ADVERTISEMENT

ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേനിന്നെ തഴുകാനായി കുളിർക്കാറ്റിൻ കുഞ്ഞികൈകൾ..

ഓണമെന്നു പറഞ്ഞാൽ.. ഓണപ്പാട്ടെന്നു പറഞ്ഞാൽ നമുക്കിപ്പോൾ ഈ പാട്ടുമാത്രമാണെന്നാണ് ഏറ്റവും  പുതിയ തലമുറ പറയുന്നത്. ഓണമിങ്ങെത്തും തോറും അവരുടെ വാട്സാപ് സ്റ്റാസുകളടക്കമുള്ള ആഘോഷങ്ങളിൽ ഇനി ഈ പാട്ടു നിറയും.കുറച്ചു മുതിർന്ന തലമുറയ്ക്കാകട്ടെ...

 

പൂവിളി പൂവിളി പൊന്നോണമായി..

നീവരൂ നീവരൂ പൊന്നോണത്തൂമ്പീ...

ഈ പൂവിളിയിൽ 

മോഹം പൊന്നിൻ മുത്തായ് മാറ്റും പൂവയലിൽ 

നീ വരൂ ഭാഗം വാങ്ങാൻ.. സലിൽ ചൗധരി, ശ്രീകുമാരൻ തമ്പി കൂട്ടുക്കെട്ടിൽ പിറന്ന് യേശുദാസ് പാടിയ വിഷുക്കണി എന്ന ചിത്രത്തിലെ  ഗാനം കേൾക്കാതെ ഒരു ഓണവും ഇപ്പോൾ നമ്മെ കടന്നു പോകാറില്ല. അവിടന്ന് അൽപം കൂടി നീങ്ങിയാലോ

 

ഓണപ്പൂവേ.. പൂവേ പൂവേ പൂവേ

ഓമൽ പൂവേ പൂവേ പൂവേ 

നീ തേടും മനോഹര തീരം

ദൂരേ മാടി വിളിപ്പൂ.. ഇതാ... ഇതാ... ഒഎൻവി–സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്ന യേശുദാസ് പാടിയ ഗാനം ഇറങ്ങിയത് 1978ലാണ്. ഓരോ തവണ കേൾക്കുമ്പോഴും അതേ പുതുമ നിലനിർത്താൻ സാധിക്കുന്ന ഗാനമാണിതെന്നതിൽ തർക്കവുമില്ല. പക്ഷേ, ഒന്നാലോചിച്ചു ബാക്കിയുള്ള വരികൾ ശ്രദ്ധിച്ചാൽ നമുക്കു മനസ്സിലാകും. ഓണപ്പൂവേ എന്നൊരു പദമുണ്ടെന്നതൊഴിച്ചാൽ അത്രത്തോളം ഓണവുമായി ബന്ധമുണ്ടോ ഈ പാട്ടിനെന്ന്. അത്രയൊക്കെ ചലച്ചിത്ര ഗാനങ്ങളെ സാധാരണ നമ്മൾ ഓണത്തിന് ഓർക്കാറൊള്ളൂ എന്നാണ് ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഒരു കൂട്ടം കുട്ടികൾ പറയുന്നത്. ആകാശവാണിയിൽ അവതരിപ്പിക്കുന്നത് കൊണ്ടാണ് ഇത്രയെങ്കിലും ഓർക്കാൻ സാധിക്കുന്നതെന്നാണ് അവരുടെ പക്ഷം. അതിൽ കൂടുതൽ ഗാനങ്ങളൊക്കെയുണ്ടോയെന്നു ചോദിക്കാനും മടിയില്ലാതാകുന്നു കാലത്തിന്. അതങ്ങനെ കണ്ടില്ലെന്നു വയ്ക്കരുതല്ലോ? അത്രയ്ക്കു പഞ്ഞമൊന്നുമില്ല മലയാള സിനിമയിൽ ഓണപ്പാട്ടുകൾക്ക്. പുതിയ തലമുറ കേൾക്കാതെ പോകുന്ന, അല്ലെങ്കിൽ കേട്ടെങ്ങോ മറന്നു പോയ ചില ഗാനങ്ങൾ ഓർമപ്പെടുത്തകയാണിവിടെ. അപ്പോൾ തീരുമാനിച്ചോളൂ. ഇത്തവണ സ്റ്റാറ്റസിടുന്നത്.. അല്ലെങ്കിൽ ഓണത്തിന് പാടിത്തകർക്കുന്നത് ഒരു പുതിയ പഴയ ഗാനമാകട്ടെ.. എല്ലാവരും ഒന്നു ഞെട്ടട്ടെ... എന്താ? 

