തരംഗമായ തരംഗിണി, പിന്നാലെ വന്ന നിസരി; വിപണി പിടിച്ചെടുത്ത പാട്ടുമേളം, അറിയാം ‘ഇമ്മിണി വലിയ’ കസെറ്റ് കഥകൾ!

Mail This Article
പാട്ടുകേൾവി പണക്കാരുടെ മാത്രം വിനോദോപാധിയായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആകാശവാണിയിലല്ലാതെ പാട്ട് കേൾക്കണമെങ്കിൽ ഗ്രാമഫോൺ - വൈനൽ റെക്കോർഡുകൾ മാത്രമായിരുന്നു എഴുപതുകളുടെ ഒടുവിൽ വരേക്കും ആശ്രയം. റെക്കോർഡുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും പണച്ചെലവേറെയുണ്ടായിരുന്നതിനാലാണ് അത്തരം ആസ്വാദനങ്ങൾ ഉന്നതരിൽ മാത്രമായി ഒതുങ്ങിയത്. റേഡിയോ പോലും അക്കാലത്ത് ഒരു ആഡംബരമായിരുന്നു.

ടേപ്പ് റിക്കോർഡുകളും ഓഡിയോ കസെറ്റുകളും സാധാരണക്കാരിലേക്കെത്തിത്തുടങ്ങിയത്1980കളുടെ ആദ്യപാദങ്ങളിലാണ്. ഇഞ്ചളവിൽ ഏഴ്, പത്ത്, പന്ത്രണ്ട് എന്നിങ്ങനെ വലുപ്പങ്ങളിലുള്ള വൈനൽ റെക്കോർഡുകളിൽ നിന്നും കയ്യിലൊതുങ്ങുന്ന 'കോംപാക്ട് കസെറ്റു'കൾ പെട്ടെന്ന് തന്നെ ഗാനാസ്വാദകരുടെ ശ്രദ്ധയാകർഷിച്ചു. നാട്ടിലെ പ്രവാസികളുടെ വീടുകളിൽ പേർഷ്യൻ പണത്തിന്റെ പുതുക്കത്തോടൊപ്പം ടേപ്പ് റിക്കോർഡറുകളും സാധാരണമായി. അതുകൊണ്ട് തന്നെ കസെറ്റുകൾ വളരെപ്പെട്ടെന്ന് വിപണി പിടിച്ചെടുത്തു.

തൽഫലമായി ഹിന്ദി സിനിമാഗാനങ്ങളുടെയും ശാസ്ത്രീയസംഗീതത്തിന്റെയും പല സമയദൈർഘ്യങ്ങളിൽ പാടുന്ന കസെറ്റുകൾ റിലീസ് ചെയ്തുകൊണ്ട് 'ദ് ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യ' ഇവിടെ കസെറ്റ് തരംഗത്തിനു തുടക്കമിട്ടു. 'എച്ച്.എം.വി', 'ഇ.എം.ഐ', 'ഓഡിയൻ', 'കൊളംബിയ' എന്നിങ്ങനെ പലപല ലേബലുകളിൽ അവർ കസെറ്റുകളിറക്കിത്തുടങ്ങി (ചില ചിത്രങ്ങളുടെയെങ്കിലും റെക്കോർഡുകൾ ഒപ്പം റിലീസ് ചെയ്തിരുന്നെങ്കിലും ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ അവയുടെ നിർമാണം പൂർണമായി ഇന്ത്യയിൽ നിലച്ചു).

