ADVERTISEMENT

കുന്നത്തങ്ങാടി 

ഷാപ്പിൽ കയറി

പള്ള നിറയെ കള്ളും മോന്തി

ആടിയാടി നിന്റമ്മാവന്മാർ

എ‌‌പ്പവരും പൊന്നേ....

ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ ബഹളങ്ങളിലൂടെ നടക്കുമ്പോഴാണ് പെട്ടെന്ന് ഈ പാട്ടു കേട്ടത്. അവിടെ ആരാണ് ഇതു പാടുന്നതെന്ന കൗതുകത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ ഗിറ്റാറുമായി ഒരു പയ്യനാണ്. അവനൊരു മലയാളിയായിരുന്നു. അവന്റെ ചുറ്റും ചെറിയൊരു സംഘം. അവർ വരികൾ ഏറ്റുപാടുന്നു. വ്യത്യസ്തമായ ഈ കാഴ്ച എന്റെ ചിന്തയെ എത്തിച്ചതു സംഗീതത്തിലെ പരീക്ഷണങ്ങളിലാണ്. 

സാധാരണയിൽനിന്ന് മാറി ചിന്തിച്ചാലേ സംഗീതത്തിൽ പരീക്ഷണങ്ങൾ സാധ്യമാവുകയുള്ളു. ഈ വ്യത്യസ്തത സിനിമാ സംഗീതത്തിലുടനീളം കാണാം. സിനിമയ്ക്കു പുറത്തും വേറിട്ട ഒരു സൃഷ്ടിക്കായി സംഗീതജ്ഞന്മാർ എല്ലാക്കാലത്തും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. പുതിയ ബാൻഡുകൾ ആൽബങ്ങൾ പുറത്തിറങ്ങുമ്പോൾ ഒരു പാട്ട് അവരുടെ സ്ഥിരം ശൈലിയിൽ നിന്നു മാറി നിൽക്കും. നാടോടി ഗാനങ്ങളുടെ ശീലുകളും ഇന്ത്യൻ രാഗങ്ങളുടെ അകമ്പടിയുമൊക്കെ അതിൽ പരീക്ഷിക്കാറുണ്ട്. അത്തരം പ്രതിഭകളിലൊരാളായിരുന്നു ഇംഗ്ലിഷ് സംഗീതജ്ഞൻ ജോർജ് ഹാരി‌സൺ. അദ്ദേഹം സിത്താർ മാന്ത്രികൻ രവിശങ്കറിനു ശിഷ്യപ്പെട്ടു സിത്താർ പഠിക്കുകയും അതു സംഗീതത്തിൽ പ്രയോജനപ്പെടുത്തുകയും ചെയ്തു. ‘നോർവീജിയൻ വുഡ്’ എന്ന ജോർജ് ഹാരി‌സൺന്റെ ജനപ്രിയ ഗാനത്തിൽ ഈ വേറിട്ട പരീക്ഷണം കാണാം. ഇത്തരത്തിൽ വ്യത്യസ്തമെന്ന് എനിക്കു തോന്നിയ ഒരുപിടി ഗാനങ്ങളുണ്ട്.

മദൻ മോഹന്റെ അനശ്വര ഗാനങ്ങൾ  

പ്രതിഭകൾക്കു മരണമില്ലെന്നതു വളരെ ശരിയാണ്. അതിലൊരാളാണ് പ്രശസ്ത സംഗീതജ്ഞൻ മദൻ‌മോഹൻജി. 50 മുതൽ 70വരെയുള്ള കാലത്തു സിനിമയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്നിരുന്ന സംഗീത സംവിധായകൻ. മികച്ച 10 ഹിന്ദി ഗാനങ്ങളെടുത്താൽ തീർച്ചയായും അതിൽ രണ്ടോ മൂന്നോ പാട്ടുകൾ അദ്ദേഹത്തിന്റേതായിരിക്കും. പല സംഗീത സംവിധായകരിലും അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്. ലതാജിയുടെയും (ലതാമങ്കേഷ്കർ) റഫി സാറിന്റെയും മെഹമൂദ് സാറിന്റെയുമൊക്കെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളെന്നു പറയാവുന്ന പാട്ടുകളിൽ കൂടുതലും മദൻമോഹൻജിയുടേതാണ്.

