ADVERTISEMENT

പ്രണബ് മുഖർജിയുടെ ആത്മകഥ ‘ദ് പ്രസിഡൻഷ്യൽ ഇയേഴ്സി’ൽ ഒട്ടേറെ വെളിപ്പെടുത്തലുകൾ....

2016 നവംബർ എട്ടിന് 500, 1000 രൂപ നോട്ടുകൾ റദ്ദാക്കുന്ന കാര്യം രാഷ്ട്രപതി പ്രണബ് മുഖർജി അറിഞ്ഞത്, നമ്മളെല്ലാം അക്കാര്യം അറിഞ്ഞതു പോലെതന്നെ – രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിൽ ആ പ്രഖ്യാപനം നടത്തിയപ്പോൾ!നോട്ടുനിരോധനക്കാര്യം പ്രധാനമന്ത്രി രാഷ്ട്രപതിയുമായി മുൻകൂർ ചർച്ച ചെയ്യുകയോ ഉപദേശം തേടുകയോ ചെയ്തില്ല.

ഈയിടെ പുറത്തുവന്ന, രാഷ്ട്രപതികാലത്തെക്കുറിച്ചുള്ള പ്രണബ് മുഖർജിയുടെ ‘ദ് പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

എന്നാൽ, പ്രധാനമന്ത്രി അങ്ങനെ ചെയ്തതിൽ പരിഭവമുള്ളതായോ അപാകതയുള്ളതായോ പ്രണബ് ആത്മകഥയിൽ പറയുന്നില്ല. ‘നോട്ടുനിരോധനം മുൻകൂർ വെളിപ്പെടുത്താൻ കഴിയുമായിരുന്നില്ലെന്നാണു ഞാൻ കരുതുന്നത്. അത്തരം തീരുമാനങ്ങൾ ഫലം കാണണമെങ്കിൽ അപ്രതീക്ഷിതവും ആശ്ചര്യപ്പെടുത്തുന്നതുമാകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി അക്കാര്യം എന്നോടു ചർച്ച ചെയ്യാതിരുന്നത് എന്നെ അദ്ഭുതപ്പെടുത്തിയില്ല. മാത്രമല്ല, നാടകീയമായ രീതിയിൽ കാര്യങ്ങൾ ചെയ്യുക എന്ന അദ്ദേഹത്തിന്റെ സഹജസ്വഭാവത്തിനു യോജിക്കുന്നതുമായിരുന്നു ആ പ്രഖ്യാപനം’ – പ്രണബ് എഴുതുന്നു.

ടെലിവിഷൻ പ്രഖ്യാപനത്തിനു ശേഷം മോദി രാഷ്ട്രപതി ഭവനിലെത്തി പ്രണബ് മുഖർജിയെ കണ്ട് തന്റെ തീരുമാനം വിശദീകരിച്ചു. 3 ലക്ഷ്യങ്ങളാണു മോദി ചൂണ്ടിക്കാട്ടിയത്: കള്ളപ്പണം നിയന്ത്രിക്കുക, ഭീകരപ്രവർത്തനത്തിന്റെ സാമ്പത്തിക സ്രോതസ്സ് തകർക്കുക, അഴിമതി ഇല്ലാതാക്കുക.‘തന്റെ നീക്കത്തിന് മുൻ ധനകാര്യമന്ത്രി എന്ന നിലയിൽക്കൂടി എന്റെ ശക്തമായ പിന്തുണ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. താങ്കളുടേത് ധീരമായ ചുവടുവയ്പാണെങ്കിലും അതു കുറച്ചുകാലത്തേക്കെങ്കിലും സമ്പദ് വ്യവസ്ഥയുടെ വളർച്ചാവേഗം കുറയ്ക്കുമെന്ന് ഞാൻ ചൂണ്ടിക്കാട്ടി.

ദരിദ്ര വിഭാഗങ്ങൾക്ക് ഇതുമൂലമുണ്ടായേക്കാവുന്ന കഷ്ടപ്പാടുകൾ നേരിടാൻ പ്രത്യേക കരുതൽ വേണമെന്നു ഞാൻ നിർദേശിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, നോട്ടുറദ്ദാക്കൽ എന്ന ആശയത്തിനു പിന്തുണ പ്രഖ്യാപിച്ച് ഞാൻ പ്രസ്താവന നൽകി’’ – പ്രണബ് എഴുതുന്നു. കോൺഗ്രസ് ഭരണകാലത്തും നോട്ടുനിരോധനം ആലോചിച്ചിരുന്നുവെന്ന കാര്യവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

‘വിവേചനം കാണിച്ചില്ല’

രണ്ടു പ്രധാനമന്ത്രിമാർക്കൊപ്പം – ഡോ. മൻമോഹൻ സിങ്ങും നരേന്ദ്ര മോദിയും – പ്രവർത്തിച്ചതിനെക്കുറിച്ച് പ്രണബ് തുറന്നെഴുതുന്നുണ്ട്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളൊന്നുമില്ലെങ്കിലും. വിവാദ വിഷയങ്ങളെക്കുറിച്ച് കരുതലോടെയാണ് പറയുന്നത്.

