'നട നട...' പാട്ട് അവിയൽ ബാൻഡിൽ എത്തിയതെങ്ങനെ? ഡ്രമ്മർ റിയാസ് പറയുന്നു

Mail This Article
കരിമാനത്താട്ടം കണ്ട് പീലി നിവർത്തിയതാര്
തുടി കൊട്ടി മഴ പെയ്യുമ്പം കുഴലൂതണതാര്
ആരായാലും ആരാനായാലും
അങ്ങേക്കൊമ്പിലെ ഇങ്ങേക്കൊമ്പിലെ
മയിലായാലും കുയിലായാലും
നട നട നട നട നട
ചെറുപ്പക്കാരുടെ ഇടയിൽ തരംഗം സൃഷ്ടിച്ച പാട്ടാണ് അവിയൽ ബാൻഡിലൂടെ പ്രശസ്തമായ നട നട പാട്ട്. ന്യൂജെൻ പിള്ളേർ ഒരു ആൻതം പോലെ ആഘോഷിച്ച പാട്ട്. അവിയൽ ബാൻഡിലൂടെയാണ് താളത്തിന്റെ ലഹരി നിറച്ച് നട നട പാട്ടും, ചെക്കേലടിക്കും മുൻപെ എന്ന ഗാനവും ശ്രോതാക്കളിലേയ്ക്ക് ഒഴുക്കിപ്പരന്നത്. എന്നാൽ, യഥാർഥത്തിൽ ആ പാട്ട് പിറന്നത് മറ്റൊരു ബാൻഡിലായിരുന്നു. മലയാളം റോക്ക് ഗാനങ്ങൾക്ക് ഇത്രയേറെ ജനപ്രീതി ഇല്ലാതിരുന്ന കാലത്ത് രൂപീകരിച്ച 'ജിക്സോ പസിൽ' എന്ന ബാൻഡിൽ! റിയാസ് മുഹമ്മദും ആനന്ദ് രാജും ജോൺ പി. വർക്കിയുമായിരുന്നു ജിക്സോ പസിലിന്റെ അമരക്കാർ. ജിക്സോ പസിൽ ഒരുക്കിയ ഗാനങ്ങൾ അവിയൽ ബാൻഡിലൂടെ ചെറുപ്പക്കാരുടെ ഇടയിൽ ഹരമായി മാറിയതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് ഡ്രമ്മർ റിയാസ്.
ഞങ്ങളുടെ പാട്ട് ഹിറ്റാക്കിയത് അവിയൽ ബാൻഡ്
‘22 വർഷങ്ങൾക്കു മുൻപാണ് ഞാനും ജോണും ആനന്ദും ചേർന്ന് സംഗീതബാൻഡ് ആരംഭിച്ചത്. അക്കാലത്ത് ഞങ്ങൾ ചെയ്യുന്ന പാട്ടുകൾ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ ഞങ്ങൾ മൂന്നു പേരും മൂന്നു വഴിക്കു പിരിഞ്ഞു. ഗിറ്റാറിസ്റ്റ് ജോൺ സ്വീഡനിൽ പോയി താമസമാരംഭിച്ചു. ഞാൻ ആർക്കിടെക്റ്റ് ആണ്. അന്ന് ഞാൻ ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഞങ്ങൾ മൂന്നു പേരും ഉണ്ടെങ്കിൽ മാത്രം ബാൻഡ് നിലനിർത്താനായിരുന്നു തീരുമാനം. ഒരാൾ പോയാൽ പകരം മറ്റൊരാളെ കണ്ടെത്താനോ ഒപ്പം ചേർക്കാനോ ഞങ്ങൾ താത്പര്യപ്പെട്ടില്ല. ബാൻഡ് നിർത്തിയെങ്കിലും ഞങ്ങളുടെ ഗായകൻ ആനന്ദ് സംഗീതത്തിൽ തന്നെ നിലയുറപ്പിക്കാൻ തീരുമാനിച്ചു.
ഒരു ദിവസം ആനന്ദും അവന്റെ കുറച്ചു സുഹൃത്തുക്കളും വന്ന് ഞങ്ങൾ അന്നു ചെയ്ത പാട്ടുകൾ അവരുടെ ബാൻഡിലേയ്ക്ക് എടുത്തോട്ടെ എന്നു ചോദിച്ചു. ഞങ്ങൾ യാതൊരു മടിയും കൂടാതെ സമ്മതിക്കുകയും ചെയ്തു. ഞങ്ങളുടെ പൂർണ സമ്മതത്തോടെ ചെയ്തതിനാൽ തന്നെ അവിയൽ ബാൻഡും ഞങ്ങളും തമ്മിൽ യാതൊരു തർക്കവുമില്ല. അതു മാത്രമല്ല, ഞങ്ങൾ തമ്മിൽ സൗഹൃദവും ഉണ്ട്. അവിയൽ ടീമിലെ ഗായകൻ ടോണി ഞങ്ങളുെട ഒരു വിഡിയോയിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങളും അവരും തമ്മില്‍ അടുത്ത ബന്ധം തന്നെയാണ്. ആനന്ദ് തന്നെയാണ് അവിയൽ ടീമിലും നട നട എന്ന ഗാനം ആലപിച്ചിട്ടുള്ളത്. അവിയൽ ബാൻഡിനോട് ഞങ്ങൾക്ക് എന്നും സ്നേഹമാണ്. കാരണം ഞങ്ങളുടെ പാട്ട് ശ്രദ്ധിക്കപ്പെട്ടത് അവിയലിലൂടെയാണ്’, റിയാസ് പറഞ്ഞു.
മല്ലു കഫെയിലൂടെ പഴയ പതിപ്പ്
ഇപ്പോൾ മല്ലു കഫെ സമൂഹമാധ്യമ കൂട്ടായ്മയുടെ ലേബലിൽ ജിക്‌സോ പസിൽ മ്യൂസിക് ബാൻഡ് നടനട ഗാനത്തിന്റെ യഥാർഥ പതിപ്പ് മലയാളികൾക്കു മുന്നിലേക്ക് പുതിയ ദൃശ്യമികവോടെ അവതരിപ്പിക്കുകയാണ്. പാട്ടിന്റെ അണിയറപ്രവർത്തകർക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല എന്ന ബോധ്യത്തിൽ നിന്നാണ് മല്ലുകഫെ പാട്ടിന്റെ യഥാർഥ പതിപ്പ് റിലീസ് ചെയ്തത്. ജിക്‌സോ പസിലിന്റെ സംഗീത പരിപാടികൾ ചാനലുകളിൽ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഗാനരചന ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും സംഗീതം ജോൺ.പി.വർക്കിയുമാണ് നിർവിച്ചത്. വർഷങ്ങൾക്കു മുൻപ് നടത്തിയ റോക് പരീക്ഷണം ജനകീയമായില്ലെങ്കിലും ഇപ്പോൾ ന്യൂ ജെനറേഷൻ ബാൻഡിലൂടെ പാട്ട് ശ്രദ്ധിക്കപ്പെട്ടതിൽ ജിക്സോപസിൽ ബാൻഡ് അംഗങ്ങളും സന്തോഷത്തിലാണ്.
English Summary: Nada nada song original verison released