കൊൽക്കത്ത കേന്ദ്രമാക്കിയുള്ള സംഗീതനിർമാതാക്കളായ ഗ്രാമഫോൺ കമ്പനിയും (The Gramophone Company Of India Limited) 'ഇൻറെക്കോ'യും (The Indian Record Manufacturing Co. Limited) മലയാളഭാഷയിലും ഓഡിയോ കസെറ്റുകൾ പുറത്തിറക്കിയെങ്കിലും തിരുവനന്തപുരത്തുനിന്നും 'തരംഗിണി'യുടെ വരവാണ് മലയാളത്തിൽ പുതിയൊരു സംഗീതവിപ്ലവം സാധ്യമാക്കിയത്. 'തരംഗിണി'യെത്തുടർന്ന് കേരളത്തിൽ സംഗീതവിപണനരംഗത്ത്, പ്രത്യേകിച്ച് ചലച്ചിത്രഗാനങ്ങളുടെ വിതരണത്തിനായി ഒരുപാട് സ്ഥാപനങ്ങളും അവരുടെ ലേബലുകളും വന്നു. അവയുടെ ചരിത്രം കൃത്യമായെവിടെയും രേഖപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല, അന്നത്തെ പ്രമുഖലേബലുകളിൽ പലതും നിലവിലില്ല. ആ മ്യൂസിക് ലേബലുകളുടെ ചരിത്രത്തിലേക്കൊരു ചെറുനോട്ടമാണ് ഈ കുറിപ്പുകൊണ്ടുദ്ദേശിക്കുന്നത്.

തരംഗിണി
കേരളത്തിലെ ആദ്യത്തെ ലൈസെൻസ്ഡ് കസെറ്റ് കമ്പനിയാണ് 'തരംഗിണി'. യേശുദാസിന്റെ ഉടമസ്ഥതയിലുള്ള 'തരംഗിണി', റെക്കോർഡുകൾക്കൊപ്പം കസെറ്റുകളും വിപണിയിലെത്തിച്ചുകൊണ്ട് ആ മേഖല കയ്യടക്കിയെന്നുതന്നെ പറയാം. സിനിമാഗാനങ്ങൾ, ശാസ്ത്രീയഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ലളിതഗാനങ്ങൾ, കുട്ടികളുടെ ഗാനങ്ങൾ, സിനിമാശബ്ദരേഖ, ഓഡിയോ മാഗസിൻ എന്നിങ്ങനെ പല വിഭാഗങ്ങളിലായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, കൊങ്കണി, തുളു, സംസ്‌കൃതം, ഇംഗ്ലിഷ് എന്നീ ഭാഷകളിലൊക്കെയും തരംഗിണി ഓഡിയോ കസെറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. പ്രധാനമായും തരംഗിണി, തരംഗിണി മ്യൂസിക് എന്നീ രണ്ടു ലേബലുകളിലാണ് അവർ പാട്ടുകൾ വിപണിയിലെത്തിച്ചിരുന്നത്. യേശുദാസ് ആലപിച്ച ശാസ്ത്രീയഗാന കസെറ്റാണ് തരംഗിണിയുടെ ആദ്യറിലീസ്.

'ചില്ല്' എന്ന ചിത്രത്തിലെ നാല് പാട്ടുകൾ മാത്രം ഉൾപ്പെടുത്തിയിറക്കിയ സിംഗിൾ കസെറ്റാണ് 'തരംഗിണി'യുടെ ഒന്നാമത്തെ സിനിമാഗാനകസെറ്റ്. അവരുടെ ആദ്യത്തെ 7" വൈനൽ റെക്കോർഡും 'ചില്ലി'ന്റേതാണ്. 1993ൽ പുറത്തിറങ്ങിയ 'വരം', 'കല്യാണ ഉണ്ണികൾ', 'പൊരുത്തം' എന്നീ ചിത്രങ്ങളിലെ പാട്ടുകൾ ചേർത്തിറക്കിയ കസെറ്റായിരുന്നു 'തരംഗിണി'യുടെ അവസാനത്തെ സിനിമാഗാനറിലീസ്. ഭക്തിഗാനങ്ങളും ഓണപ്പാട്ടുകളുമൊക്കെയായി തരംഗിണി ഇപ്പോഴും ചെറിയ തോതിലാണെങ്കിലും, സജീവമാണ്.