‘മൗസം’ എന്ന സിനിമയ്ക്കായി അദ്ദേഹം ഒരുക്കിയ ‘ദിൽ ടൂണ്ട്താഹെ’ എന്ന ഗാനമാണ് എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളത്. ഒരേ വരികൾ തന്നെ  രണ്ടു വ്യത്യസ്ത ഈണങ്ങളിൽ ചിട്ടപ്പെടുത്തിയെന്നതാണ് ഈ പാട്ടിന്റെ പ്രത്യേകത. ഒന്നു മെലഡിയും, മറ്റൊന്നു കുറച്ചു വേഗതയിലും. രണ്ടുപേരെക്കൊണ്ടാണ് ഇതു പാടിച്ചിരിക്കുന്നത്. സ്പീഡിലുള്ള പാട്ടു പാടിയിരിക്കുന്നത് ലതാജിയും ഭൂപീന്ദർ സിങ്ങുമാണ്. ഭാഷാ പരിചയമില്ലാത്തവർ ഇതു കേൾക്കുകയാണെങ്കിൽ രണ്ടും ഒരേ വരിയാണെന്നു വിശ്വസിക്കണമെന്നില്ല. അത്രയ്ക്കു വ്യത്യസ്തമായ ഘടനയാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ അദ്ഭുതങ്ങളിലൊന്നാണിത്. വളരെ അപൂർവവും. ഈ പാട്ടു പാടിയ ഭൂപീന്ദർ സിങ് ഒരു ഗിറ്റാറിസ്റ്റായിരുന്നു. റിക്കോർഡിങ് വേളയിൽ ഭൂപീന്ദർ സിങ് ഇതു ട്രാക്കായി പാടുന്നതു ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നേരിട്ടു പാടാൻ നിർദേശിച്ചത്. ഭൂപീന്ദർ സിങ് പാടിയ മെലഡി വേർഷൻ  സിനിമാ ഗസലുകളിൽ‌  ഏറ്റവും ജനപ്രിയമാണ്.  

സംവാദത്തിന്റെ സംഗീതം

സംഗീതം സംഭാഷണത്തിന്റെ തലത്തിലേക്കെത്തുന്ന ചില സന്ദർഭങ്ങളുണ്ട്. പ്രേക്ഷകരുമായുള്ള ഇത്തരം കൊടുക്കൽ വാങ്ങൽ ബന്ധമാണ് മ്യൂസിക് ഷോകളെ സജീവമാക്കുന്ന ഒരു ഘടകം. പാടുന്നവരും കേൾക്കുന്നവരും ഒന്നായി മാറുന്ന തലമാണിത്. ‘കോൾ ആൻഡ് റെസ്പോൺസ്  എന്നാണ് പോപ്പുലർ മ്യൂസിക്കിൽ ഇത് അറിയപ്പെടുന്നത്. ആഫ്രിക്കൻ സംഗീത സംസ്കാരത്തിലാണ് ഇതിന്റെ വേരുകൾ. നമ്മുടെ  കൊയ്ത്തു പാട്ടുകളിലും ചാറ്റുപാട്ടുകളിലുമെല്ലാം ഇത്തരമൊരു വശമുണ്ട്. കൂട്ടായ ജോലികളിൽ ഏർപ്പെട്ടിരുന്നവർ പരസ്പരം ഊർജം പകരാൻ ഉപയോഗിച്ചിരുന്ന ഒരു സമ്പ്രദായത്തിന്റെ തുടർച്ച കൂടിയാണിത്. പല സംഗീതജ്ഞരും ഇതിന്റെ സാധ്യത പരീക്ഷിച്ചിട്ടുണ്ട്. പെർഫോം ചെയ്യുന്നവരും പ്രേക്ഷകരും തമ്മിലുള്ള അകലം കുറയുന്നത് ഇത്തരത്തിലുള്ള ലൈവ് ഷോകളിൽ കാണാനാകും. ഗോസ്പൽ മ്യൂസിക്കിലാണ് ഇതിന്റെ സാധ്യതകൾ ഏറെ പ്രകടമാവുക. ലോകത്തെവിടെയും ഗോസ്പൽ മ്യൂസിക്കിന് സംവേദനത്തിന്റേതായ ഒരു വശമുണ്ട് (ഇന്ററാക്ടീവ് സൈഡ്). 

കൈതോല പായ വിരിച്ച്...

പ്രേക്ഷകരുമായുള്ള സംവേദനം സാധ്യമാകുന്ന ഗാനങ്ങൾക്ക് ഒരുദാഹരണമാണ് കൈതോല പായ വിരിച്ച്. എല്ലാ സ്റ്റേജിലും ഇതു ഞാൻ പാടാറുണ്ട്. ഇതിനു രണ്ടു ഹമ്മിങ്ങുകളുണ്ട്. അതിൽ ഒന്നു പാടുമ്പോഴുള്ള പ്രേക്ഷകരുടെ പ്രതികരണം വല്ലാത്ത ഒരു വൈബ് ആണ്. ആ ഒരു ഫീൽ പ്രേക്ഷകനും പെർഫോമറും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നു. ഇതു ടൈംസ് സ്ക്വയറിൽ വച്ചു കേട്ടപ്പോഴും അതിന്റെ യഥാർഥ വൈബ് തന്നെയാണ് എനിക്കു കിട്ടിയത്. അരുവിക്കരയിലാണെങ്കിലും അമേരിക്കയിലാണെങ്കിലും കൈതോല കൈതോല തന്നെയാണ്.