 

പൊന്നിൻ ചിങ്ങത്തേരു വന്നു

പൊന്നമ്പല മേട്ടിൽ 

പൊന്നോണ പാട്ടുകൾ പാടാം

പൂനുള്ളാം പൂവണി വയ്ക്കാം

പൊന്നൂലാഞ്ഞാലാടിടാം സഖിമാരേ... 1973ൽ ഇറങ്ങിയ എ.ബി.രാജ സംവിധാനം ചെയ്ത  ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന ചിത്രത്തിലെ ഗാനമാണിത്. ശ്രീകുമാരൻ തമ്പിയുടെ രചനയ്ക്ക് വി.ദക്ഷിണാമൂർത്തിയുടെ സംഗീതം. പി.ലീലയുട ശബ്ദ സൗന്ദര്യത്തിൽ പിറന്ന ഗാനം. ഓണത്തിന്റെ സൗന്ദര്യം വിളിച്ചോതുന്ന വരികളാണ് തുടർന്നങ്ങോട്ട്.

 

ഓണം വന്നേ പൊന്നോണം വന്നേ

ഓണം വന്നേ പൊന്നോണം വന്നേ

മാമല നാട്ടിലെ മാവേലിനാട്ടിലെ

മാലോർകർക്കുത്സവ കാലം വന്നേ... കെ.ജി.രാജശേഖരന്റെ സംവിധാനത്തിൽ 1978ൽ ഇറങ്ങിയ  വെല്ലുവിളി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ബിച്ചു തിരുമലയുടെ വരികൾക്ക് എം.എസ്.വിശ്വനാഥന്റെ സംഗീതം. ബിച്ചു തിരുമല, പി.ജയചന്ദ്രൻ, അമ്പിളി, കെ.പി.ചന്ദ്രമോഹൻ തുടങ്ങിയവർ ചേർന്ന് ആലപിച്ച ഈ ഗാനം ഓണം എന്ന ആഘോഷത്തിന്റെ ഉത്സാഹവും സന്തോഷവും അതേപടി മനസ്സിലേക്കു പകരുന്നു. അതേസമയം ഔണത്തിനു പിന്നിലുള്ള ഐതിഹ്യം തുടർന്നുള്ള വരികളിൽ വിവരിക്കുന്നുമുണ്ട്. കുടവയറൻ ഓണത്തപ്പനും, മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനനും, സദ്യയും അത്തച്ചമയും തുടങ്ങി ഓണം പൂർണമായും ആവിഷ്കരിച്ചിരിക്കുന്ന വരികളാണിത്.

 

പൂത്തുമ്പീ പൂവൻത്തുമ്പീ

നീയെന്തേ തുള്ളാത്തൂ 

പൂവു പോരാഞ്ഞാ 

പൂക്കുല പോരാഞ്ഞോ

നീയെന്തേ തുള്ളാത്തൂ.. തുള്ളാത്തൂ.. തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1976ൽ ഇറങ്ങിയ സർവേ കല്ല് എന്ന ചിത്രത്തിലെ ഗാനം. ഒഎൻവി–ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം ആലപിച്ചത് യേശുദാസും പി.മാധുരിയും ചേർന്നാണ്. ഒരു കാലത്ത് ആളുകൾ പാടി നടന്നിരുന്ന ഗാനമായിരുന്നു ഇത്. ഇതു പോലെ എത്രയെത്ര ഗാനങ്ങൾ മലയാളത്തിന്റെ തനതു മണവും പഴമയും ഉൾക്കൊണ്ടിറങ്ങിയിട്ടുള്ളത്. ഇത്തരത്തിൽ ഒരു കാലത്ത് നാടിനാഘോഷമായിരുന്നു  അക്കാലത്തെ യുവതലമുറ പാടി കൊണ്ടു നടന്ന ഒരു ഗാനം1 982 ൽ ഇറങ്ങിയ ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിൽ പി.ഭാസ്കരൻ–ജോൺസൺ കൂട്ടുകെട്ടിൽ പിറന്ന യേശുദാസ് പാടിയ ഒരു ഗാനമാണ് മാവേലിക്കും പൂക്കളം. 

