ADVERTISEMENT

ന്യൂഡൽഹി∙ രാഷ്‌ട്രപതി ഭവനിലെ ആഘോഷ ചടങ്ങുകൾക്കായി തുറക്കുന്ന സെറിമോണിയൽ ഹാളിനു മുന്നിൽ ഒരു ചിത്രമുണ്ട്. പോളിഷ് കലാകാരനായ ഫെലിക്സ് ടോപ്പോൾസ്‌കി വരച്ച ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങൾ. ഗാന്ധിജിയുടെ ശരീരത്തിൽ നിന്നൊഴുകിയ രക്‌തവും ജനക്കൂട്ടത്തിന്റെ നിലവിളികളും ആ ചിത്രത്തിലുണ്ട്.

പ്രണബ് മുഖർജി രാഷ്ട്രപതി ഭവനിൽ വരുത്തിയ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ ചിത്രം പൊതുജനങ്ങൾക്കു കാണാനായത്. രാഷ്ട്രപതി ഭവനെ അകലെ നിന്ന് ആശ്ചര്യത്തോടെ കണ്ടിരുന്ന സാധാരണ പൗരന്മാർക്ക് അവിടം സന്ദർശിക്കാൻ അവസരമൊരുക്കിയതു പ്രണബിന്റെ നടപടികളായിരുന്നു.

മുഗൾ ഗാർഡനിലേക്ക് മാത്രം വർഷത്തിലൊരിക്കൽ പ്രവേശനമുണ്ടായിരുന്നതു മാറ്റി രാഷ്ട്രപതി ഭവൻ, മുഗൾ ഗാർഡൻസ്, രാഷ്ട്രപതി ഭവൻ മ്യൂസിയം എന്നിവ ചേർന്നുള്ള ടൂറിസം സർക്യൂട്ട് ആരംഭിച്ചു. പഴയ കുതിര ലായമുൾപ്പെടെയുള്ളവ ചേർത്ത് മികച്ച മ്യൂസിയമാക്കി മാറ്റി. 1911ലെ ഡൽഹി ഡർബാർ മുതൽ ആദ്യ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞവരെയുള്ള കാലത്തിന്റെ നേർചിത്രങ്ങളും മറ്റനവധി അപൂർവ കാഴ്ചവസ്തുക്കളും മ്യൂസിയത്തിലുണ്ട്. രാഷ്ട്രപതി ഭവൻ അതിന്റെ സ്വന്തം കഥപറയുന്ന വിധം ‘സ്പീക്കിങ് മ്യൂസിയം’ ആയാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഏറ്റവും പ്രശംസിക്കപ്പെട്ടത് വ്യത്യസ്തമായ ആശയങ്ങൾ നടപ്പാക്കുന്നവർക്ക് 20 ദിവസം രാഷ്ട്രപതി ഭവനിൽ താമസിക്കാൻ അവസരം നൽകുന്ന ‘സ്കോളേഴ്സ് ഇൻ റസിഡൻസ്’ പദ്ധതിയായിരുന്നു. വിഐപി പരിഗണനയിൽ രാഷ്ട്രപതി ഭവൻ ഗെസ്റ്റ്ഹൗസിൽ താമസവും വിവിധ മേഖലകളിലെ ഉന്നതരുമായുള്ള കൂടിക്കാഴ്ചകളും അവസാനം പ്രസിഡന്റിന്റെ വിരുന്നുമുൾപ്പെടെയായിരുന്നു പദ്ധതി. ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിനായി സ്മാർട് ഗ്രാം പദ്ധതിയും തുടങ്ങി.