ജിതേഷ് കക്കിടിപ്പുറമാണ് ‌പാട്ടിന്റെ രചനയും സംഗീതവും നിർവഹിച്ചത്. അദ്ദേഹം ഇന്നില്ല. ആ പേര് എത്ര ബഹുമാനത്തോടെ പറഞ്ഞാലും മതിയാവില്ല. അദ്ദേഹത്തിന് അർഹിക്കുന്ന ബഹുമാനം സംഗീത സമൂഹം നൽകിയേ മതിയാവൂ. അദ്ദേഹം തുടങ്ങിവച്ച തലത്തിലല്ല പാട്ട് ഇപ്പോൾ അവതരിപ്പിക്കുന്നത് പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. അത് അനിവാര്യവുമായിരുന്നു..

പ്രകമ്പനമായി ആപ് ജൈസാ കോയി...

ഒരു ഗാനം വിജയിക്കുന്നതിൽ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നു ശബ്ദമാണ്. അതിനെ എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാമെന്ന കാര്യത്തിലും ധാരാളം പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് കുർബാനി എന്ന ഹിന്ദി ചിത്രത്തിലെ ‘ആപ് ജൈസാ കോയി’ എന്ന ഗാനം. 80കളിലെ ഏറ്റവും വലിയ ഹിറ്റാണിത്. സിനിമാ ഗാനങ്ങളിലെ ഒരു കൾട്ട് ക്ലാസിക് ഗാനം. ഇന്ത്യൻ സംഗീതത്തിൽ ഇലക്ട്രോണിക് സിന്തസൈസറുകളുടെയും ഇലക്ട്രോണിക് വോയ്സ് സാംപിളുകളുടെയുമെല്ലാം വ്യത്യസ്തമായ ശബ്ദം കേട്ടു കേട്ടു തുടങ്ങുന്ന സമയത്തായിരുന്നു വലിയ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടുള്ള ഈ ഗാനത്തിന്റെ വരവ്. ഇന്ത്യൻ പോപ് മ്യൂസിക്കിൽ ശക്തമായ സാന്നിധ്യം അറിയിച്ച ബിദ്ദു അപ്പയ്യയാണ് രചനയും സംഗീതവും നിർവഹിച്ചത്. ആലപിച്ച പാക്കിസ്ഥാൻ സ്വദേശിയായ നാസിയ ഹസനും പ്രശസ്തയായി. അവരുടെ ആദ്യത്തെ പാട്ടായിരുന്നു ഇത്. ഒരു പാക്കിസ്ഥാനി ഗായിക ആദ്യമായി ഒരു ഇന്ത്യൻ സിനിമയ്ക്കു വേണ്ടി പാടി എന്ന ഒരു ചരിത്രവും ഈ പാട്ടിനുണ്ട്.   

വ്യാകരണം മാറ്റിയ ഇളയരാജ

സംഗീതത്തിന്റെ വ്യാകരണങ്ങളെ തിരുത്തിക്കുറിച്ച ചില സംഗീതജ്ഞരെക്കൂടി നമുക്ക് ഇവിടെ ഓർക്കാം. അതിൽ ഒരാൾ ഇളയരാജയാണ്. സിന്ധുഭൈരവി എന്ന സിനിമയ്ക്കു വേണ്ടി അദ്ദേഹം സൃഷ്ടിച്ച കലൈവാണി എന്ന പാട്ട്. പ്രാക്ടിക്കലി ഇംപോസിബിൾ എന്നാണ് ഈ പാട്ടിനെ പലരും വിശേഷിപ്പിക്കുന്നത്. ഒരു പാട്ടിന്റെ സഞ്ചാരം സാധാരണ ഗതിയിൽ ആരോഹണ അവരോഹണങ്ങളിലൂടെയാണല്ലോ. എന്നാൽ ആരോഹണം മാത്രം ഉപയോഗിച്ചാണ് അദ്ദേഹം ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നത്. വളരെ ജീനിയസായ ഒരാൾക്കു മാത്രം നടത്താൻ കഴിയുന്ന പരീക്ഷണമാണത്.

English Summary:

Different experiments in music

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com