വാഹന നിർമാണം: ആനുകൂല്യ പദ്ധതി ചുരുക്കുന്നു
Mail This Article
ന്യൂഡൽഹി∙ ഓട്ടമൊബീൽ മേഖലയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉൽപാദന ബന്ധിത ആനുകൂല്യ പദ്ധതി പരിഷ്കരിക്കാൻ കേന്ദ്രമന്ത്രിസഭ ഇന്ന് അനുമതി നൽകിയേക്കും. കോവിഡിനോട് അനുബന്ധിച്ച് ഉൽപാദന മേഖല സജീവമാക്കാൻ ആവിഷ്കരിച്ച നടപടി പ്രകാരം കഴിഞ്ഞ വർഷം 57,043 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ പദ്ധതിയിൽ ഇത് 26,000 കോടിയുടെ ആനുകൂല്യങ്ങളാക്കി ചുരുക്കിയേക്കും. ഇലക്ട്രിക്, ഹൈഡ്രജൻ സെൽ വാഹനങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിലേക്കു മാത്രമായി പദ്ധതി ചുരുക്കും എന്നാണ് സൂചനകൾ. ഓട്ടമൊബീൽ മേഖലയ്ക്കും സ്പെയർ പാർട്സ് മേഖലയ്ക്കുമായാണ് പദ്ധതി ആവിഷ്കരിച്ചത്.
ഓട്ടമാറ്റിക് ട്രാൻസ്മിഷൻ അസംബ്ലി, ഇലക്ട്രോണിക് പവർ സ്റ്റിയറിങ്, സെൻസറുകൾ, സൂപ്പർ കപ്പാസിറ്ററുകൾ, സൺറൂഫുകൾ, ഓട്ടമാറ്റിക് ബ്രേക്കിങ് സംവിധാനം, ടയർപ്രഷർ നിരീക്ഷണം, അപകട മുന്നറിയിപ്പു സംവിധാനം തുടങ്ങിയവയുടെ നിർമാണത്തിന് ആനുകൂല്യങ്ങൾ നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇതടക്കം 13 മേഖലകൾക്ക് 1.97 ലക്ഷം കോടി രൂപയുടെ ഉൽപാദന ബന്ധിത സാമ്പത്തിക ആനൂകൂല്യങ്ങളാണ് ബജറ്റിൽ ്രപഖ്യാപിച്ചിരുന്നത്. ആഗോളതലത്തിൽ മത്സരിക്കാൻ ഇന്ത്യൻ കമ്പനികളെ സജ്ജരാക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.