 

മാവേലിക്കും പൂക്കളം

മാതേവനു ംപൂക്കളം

മലയാളക്കരയാകെ വർണപ്പൂക്കളം

ആഹാ..മണ്ണിലും വിണ്ണിലും  മണിപ്പൂക്കളം എന്ന ഗാനം. ..ജോൺസന്റെ സംഗീതത്തിന്റെ മാന്ത്രികത കൊണ്ട് ഇത്തരത്തിൽ ആവേശമായെത്രയെത്ര  പാട്ടുകളുണ്ട് മലയാളത്തിൽ . ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന  ഭരതൻ ചിത്രത്തിൽ  ഗാനഗന്ധർവുനം ലതികയും ചേർന്നു പാടിയ ഒ.എൻ.വി.വരികൾ നമ്മളിതു പോലെ എത്രതവണ പാടി നടന്നതാണല്ലേ?അവയൊന്നോർത്തെടുക്കുന്നത് പഴയകാല ഓണാഘോഷത്തെ നമുക്കടത്തേക്ക് വിളിച്ചിരുത്തുന്നതു പോല സുഖകരമാണ്.  

 

പൂവേണം പൂപ്പട വേണം  പൂവിളി വേണം

പൂണാരം ചാർത്തിയ കന്നിപ്പൂമകൾ വേണം

കുന്നത്തെ കാവില് നിന്നും തേവര്

താഴെയെഴുന്നള്ളുന്നേ..

ഓലോലം മഞ്ചിൽമൂളി പോരുന്നുണ്ടേ..

മൂളിപ്പോരുന്നുണ്ടേ... ഒഎൻവിയുടേതായി തന്നെ മലയാള ചലച്ചിത്ര ഗാനശാഖയിൽ ഒട്ടേറെ ഓണപ്പാട്ടുകളുണ്ട്... എത്ര കേട്ടാലും ഈ ഗാനങ്ങൾ പോലെ 

 

ആവണി പൊന്നൂഞ്ഞാലിൽ 

ആടി വാ കിളിപ്പെണ്ണേ

പൂവായ പൂവെല്ലാം ചൂടി വാ

കിളിപ്പെണ്ണേ.. ആടിവാ

കുറുമൊഴി ചൂടി വാ (1978– ഓണപ്പുടവ,എം.ബി.ശ്രീനിവാസ് സംഗീതം, പാടിയത് വാണിജയറാം) 

 

ഒന്നാം തുമ്പീ നീയോടിവാ

പൊന്നു തേനും നീ കൊണ്ടുവാ

ഉണ്ണിച്ചൊടിയിൽ പൊൻപൂ വിടർത്തും

ഉണ്ണിക്കിനാവിൻ സംഗീതമായ് വാ (സമയില്ലാ പോലും –യു.പി.ടോമി) സംഗീതം സലിൽ ചൗധരി, പാടിയത് പി.സുശീല

 

 

അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി

തന്നനം പാടി പൊന്നൂഞ്ഞാലിലാടി

തെന്നേല വാ.. ഓന്നാനാം കുന്നിലേറി വാ... (1985 പുന്നാം ചൊല്ലി ചൊല്ലി സംഗീതം ജെറി അമൽദേവ്,പാടിയത് യേശുദാസ്, ചിത്ര)

 

 

പൊന്നാവണിവെട്ടം തിരുമുറ്റംമെഴുകുന്നു

മന്ദാരത്തുനിഴലവിടെ കളം വരയ്ക്കുന്നു

കയ്യിൽപ്പൂക്കുല തുള്ളിത്തുള്ളി 

കളത്തിലാടുവതാരോ എൻ 

കുളിരമ്പിളി നീയാരാരോ (1991– മുഖചിത്രം, സംഗീതം മോഹൻസിതാര–യേശുദാസ്) 

 

 

പാതിരാക്കിളി വരൂ പാൽക്കടൽക്കിളി

നേരമായിതാ തിരുവോണമായിതാ

ആടിയാടിവാ പുലർമേടിറങ്ങി വാ

പൂവുനുള്ളി വാ.. മലർക്കാവിലൂടെ വാ..

