കോവിഡ് ബാധിതർ 36 ലക്ഷം
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കവിഞ്ഞു. ഇതിൽ 27.7 ലക്ഷം പേർ പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടപ്പോൾ 64,500 ലേറെ പേർ മരിച്ചു.
പ്രതിദിനക്കണക്കിൽ ഇന്ത്യയിൽ റെക്കോർഡ് വർധന തുടരുകയാണ്. ശനിയാഴ്ച മാത്രം 78,761 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 948 പേർ മരിച്ചു.
പ്രണബിന്റെ നിലയിൽ മാറ്റമില്ല
ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല. രക്തയോട്ടവും നാഡിമിടിപ്പും സാധാരണ ഗതിയിലായെങ്കിലും കോമ അവസ്ഥയിൽ നിന്നു മുക്തനായിട്ടില്ല. തലച്ചോറിൽ രക്തം കട്ടപിടിച്ചതു നീക്കം ചെയ്യാൻ ആർമിയുടെ റിസർച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പ്രണബിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 10നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എസ്‌പിബിയുടെ നില മെച്ചപ്പെടുന്നു
ചെന്നൈ ∙ കോവിഡ് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് എംജിഎം ഹെൽത് കെയർ ആശുപത്രി അറിയിച്ചു. എക്മോ ചികിത്സ തുടരുകയാണ്. വെന്റിലേറ്റർ സഹായം നീക്കിയിട്ടില്ലെങ്കിലും ശ്വാസകോശത്തിന്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ പറഞ്ഞു.