'മലയാളസിനിമാഗാനങ്ങളുടെ സുവർണകാലം' എന്ന് പലരും വിശ്വസിക്കുന്ന 1980കളിലെ സൂപ്പർഹിറ്റ് പാട്ടുകളിൽ ഭൂരിഭാഗവും 'തരംഗിണി' കസെറ്റുകളിലൂടെയാണ് ജനം ആസ്വദിച്ചത്. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, നാടോടിക്കാറ്റ്, തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, നീലക്കടമ്പ്, ഒരു വടക്കൻ വീരഗാഥ, ധ്വനി, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, കാതോട് കാതോരം, ഒരു വടക്കൻ വീരഗാഥ, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഞാൻ ഗന്ധർവൻ, പപ്പയുടെ സ്വന്തം അപ്പൂസ്, കുടുംബസമേതം, സർഗം... ഇങ്ങനെ തരംഗിണി റിലീസ് ചെയ്ത പാട്ടുകളുടെ ലിസ്റ്റ് ഈ ഒരു 'പാട്ടുവട്ട'ത്തിലൊതുങ്ങില്ല.

'തരംഗിണി'ക്കു പിന്നാലെ തദ്ദേശീയമായി ആരംഭിച്ച രണ്ടാമത്തെ ലൈസെൻസ്ഡ് കസെറ്റ് കമ്പനിയാണ് 'നിസരി'. പിൽക്കാലത്ത് സംഗീതസംവിധായകൻ കൂടിയായ നിസരി ഉമ്മറിന്റെ ഉടമസ്ഥതയിലാണ് എറണാകുളത്ത് 'നിസരി'യെന്ന ലേബൽ രൂപം കൊണ്ടത്. പുറത്തിറങ്ങിയിട്ടില്ലാത്ത 'ശ്രാവണസന്ധ്യ', 'മൗനം സമ്മതം' എന്ന സിനിമകളിലെ പാട്ടുകളാണ് സിനിമാഗാനങ്ങളായി 'നിസരി' ആദ്യം റിലീസ് ചെയ്തത്. 'ചങ്ങാത്തം', 'കോടതി' ഈ ചിത്രങ്ങളിലെ ഗാനങ്ങൾ ചേർത്തിറക്കിയ രണ്ടാമത്തെ റിലീസിന് ശേഷം ഒരുപാട് ഹിറ്റുകൾ 'നിസരി'യിലൂടെ ശ്രോതാക്കളിലെത്തി.

ഒരുനോക്ക് കാണാൻ, സസ്നേഹം, ധ്രുവം, പൊന്നുച്ചാമി, കിഴക്കൻ പത്രോസ്, ജോണി വാക്കർ, ചമയം, ചെങ്കോൽ, സൂര്യഗായത്രി, ഏകലവ്യൻ, വെൽകം ടു കൊടൈക്കനാൽ, ഗോളാന്തരവാർത്ത, മുഖമുദ്ര, മാനത്തെ കൊട്ടാരം ഇവയൊക്കെ അവയിൽ ചിലത് മാത്രം. ജാക്പോട്ട്, മഹാനഗരം എന്നീ മലയാളചിത്രങ്ങളുടെ മൊഴിമാറ്റമടക്കം തമിഴിലും ചില ചലച്ചിത്രഗാനങ്ങളുടെ കസെറ്റുകൾ 'നിസരി' വിപണിയിലെത്തിച്ചു.

കൂടാതെ ഭക്തിഗാനങ്ങൾ, ഉത്സവഗാനങ്ങൾ തുടങ്ങി പല സംഗീതശ്രേണിയിലുള്ള പാട്ടുകളും 'നിസരി' ആസ്വാദകരിലെത്തിച്ചു. ചലച്ചിത്രശബ്ദരേഖകൾ, കഥാപ്രസംഗം എന്നിവ ഉൾക്കൊള്ളുന്ന കസെറ്റുകളും വൻതോതിൽ 'നിസരി' ഇറക്കിയിട്ടുണ്ട്. 2008ൽ പുറത്തിറങ്ങിയ 'അണ്ണൻ തമ്പി'യിലെ പാട്ടുകളാണ് നിസരി റിലീസ് ചെയ്ത അവസാനത്തെ ഓഡിയോ കസെറ്റ്.