2016 ൽ ഉത്തരാഖണ്ഡിലും അരുണാചൽ പ്രദേശിലും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെക്കുറിച്ച് പ്രണബ് സൂചിപ്പിക്കുന്നു. കേന്ദ്രസർക്കാരിന് സുപ്രീം കോടതിയിൽനിന്നു തിരിച്ചടിയുണ്ടായതായിരുന്നു രണ്ടു സംസ്ഥാനങ്ങളിലെയും സംഭവങ്ങൾ.

ഉത്തരാഖണ്ഡിനെക്കുറിച്ച് പ്രണബ് എഴുതുന്നത് ഇങ്ങനെ: ‘‘അതിൽ ഞാൻ വിവേചനം കാണിച്ചിട്ടില്ല. ആ ഫയൽ വേണമെങ്കിൽ എനിക്കു മടക്കാമായിരുന്നു. എന്നാൽ, അതുകൊണ്ട് കുറെ വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കപ്പെടുമായിരുന്നു എന്നതിനപ്പുറം ഗുണമൊന്നുമുണ്ടാകില്ലായിരുന്നു.’’ അരുണാചലിൽ, ഭരണഘടനാ പ്രതിസന്ധിയുണ്ടായിരുന്നുവെന്നും രാഷ്ട്രപതി ഭരണം എർപ്പെടുത്തുന്നതിനെക്കുറിച്ച് തന്റെ ഉപദേശം തേടിയപ്പോഴേക്കും സംഗതി കോടതിയിലെത്തിയിരുന്നുവെന്നും പ്രണബ് പറയുന്നു.

(സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാനുള്ള അധികാരം നൽകുന്ന) ഭരണഘടനയുടെ 356 –ാം വകുപ്പ് വിവാദപരമാണെന്നു പറയുന്ന പ്രണബ് അതേസമയം, അതു തുടരണമെന്നു തന്നെയാണ് കരുതുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനോട്, ഒരു സമരക്കാരനെപ്പോലെയല്ല മുഖ്യമന്ത്രി പെരുമാറേണ്ടതെന്ന് ഉപദേശിച്ചതും പ്രണബ് സൂചിപ്പിക്കുന്നുണ്ട്.

‘മോദിയോട് വിയോജിപ്പുകൾ തുറന്നു പറഞ്ഞു’

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബന്ധത്തെക്കുറിച്ച് പ്രണബ് ഇങ്ങനെ എഴുതുന്നു: ‘‘മോദിയുമായി ഉഷ്മളമായ ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാൽ, കൂടിക്കാഴ്ചകളിൽ നയപരമായ കാര്യങ്ങളിൽ ഉപദേശങ്ങൾ നൽകാൻ ഞാൻ മടിച്ചിരുന്നില്ല. പല സന്ദർഭങ്ങളിലും പല വിഷയങ്ങളിലും എന്റെ ആശങ്കകൾ പങ്കുവച്ചിരുന്നു. വിദേശനയത്തിന്റെ സൂക്ഷ്മഭേദങ്ങൾ പെട്ടെന്നു മനസ്സിലാക്കാൻ മോദിക്കു കഴിഞ്ഞു.’’

‘സർജിക്കൽ സ്ട്രൈക് നന്നായി; വാചകമടി മോശം’

വിദേശ യാത്രകൾക്കു പുറപ്പെടും മുൻപ് പ്രധാനമന്ത്രി മോദി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ നിലപാടുകളെക്കുറിച്ച് പ്രണബ് ഉപദേശങ്ങൾ നൽകി. 2014 ലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സാർക് രാജ്യത്തലവന്മാരെ ക്ഷണിക്കാനുള്ള മോദിയുടെ തീരുമാനത്തെ അനുകൂലിച്ചെങ്കിലും സുരക്ഷയെക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോയുമായി ചർച്ച നടത്തണമെന്ന് ഉപദേശിച്ചു.

ഇന്ത്യ – പാക് ബന്ധം മോശമായിരുന്ന ഘട്ടത്തിൽ 2015 ൽ പാക്കിസ്ഥാനോടുള്ള മോദിയുടെ സൗഹൃദനീക്കത്തെ താൻ അനുകൂലിച്ചിരുന്നില്ലെന്നും പ്രണബ് എഴുതുന്നു.