കാറ്റിലാടുമീ.. മുളംകാട്ടിനുള്ളിലും 

ഓണിവില്ലു നീ മുഴങ്ങുന്നു (1992 കിഴക്കൻ പത്രോസ്, സംഗീതം–എസ്.പി.വെങ്കിടേഷ്, പാടിയത് യേശുദാസ്) 

 

 

അത്തപ്പൂ  ചിത്തിരപ്പൂ

അക്കരെയിക്കരെ പൂക്കാലം

മല്ലിപ്പൂ മാലതിപ്പൂ

പുത്തൻപെണ്ണിനു പൂത്താലം (1965–കാട്ടുപൂക്കൾ, സംഗീതം ജി.ദേവരാജൻ, പാടിയത്–സുശീല)

 

 

അങ്ങനെ എത്രയെത്ര വരികൾ. ഇതിനു പുറമേ എത്ര എത്ര പാട്ടുകളുടെ അനുപല്ലവിയിലും മറ്റുമായി ഓണക്കാഴ്ച ഒരുക്കിയിട്ടുണ്ട് ഒഎൻവി കുറുപ്പെന്ന കവി. അവയോരോന്നും മലയാളിയുടെ ചുണ്ടിൽ  എത്ര ഓടിനടന്നവയാണ്. 

 

 

അത്തപ്പൂ ചിത്തിരപ്പൂ..

തൃത്താപ്പൂ ചൂടിവായോ

അന്നലിട്ട പൊന്നൂഞ്ഞാലിൽ 

ആടിപ്പാടാം തോഴിമാരെ– രാഗം താനം പല്ലവി എന്ന ചിത്രത്തിനായി എ.പി.ഗോപാലൻ എഴുതി. എം.കെ.അർജുനൻ സംഗീതസംവിധാനം നിർവഹിച്ച ഗാനമാണിത്. ഒന്നു നൃത്തം ചെയ്യാൻ. ഒരു തിരുവാതിരക്കളിക്ക് മനസ്സും മെയ്യും അറിയാതെ തയാറെടുക്കുന്നുണ്ട് ഈ പാട്ടു കേൾക്കുമ്പോൾ. പക്ഷേ.. ചില ഓണപ്പാട്ടുകൾ ഗൃഹാതുരത കൊണ്ടോ മറ്റോ കണ്ണു നനയ്ക്കുന്നതും പതിവാണ്. 

 

ഓണത്തുമ്പീ പാടൂ

ഓരോ രാഗം നീ

ഓർമകൾ മേയും കാവിൽ 

ഒരു തിരി വയ്ക്കൂ നീ

മിഴികൾ വിടർത്താൻ 

മൊഴികൾ പടർത്താൻ വാ

മധുമഴ നനയാൻ വാ

മധുമഴ നനയാൻ വാ... 1997ൽ ഇറങ്ങിയ സൂപ്പർമാൻ എന്ന ചിത്രത്തിനായി എസ്.പി.വെങ്കിടേഷിന്റെ സംഗീതത്തിൽ എസ്.രമേശൻ നായർ  ഒരുക്കിയ ഗാനം. ഒരേസമയം ഗൃഹാതുരതയും തടയാനാവാത്ത വിധം ഉള്ളിലെവിടെയോ വേദനയും നിറയ്ക്കുന്ന ഈ ഗാനം പാടിയത് യേശുദാസാണ്. മനസ്സുതുറന്ന് ആഘോഷങ്ങൾ സാധ്യമാക്കാതെ ഈ കെട്ടകാലത്ത് മനസ്സിനോട് ഈ പാട്ട്  ഏറെ അടുത്തു നിൽക്കുന്നതിൽ അദ്ഭുതപ്പെടാനാവില്ല..