ഉമ്മറിന്റെ ഇളയ സഹോദരനായ ഉസ്മാൻ തുടങ്ങിയ മ്യൂസിക് കമ്പനിയാണ് 'രഞ്ജിനി'. 'നിസരി' ആരംഭിച്ച അതേ ദിവസം തന്നെയാണ് 'രഞ്ജിനി'യും രൂപം കൊണ്ടത്. സഹോദരങ്ങളുടെ ഈ സംരംഭങ്ങൾക്കു മലയാളഗാനങ്ങളുടെ ഗതിവിഗതികളിൽ നിർണായകസ്ഥാനമാണുള്ളത്. ഷിബു ചക്രവർത്തി, ബേണി ഇഗ്‌നേഷ്യസ്, ചിറ്റൂർ ഗോപി, മാർക്കോസ്, ഉണ്ണി മേനോൻ, എം.ജി.ശ്രീകുമാർ തുടങ്ങി അനവധി കലാകാരന്മാരുടെ വളർച്ചയിൽ ഈ രണ്ട് സ്ഥാപനങ്ങളും പങ്ക് വഹിച്ചിട്ടുണ്ട്.

'പ്രേമകവിതകളേ', 'അല്ലിമലർക്കാവ്' എന്ന സിനിമകളിലെ പാട്ടുകളാണ് സിനിമാഗാനങ്ങളായി 'രഞ്ജിനി' ആദ്യം റിലീസ് ചെയ്തത്. പിന്നീട് ശ്യാമ, യാത്ര, ഏയ് ഓട്ടോ, രാജാവിന്റെ മകൻ, ന്യായവിധി, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, വന്ദനം, ദശരഥം, റാംജിറാവ് സ്പീക്കിങ്, സ്വാഗതം, സാന്ത്വനം, ചിത്രം, കിഴക്കുണരും പക്ഷി, തുടർക്കഥ, അഹം, കമലദളം, ചമ്പക്കുളം തച്ചൻ, പൈതൃകം, ആകാശദൂത്.. ഇവയൊക്കെ 'രഞ്ജിനി' റിലീസ് ചെയ്ത മലയാളസിനിമാഗാനങ്ങളിൽ ചിലതാണ്. 1997ൽ പുറത്തു വന്ന 'ഗ്രാമപഞ്ചായത്ത്', 'ജെയിംസ് ബോണ്ട് 000', 'ഭാരതീയം' ഈ ചിത്രങ്ങളിലെ പാട്ടുകളാണ് 'രഞ്ജിനി' ഒടുവിൽ പുറത്തിറക്കിയ സിനിമാഗാനകസെറ്റുകൾ. സിനിമാഗാനങ്ങളല്ലാതെയുള്ള പാട്ടുകളിലും 'രഞ്ജിനി' ശക്തമായ സാന്നിധ്യമറിയിച്ചിരുന്നു.

'നിസരി'യുടെയും 'രഞ്ജിനി'യുടെയും ആദ്യത്തെ ചലച്ചിത്രഗാനകസെറ്റുകളിൽ പരാമർശിച്ചിരിക്കുന്ന സിനിമകൾ 'സാങ്കല്പികസിനിമകളാ'ണെന്ന് തോന്നുന്നു. സിനിമാഗാനങ്ങൾ എന്ന പേരിൽ മാർക്കറ്റ് ചെയ്താൽ വിപണിയിൽ ലഭിക്കുന്ന സ്വീകാര്യതയാവാം അതിന് കാരണം.

