ബിബിസിയിലെ വാരാന്ത്യ പരിപാടിയിലേക്കു ക്ഷണം; അപൂർവ നേട്ടം സ്വന്തമാക്കി ചാൾസ് ആന്റണി
Mail This Article
വിദേശ സംഗീത വേദികളിലെ നിറസാന്നിധ്യമായ മലയാളി സംഗീതജ്ഞൻ ചാൾസ് ആന്റണിക്ക് ബിബിസിയിലെ ‘ഇറ്റ് ഈസ് ഓൾ എബൗട്ട് യു’ പരിപാടിയിലേക്കു ക്ഷണം. ഇതോടെ ഈ പരിപാടിയിലേക്കു ക്ഷണിക്കപ്പെടുന്ന അപൂർവം മലയാളികളിൽ ഒരാളായി മാറുകയാണ് ചാൾസ്. ബിബിസിയുടെ ഈ ക്ഷണം വലിയ അംഗീകാരമായി കാണുന്നുവെന്ന് ചാൾസ് ആന്റണി മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.
‘യുകെയിലെ ഷെഫീൽഡിലാണ് ബിബിസിയുടെ ഓഫിസ്. ഞാനിവിടെ അടുത്താണ് താമസിക്കുന്നത്. ഒരു സംഗീതജ്ഞൻ എന്ന നിലയിൽ 18 വിദേശ ഭാഷകളിൽ നിന്നും എനിക്ക് അംഗീകാരം കിട്ടി. അതുപോലെ തന്നെ യുഎസിൽ അടുത്തിടെ എന്റെ പേരിൽ ഒരു ദിനം എന്ന ഒരു അംഗീകാരവും ലഭിച്ചു. അതൊക്കെ കണ്ടതിനു ശേഷം ബിബിസിയിൽ ഞായറാഴ്ചകളിൽ നടക്കുന്ന ഒരു പ്രോഗ്രാമിലേക്ക് എന്നെ ക്ഷണിക്കുകയായിരുന്നു. ഈ മാസം 27ന് രാവിലെ 11നാണ് പരിപാടി. അഭിമുഖത്തിലൂടെ ആർട്ടിസ്റ്റുകളുടെയും പ്രഫഷനലുകളുടെയും കാര്യങ്ങൾ പ്രേക്ഷകരിൽ എത്തിക്കുന്ന പ്രോഗ്രാമാണ് ‘ഇറ്റ് ഈസ് ഓൾ എബൗട്ട് യു’.
ഞാൻ ഇംഗ്ലിഷില്‍ പാട്ടുകൾ ചെയ്യുന്നുണ്ട്. ഇവിടെ ബ്രിട്ടിഷുകാരുടെ ബാൻഡുകളില്‍ പ്രവർത്തിക്കുന്നുമുണ്ട്. വിദേശ ഭാഷകളിലും പാട്ടുകൾ ചെയ്യുന്ന ഒരു ഇന്ത്യൻ എന്ന നിലയിലാണ് ബിബിസി എന്നെ ക്ഷണിച്ചിരിക്കുന്നത്. ബിബിസിയിൽ പെട്ടെന്നൊന്നും എല്ലാർക്കും വേദി കിട്ടില്ല. ഒരു ഇന്ത്യൻ എന്ന നിലയിൽ പ്രത്യേകിച്ചും ഒരു മലയാളി എന്ന നിലയിൽ കിട്ടുന്ന അപൂർവ ഭാഗ്യങ്ങളിൽ ഒന്നാണിത്. ഈ അംഗീകാരത്തിൽ വലിയ സന്തോഷമുണ്ട്’, ചാൾസ് ആന്റണി പറയുന്നു.
ചാൾസ് ആന്റണിയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത് 2012 ൽ ഫുട്ബോൾ ഇതിഹാസം മറഡോണ ആദ്യമായി കേരളത്തിലെത്തിയ ദിവസമായിരുന്നു. അന്ന് ആയിരങ്ങൾ തിങ്ങിനിറഞ്ഞ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ മറഡോണയ്ക്കുവേണ്ടി വേണ്ടി സ്പാനിഷിൽ സംഗീതമാലപിച്ചാണ് ചാൾസ് ആന്റണി ശ്രദ്ധ നേടിയത്. എന്നാൽ അതിനു മുമ്പും അദ്ദേഹം ഇവിടെത്തന്നെയുണ്ടായിരുന്നു, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ നിശാപാർട്ടികളിൽ പാടുന്ന ഒരു സാധാരണക്കാരനായിട്ട്. ഇന്ന് വിദേശ സംഗീത വേദികൾ കയ്യടക്കിയ ഈ കൊച്ചിക്കാരൻ കുടുംബത്തോടൊപ്പം യുകെയിലാണ് താമസം.