 

 

ഓണവെയിൽ ഓളങ്ങളിൽ 

താലിക്കെട്ടും നേരം 

മറിമാൻകിടാവേ നീയകലെ

മാറി നിൽക്കാനെതന്തേ.. ബോംബേ മാർച്ച് 12 എന്ന ചത്രത്തിൽ റഫീക്ക് അഹമ്മദ് എഴുതി അഫ്സൽ യൂസഫ് സംഗീത സംവിധാനം നിർവഹിച്ച  എം.ജി.ശ്രീകുമാർ, സുധീഷ് ,സോണി സായ് തുടങ്ങിയവർ ചേർന്ന് ആലപിച്ച ഈ ഗാനം ഒരു ഓർമപ്പെടുത്താലയല്ലേ അനുഭവപ്പെടാറ്? കമ്പവലിയും കസേരക്കളിയും കവുങ്ങിൽ കയറ്റവും കലാപരിപാടികളുമെല്ലാം നാട്ടിൽ സജീവമായിരുന്ന ഒരു കാഘട്ടത്തിന്റെ ഓർമപ്പെടുത്തലായി. ഒരു പക്ഷേ ഈ ഗാനത്തിന്റെ ചിത്രീകരണത്തിലെ പ്രത്യേകതകളുമാകാം അതിനു കാരണം. അത്രത്തോളം തന്നെ മനസ്സിൽ ഓണച്ചിത്രങ്ങൾ വരയ്ക്കുന്ന മറ്റൊരു ഗാനമാണ്  1975ൽ ഇറങ്ങിയ തിരുവോണം എന്ന ചിത്രത്തിലെ ഗാനം. 

 

 

തിരുവോണ പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ 

തിരുമുറ്റമണിഞ്ഞൊരുങ്ങി

തിരുമേനി എഴുന്നെള്ളും സമയമായി

ഹൃദയങ്ങളണിഞ്ഞൊരുങ്ങി.. ശ്രീകുമാരൻ തമ്പി എം.കെ.അർജുനൻ ടീമിന്റെ ഈ ഗാനം അത്രത്തോളം കൗതുകമുള്ള സ്നേഹം തോന്നുന്ന കാഴ്ചകളാണ് തുടർന്നുള്ള വരികളിലൊരുക്കിയിരിക്കുന്നത്. കാഴ്ചകളാൽ സമ്പന്നമാക്കുന്ന തിരുവോണ ഗാനങ്ങൾ പറഞ്ഞവസാനിപ്പിക്കുക അതു കൊണ്ട് തന്നെ പ്രയാസകരമാണു താനും. 

 

 

കണ്ണാന്തളി മുറ്റം 

മുറ്റത്തൊരു തുമ്പ

തുമ്പക്കൊടുമയിൽ 

പൊട്ടമുളച്ചൊരു പൊന്നരയാല് (1982– ഞാനൊന്നു പറയട്ടെ.. സംഗീതം  കെ.രാഘവൻ, രചന–മുല്ലനേഴി പാടിയത് വാണിജയറാം)

 

ഹാ പൊൻതിരുവോണം വരവായ് പൊൻതിരുവോണം

സുമസുന്ദരിയായ് വന്നണഞ്ഞു പൊൻതിരുവോണം (1952 അമ്മ, ദക്ഷിണാമൂർത്തി, പി.ഭാസ്കരൻ, പി.ലീല)

 

ഓണത്തൂമ്പി വന്നാട്ടെ

ഓമത്തൂമ്പീ വന്നാട്ടേ

ഒരു നല്ല കഥ പറയാന‍് 

ഒന്നിരുന്നാട്ടെ.. (1964–അൾത്താര–എം.ബി.ശ്രീനിവാസൻ, മുരളി,എൽ.ആർ.ഈശ്വരി) അങ്ങനെ അങ്ങനെ ഇതാ 2016ൽ ഇറങ്ങിയ ജേക്കബിന്റെ സ്വർഗരാജ്യത്തിലുമുണ്ട് പ്രവാസി മലയാളി മണമുള്ളൊരു ഓണപ്പാട്ട്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം പകർന്നിരിക്കുന്നത്.  സിത്താരയും ഉണ്ണിമേനോനും ചേർന്നാണ് ഗാനം ആലപിച്ചിരുന്നത്. സംഗതി ക്വട്ടേഷൻ എന്ന ചിത്രത്തിൽ ഓണപ്പാട്ട് നന്നായി തുള്ളിത്തൂവുന്നുണ്ടെങ്കിലും   കാതുതുറന്നു കേൾക്കേണ്ട ചിലഗാനങ്ങൾ കൂടി ഇത്തവണ നമുക്ക് ചേർത്തു പിടിക്കാം...

 

തിരുവാവണി രാവ് 

മനസ്സാകെ നിലാവ്

മലയാളച്ചുണ്ടിൽ 

മലരോണപ്പാട്ട്...  

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com