ഉള്ളിന്റെയുള്ളിൽ പ്രണബിലെ അധ്യാപകൻ എന്നും ഉണർന്നിരുന്നു. പ്രസിഡന്റായിരുന്നപ്പോഴാണ് വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന് അധ്യാപനത്തിന് അവസരം കിട്ടിയത്. രാഷ്ട്രപതി വളപ്പിലെ സ്കൂളിൽ വിദ്യാർഥികളെ പഠിപ്പിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ചരിത്രം, പൊളിറ്റിക്കൽ സയൻസ്, നിയമം എന്നിവയിൽ ബിരുദാനന്തര ബിരുദമുണ്ടായിരുന്ന പ്രണബ് പ്രസിഡന്റ്സ് എസ്റ്റേറ്റിലെ രാജേന്ദ്രപ്രസാദ് സർവോദയ വിദ്യാലയത്തിൽ 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ചരിത്രവും ഇന്ത്യൻ പൊളിറ്റിക്സും പഠിപ്പിച്ചിരുന്നു.

പ്രസിഡന്റ്സ് എസ്റ്റേറ്റിലെ 7നും 15നും ഇടയ്ക്കു പ്രായമുള്ള കുഞ്ഞുങ്ങളുടെ സമഗ്ര പുരോഗതിക്കായി സംസ്കൃതി എന്ന പദ്ധതി നടപ്പാക്കി. പെയിന്റിങ്, യോഗ, സംഗീതം, കരകൗശലം എന്നിവയിൽ പരിശീലനം നൽകുന്നു. രാഷ്ട്രപതി ഭവൻ പ്ലേസ്കൂളിലെ കുട്ടികൾക്ക് സംസ്കാർ എന്ന പേരിൽ പോഷകാഹാരമുറപ്പാക്കുന്ന പദ്ധതി നടപ്പാക്കി. പൊളിക്കാനുദ്ദേശിച്ചിരുന്ന ഒരു കെട്ടിടം പുനരുദ്ധരിച്ച് പബ്ലിക് ലൈബ്രറിയാക്കി മാറ്റി.

ബീറ്റിങ് ദ് റിട്രീറ്റിനു വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന തുറന്ന കുതിരവണ്ടി വീണ്ടും ഔദ്യോഗിക ചടങ്ങുകളിൽ ഉപയോഗിച്ചു തുടങ്ങിയത് പ്രണബിന്റെ കാലത്തായിരുന്നു. രാഷ്ട്രപതി ഭവന്റെ ആധുനികവൽക്കരണത്തിലും പ്രണബിന്റെ ഇടപെടലുകൾ വലുതായിരുന്നു. രാഷ്ട്രപതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു ജനങ്ങളെ അറിയിക്കാൻ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചു. രാഷ്ട്രപതി ഭവനിലെ ആയിരക്കണക്കിനു പുസ്തകങ്ങളുടെ ക്രമീകരണത്തിനായി ‘ഇ–പുസ്തകാലയ’ എന്ന സോഫ്റ്റ്‌വെയർ ഏർപ്പെടുത്തി.

രാഷ്‌ട്രപതി ഭവൻ സമുച്ചയത്തിൽ മോട്ടർ വാഹനങ്ങളുടെ ഉപയോഗം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ സൈക്കിൾ സവാരി പ്രോത്സാഹിപ്പിച്ചു.

പ്രസിഡന്റിനെ ‘ഹിസ് എക്സലൻസി' എന്ന് അഭിസംബോധന ചെയ്യുന്നത് അദ്ദേഹം വേണ്ടെന്നു വച്ചു. ഗവർണമാരോടും കഴിയുന്നതു അതുപേക്ഷിക്കാൻ അദ്ദേഹം നിർദേശം നൽകി.

രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറത്തിറങ്ങുമ്പോൾ ഡൽഹിയുടെ സിരാകേന്ദ്രം നിശ്ചലമാകുന്ന അവസ്ഥ ഒഴിവാക്കാൻ താൻ പങ്കെടുക്കുന്ന ചടങ്ങുകൾ കഴിയുന്നത്ര രാഷ്ട്രപതിഭവനിൽത്തന്നെയാക്കണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. 

English Summary: Unique initiatives by Pranab Mukherjee as The President of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com