ADVERTISEMENT

മല കാക്കുന്നോന്റെ ദീപാരാധന കണ്ടു തൊഴുത സുഖമാണ് ആ പാട്ടുകള്‍ കേൾക്കുമ്പോൾ. പമ്പവിളക്കുപോലെ അത് എല്ലാക്കാലത്തും ഒഴുകി നടന്നു. സംഗീതത്തിലൂടെ ശബരിമലയെ അനുഭവിപ്പിച്ച പാട്ടുകളായിരുന്നു തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ വാല്യം ആറ്. അങ്ങനെ യേശുദാസിലൂടെ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി-ഗംഗൈ അമരന്‍ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകള്‍ പുതുതലമുറയ്ക്കും സുപരിചിതം. വൃശ്ചികക്കുളിരു പോലെ ഇന്നും അത് നമുക്ക് അനുഭൂതിയാകുന്നു.

മലയാള ഭക്തിഗാന ചരിത്രത്തിലെ തന്നെ വിസ്മയിപ്പിക്കുന്ന കച്ചവട ചരിത്രമാണ് ഈ ആല്‍ബത്തിനു പറയാനുള്ളത്. പാട്ടുകള്‍ ഒന്നിനൊന്നു മെച്ചം. വ്യത്യസ്തതയ്ക്കൊപ്പം ഓരോ പാട്ടിലും നിറഞ്ഞു നില്‍ക്കുന്ന ഭക്തിരസം. അങ്ങനെ പുതുമ തേടിയതുകൊണ്ടാകാം ‘ഉണര്‍ന്നെത്തിടും’ എന്ന പാട്ടിനും പറയാനൊരു കഥയുള്ളത്.

 

ഉണര്‍ന്നെത്തിടും ഈ ഉഷസ്സാണു സത്യം

എനിക്കെന്നുമാലംബമെന്‍ മണികണ്ഠന്‍

kj-yesudas

 

കമ്യൂണിസവും വിശ്വാസവും അത്രചേര്‍ന്നു പോകാത്ത കൂട്ടുകളാണെന്നു പറയുന്നവര്‍ ഈ പാട്ടിന്റെ കഥയൊന്നറിയണം. ഒരിത്തിരി വിപ്ലവത്തിന്റെ ആവേശവും ഭക്തിയുടെ നൈര്‍മല്യവുമുണ്ട് ഈ പാട്ടിന്. ഇതെങ്ങനെ പാട്ടിലേക്ക് ആവാഹിച്ചുവെന്നു ചോദിച്ചാല്‍, പ്രതിഭകളുടെ പ്രതിഭാസം എന്നു മാത്രമാകും മറുപടി.

 

തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ തുടര്‍ച്ചയായി ഹിറ്റുകളായ കാലം. യേശുദാസിന്റെ പ്രത്യേക താല്‍പര്യം തന്നെയായിരുന്നു അതിന്റെ പ്രധാന കാരണം. ഹൃദയം കൊണ്ടുള്ള ഇഷ്ടം കൊണ്ടുതന്നെയാണ് യേശുദാസ് 1986 ല്‍ പുറത്തിറങ്ങിയ വാല്യം ആറിലെ പാട്ടുകള്‍ ഒരുക്കാന്‍ ചൊവ്വല്ലൂരിനെ വിളിക്കുന്നത്. ആ അപ്രതീക്ഷിതമായ വിളിയില്‍ ചൊവ്വല്ലൂരിന്റെ മനസ്സിലത്രയും ആവേശമായി. ഗംഗൈ അമരന്‍ തമിഴില്‍ പ്രതാപത്തിലേക്ക് എത്തിയ കാലവുമാണ്. അത്ര പരിചിതമല്ലാത്ത ഭാഷയില്‍ പാട്ടുകള്‍ ഒരുക്കുമ്പോള്‍ ജാഗ്രതയോടെ തന്നെ നീങ്ങണമെന്ന ചിന്ത ഗംഗൈ അമരനുമുണ്ട്.

 

ട്യൂണിനനുസരിച്ചാകണം പാട്ടെഴുതേണ്ടതെന്നു ചിന്തിച്ച ചൊവ്വല്ലൂരിനെ ഗംഗൈ അമരന്‍ ഞെട്ടിച്ചു. വരികളില്‍നിന്നു സംഗീതമുണ്ടാകണം, അതുകൊണ്ട് ആദ്യം വരികള്‍ വരട്ടെയെന്ന് ഗംഗൈ അമരന്‍ തീര്‍ത്തു പറഞ്ഞു. വ്രതശുദ്ധിയോടെ ചൊവ്വല്ലൂര്‍ പാട്ടുകളെഴുതി. ആദ്യം ആ വരികള്‍ യേശുദാസിനു തന്നെ വായിക്കാന്‍ നല്‍കും. യേശുദാസ് ഓരോ വരിയും പുഞ്ചിരിയോടെ വായിച്ചു. പിന്നെയത് നേരെയെത്തുക ഗംഗൈ അമരന്റെ കൈകളിലേക്ക്.

