില്ലർ. ലോജിക്കിന്റെ ഭാരമോ മുൻവിധികളോ ഇല്ലാതെ കണ്ടാൽ ചിത്രം പ്രേക്ഷകർക്കും രസമുള്ള അനുഭവമായിരിക്കും.