പക്ഷേ 'ഇൻറെക്കോ' എന്ന ലേബൽ യേശുദാസ് പാടിയ 'ദൈവപുത്രൻ' പോലെയുള്ള ഭക്തിഗാനങ്ങൾ, സിനിമാഗാനങ്ങളായി പുറത്തിറക്കിയത്തിന്റെ കാരണം മറ്റൊന്നാണ്. അക്കാലത്ത് 'എച്ച്. എം. വി', 'കൊളംബിയ', 'മ്യൂസിക് ഇന്ത്യ ലിമിറ്റഡ്' എന്നിങ്ങനെയുള്ള ലേബലുകൾ പ്രധാന ഗായകരെയെല്ലാം അവരവരുടെ ആർട്ടിസ്റ്റുകളാക്കി കരാർ ഉണ്ടാക്കിയിരുന്നു.

കരാർ ഉണ്ടാക്കിയ ലേബലുകൾക്കല്ലാതെ മറ്റുള്ളവർക്കു വേണ്ടി സിനിമേതരഗാനങ്ങൾ പാടുവാൻ ആ ഗായകർക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ, സിനിമാഗാനങ്ങൾ പാടുമ്പോൾ ആ കരാർ ബാധകവുമായിരുന്നില്ല.

അതുകൊണ്ട് 'എച്ച്. എം. വി'യുടെ ആർട്ടിസ്റ്റായിരുന്ന യേശുദാസ് പാടിയ ക്രിസ്തീയഭക്തിഗാനങ്ങൾ 'ദൈവപുത്രൻ' - Malayalam Film Songs എന്ന് ക്രെഡിറ്റ് നൽകിയാണ് 'ഇൻറെക്കോ' റെക്കോർഡ് വിപണിയിലിറക്കിയത്.

അതുപോലെ തന്നെ'എച്ച്. എം. വി'യുടെ ആർട്ടിസ്റ്റായിരുന്ന ബി.വസന്ത പാടിയ ഭക്തിഗാനങ്ങൾ 'കന്യാപുത്രൻ' എന്ന സിനിമയുടെ പാട്ടുകളായിട്ടാണ് അവർ റിലീസ് ചെയ്തത്. കഥ പോലുമാലോചിച്ചിട്ടില്ലാത്ത അനവധി 'സിനിമാഗാനങ്ങളു'ടെ യഥാർഥ കഥയിതാണ്.

കസെറ്റുകളുടെ വരവോടുകൂടി അത്തരം കരാറുകളൊക്കെ ഇല്ലാതായെന്നു കരുതാമെങ്കിലും തരംഗിണിക്കു വേണ്ടി മാത്രമാണ് യേശുദാസ് സിനിമേതരഗാനങ്ങൾ പാടിയിട്ടുള്ളത്. ആദ്യകാലങ്ങളിൽ ഉണ്ണിമേനോൻ 'നിസരി'യുടെ ഗായകനായപ്പോൾ 'രഞ്ജിനി'ക്ക് വേണ്ടി പാടിയിരുന്നത് മാർക്കോസ് ആയിരുന്നു. പിന്നീട് 'രഞ്ജിനി'ക്ക് വേണ്ടി എം.ജി.ശ്രീകുമാർ പാടിത്തുടങ്ങിയപ്പോൾ 'നിസരി'യുടെ ഗായകൻ മാർക്കോസായി മാറി.

ഗായികമാരുടെ കാര്യത്തിൽ ചിത്രയാണ് പിൽക്കാലത്ത് സ്വന്തം മ്യൂസിക് ലേബലിന് (ഓഡിയോട്രാക്സ്) മാത്രം സിനിമേതരഗാനങ്ങൾ പാടിയത്.

തരംഗിണിക്കു ശേഷം 'നിസരി'യും 'രഞ്ജിനി'യും പാട്ടുവ്യാപാരത്തിന്റെ പാതയിൽ വിജയിച്ച് മുന്നേറിയതിന്റെ പിന്നാലെ അനവധി സംഗീതസംരംഭങ്ങൾ കേരളത്തിലുണ്ടായി.

(പരമ്പര തുടരും...)