 

ഓരോ പാട്ടെഴുതി നല്‍കുമ്പോഴും ഗംഗൈ അമരന്‍, ഈ വരികളെഴുതുമ്പോള്‍ മനസ്സില്‍ തോന്നിയ ട്യൂണ്‍ ഏതെന്നു ചൊവ്വല്ലൂരിനോട് ചോദിക്കും. ആദ്യമൊക്കെ മടിച്ചെങ്കിലും ചൊവ്വല്ലൂര്‍ തന്റെ മനസ്സില്‍ തോന്നുന്ന ട്യൂണില്‍ പാടി കേള്‍പ്പിക്കാന്‍ തുടങ്ങി. അങ്ങനെ ആ ട്യൂണ്‍ മൂന്നിലേറെ തവണ ഗംഗൈഅമരന്‍ കേള്‍ക്കും. ഓരോ വരിയുടെയും അർഥം കൃത്യമായി മനസ്സിലാക്കും. പിന്നെ കണ്ണുകളടച്ച് ഒരു ധ്യാനമാണ്. അത് ചിലപ്പോള്‍ 15 മിനിറ്റോളം നീളും. ഒരു ശരണം വിളിയോടെ ഗംഗൈ അമരന്‍ കണ്ണുകള്‍ തുറന്നാല്‍ പാടിത്തുടങ്ങും. വാല്യം ആറിലെ പാട്ടുകളൊക്കെയും പിറന്നത് അങ്ങനെയാണ്.  

 

ചൊവ്വല്ലൂര്‍ ഓരോ പാട്ടെഴുതുമ്പോഴും ഗംഗൈ അമരനു മുന്നില്‍ പാടാനും തയാറെടുത്തു. അങ്ങനെ ഓരോ പാട്ടും എഴുതിയത് ചില സന്ദര്‍ങ്ങള്‍ രൂപപ്പെടുത്തിയാണ്. ഗംഗൈ അമരനു മുന്നില്‍ മൂളണം എന്നതുകൊണ്ടുതന്നെ വരികള്‍ക്കൊപ്പം ഉള്ളില്‍ തോന്നുന്ന സംഗീതത്തിനും അദ്ദേഹം പുതുമ തേടിക്കൊണ്ടിരുന്നു.

 

‘ഉണര്‍ന്നെത്തിടും ഈ ഉഷസ്സാണ് സത്യ’മെന്ന പാട്ടെഴുതുമ്പോള്‍ ചൊവ്വല്ലൂര്‍ മനസ്സില്‍ കണ്ടത് ഒരു വിപ്ലവഗാനത്തിന്റെ ചടുലതയായിരുന്നു. അതിന്റെ താളം മനസ്സില്‍ കണ്ടാണ് ഈ പാട്ടെഴുതി പൂര്‍ത്തിയാക്കിയത്. ഗംഗൈ അമരന് വരികള്‍ നല്‍കുമ്പോഴും അത് ഓര്‍മപ്പെടുത്തി. ഒരു പുഞ്ചിരിയോടെ അദ്ദേഹമത് കേട്ടെങ്കിലും ചൊവ്വല്ലൂര്‍ അത് വിശദമാക്കി. ഒരു മുദ്രാവാക്യം വിളിയുടെ ശക്തിയും ഊര്‍ജവും ചേര്‍ത്ത് ആ വരികള്‍ പാടിത്തുടങ്ങി. ഇതൊരു കൗതുകം മാത്രമല്ലെന്നും ഇതില്‍ കാര്യമുണ്ടെന്നും ഗംഗൈ അമരനും പിടികിട്ടി. പതിവുപോലെ ധ്യാനത്തിനൊടുവില്‍ ഗംഗൈ അമരന്‍ പാടി തുടങ്ങി. ' ഉണര്‍ന്നെത്തിടും ഈ ഉഷസ്സാണ് സത്യം'... പാട്ടിലെവിടെയൊക്കെയോ ആ നിഴല്‍ ഇപ്പോഴുമുണ്ടെന്ന് പില്‍ക്കാലത്ത് ചൊവ്വല്ലൂരും പറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com