പാക്കിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ അനുകൂലിച്ചെങ്കിലും അതെക്കുറിച്ചുള്ള അമിതമായ വാചകമടി അംഗീകരിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

‘മോദി എതിർസ്വരങ്ങളും കേൾക്കണം’

പാർലമെന്റിന്റെ സുഗമമവും യഥോചിതവുമായ പ്രവർത്തനം ഉറപ്പാക്കുക എന്ന പ്രാഥമിക കർത്ത്യവത്തിൽ ഒന്നാം മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രണബ് വിമർശിക്കുന്നുണ്ട്: ‘‘ഭരണ– പ്രതിപക്ഷങ്ങൾ തമ്മിലുണ്ടായ പരുഷമായ ഇടപെടലുകൾക്കു കാരണമായത് സർക്കാരിന്റെ ബാലിശവും ധാർഷ്ട്യം നിറഞ്ഞതുമായ രീതികളാണ്. പ്രതിപക്ഷത്തിനും അതിൽ ഉത്തരവാദിത്തമുണ്ടെന്നതു സത്യം.’’

രണ്ടാം വട്ടം ഭരിക്കുന്ന മോദിക്ക് പ്രണബ് ഇങ്ങനെ ഉപദേശവും നൽകുന്നു: ‘‘ തന്റെ മുൻഗാമികളിൽനിന്ന് മോദി പ്രചോദനമുൾക്കൊള്ളുകയും പ്രത്യക്ഷമായ നേതൃത്വം നൽകുകയും വേണം. പാർലമെന്റിൽ കൂടുതൽ സമയം ഉണ്ടാവണം. ആദ്യതവണ ഉണ്ടായതു പോലെയുള്ള പാർലമെന്ററി പ്രതിസന്ധികൾ ഒഴിവാക്കണം.

എതിർ സ്വരങ്ങളും കേൾക്കാൻ മോദി തയാറാകണം. പ്രധാനമന്ത്രി പാർലമെന്റിൽ കൂടുതൽ സംസാരിക്കണം. സ്വന്തം കാഴ്ചപ്പാടുകൾ പങ്കുവച്ച് പ്രതിപക്ഷത്തെ വിശ്വസിപ്പിക്കാനും രാഷ്ട്രത്തെ വിവരം ധരിപ്പിക്കാനുമുള്ള വേദിയായി പാർലമെന്റിനെ മോദി കാണണം.’’

വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിൽ വ്യക്തിപരമായ സൗഹൃദങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നു മുൻ രാഷ്ട്രപതി എഴുതുന്നുണ്ട്: ‘‘ബന്ധങ്ങൾ രാഷ്ട്രങ്ങൾ തമ്മിലാണ്. അതിന്റെ നേതാക്കൾ തമ്മിലല്ല. വ്യക്തികൾ തമ്മിലുള്ള അടുപ്പത്തിന് രാജ്യാന്തര ബന്ധങ്ങളിൽ ഒരു മൂല്യവുമില്ല. വ്യക്തിയേതരമാണ് രാജ്യാന്തര ബന്ധങ്ങൾ’’

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ മോദിയാണ് തന്റെ ഏറ്റവും വിശ്വസ്തനായ സുഹൃത്തെന്നു പറഞ്ഞിരുന്നു. ഡോണൾഡ് ട്രംപുമായും ഷി ചിൻപിങ്ങുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് മോദിയും പറഞ്ഞിട്ടുണ്ട്.

‘മമത യുപിഎ വിടില്ലായിരുന്നു’

മോദിക്കു മാത്രമല്ല, കോൺഗ്രസിനും പ്രണബ് ഉപദേശം നൽകുന്നുണ്ട്. ‘‘പ്രതിസന്ധി ഘട്ടങ്ങളിൽ അതിനനുസൃതമായ നേതൃത്വശൈലി രൂപപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾക്കു കഴിയണം. ഞാൻ യുപിഎ സർക്കാരിൽ ധനമന്ത്രിയായി തുടർന്നിരുന്നുവെങ്കിൽ മമത ബാനർജി സഖ്യത്തിൽ തുടരുന്നുവെന്ന് ഉറപ്പാക്കിയേനെ. 

സോണിയ ഗാന്ധിയുടെ തീരുമാനങ്ങൾ മഹാരാഷ്ട്രയിലും തെറ്റി. ശിവ്‍രാജ് പാട്ടീലിനെയോ സുഷീൽ കുമാർ ഷിൻഡെയെയോ ഞാനായിരുന്നുവെങ്കിൽ തിരികെ കൊണ്ടുവരുമായിരുന്നു; വിലാസ്റാവു ദേശ്മുഖിനെ പോലെ കരുത്തരായ നേതാക്കൾ മഹാരാഷ്ട്രയിൽ ഇല്ലാതിരിക്കെ. തെലങ്കാന രൂപീകരണം ഞാൻ അനുവദിക്കുമായിരുന്നില്ല. ഞാൻ സജീവ രാഷ്ട്രീയത്തിൽ തുടർന്നിരുന്നുവെങ്കിൽ 2014 ലെ തിരഞ്ഞെടുപ്പിലുണ്ടായ പോലൊരു തകർച്ച കോൺഗ്രസിന് സംഭവിക്കുമായിരുന്നില്ല.

വിവാദങ്ങൾക്കൊടുവിൽ പുസ്തകം

‘പ്രസിഡൻഷ്യൽ ഇയേഴ്സ്’ പുറത്തുവരും മുൻപേ വിവാദമുണ്ടായിരുന്നു. പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി താൻ വായിച്ച്, തന്റെ അനുമതിയോടെ മാത്രമേ പുസ്തകം പ്രസിദ്ധീകരിക്കാവൂ എന്ന് പ്രസാധകരോട് ആവശ്യപ്പെട്ടപ്പോൾ, പുസ്തകം താൻ കണ്ടതാണെന്നും തടയരുതെന്നും മകൾ ശർമിഷ്ഠ മുഖർജി ആവശ്യപ്പെട്ടു. ഇരുവരും തമ്മിൽ ട്വിറ്ററിൽ നടന്ന പരസ്യ സംവാദം വാർത്തയായിരുന്നു.

‘ഷി ചിൻപിങ് എല്ലാം കേട്ടു, ഇംഗ്ലിഷിൽ!’

ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും സംഭാഷണങ്ങളും പുസ്തകത്തിൽ കടന്നുവരുന്നുണ്ട്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അതിഥിയായെത്തിയ റിപ്പബ്ലിക് ദിന പരേഡിനിടെ മഴ പെയ്തതും തന്റെ വാഹനത്തിൽ യാത്ര ചെയ്യാൻ അമേരിക്കൻ സുരക്ഷാ ഏജൻസികൾ ഒബാമയെ അനുവദിക്കാതിരുന്നതും പ്രണബ് വിവരിക്കുന്നു.

ചൈന സന്ദർശനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായുള്ള അത്താഴവിരുന്നിലെ രസകരമായ സംഭാഷണം പ്രണബ് ഒർത്തെഴുതുന്നുണ്ട്: ‘‘വിരുന്നിനിടെ ദ്വിഭാഷികളുടെ സഹായമില്ലാതെ ഒരുമണിക്കൂറോളം ഷിയുമായി സംസാരിച്ചു. ഇന്ത്യയുടെ ഭരണകൂടം, ഭരണഘടനാ ചട്ടക്കൂട്, ചരിത്രസന്ധികൾ ഇതേക്കുറിച്ചൊക്കെ ഷി ചോദിച്ചു. ഞാൻ ഇംഗ്ലിഷിലാണു സംസാരിച്ചതെങ്കിലും ദ്വിഭാഷിയുടെ സഹായം അദ്ദേഹം തേടിയില്ല.

മക്മോഹൻ ലൈൻ പോലെയുള്ള ചില കാര്യങ്ങളെക്കുറിച്ചു പറഞ്ഞപ്പോൾ മാത്രമാണ് ദ്വിഭാഷിയുടെ വിശദീകരണം വേണ്ടി വന്നത്. ഞങ്ങൾ തമ്മിൽ സംസാരിച്ചതെന്തെന്ന് മറ്റ് അതിഥികൾക്കൊന്നും പിടികിട്ടിയില്ല. വിരുന്ന് അവസാനിച്ചപ്പോൾ അന്നു വിദേശകാര്യ സെക്രട്ടറിയായിരുന്ന എസ്. ജയശങ്കർ ഓടിവന്ന് എന്തെങ്കിലും സുപ്രധാന കാര്യങ്ങൾ സംസാരിച്ചോ എന്ന് അന്വേഷിച്ചു. ഞാൻ പറഞ്ഞു: ഒരേയൊരു പ്രധാനകാര്യമേ സംസാരിച്ചുള്ളൂ. ഇന്ത്യയുടെ ഭരണഘടനയും 1950 കൾ മുതലുള്ള അതിന്റെ പ്രവർത്തനവും!’’ദലൈ ലാമയെ നേരിട്ടു സന്ദർശിച്ച അപൂർവം രാഷ്ട്രപതിമാരിലൊരാളായിരുന്നു പ്രണബ്. സന്ദർശനം വ്യക്തിപരമായിരുന്നുവെന്ന് ചൈനയോട് താൻ വ്യക്തമാക്കിയതായി പ്രണബ് എഴുതുന്നു.

പാക്കിസ്ഥാന് ആയുധങ്ങൾ ലഭ്യമാക്കുന്നതിലുള്ള ഇന്ത്യയുടെ ആശങ്ക റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമായി മനസ്സിലാക്കിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

Content Highlight: Pranab Mukherjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com