ADVERTISEMENT

കെപിസിസി അധ്യക്ഷനായി 1973 ൽ തിരഞ്ഞെടുക്കപ്പെട്ട് അധികം കഴിയും മുൻപുള്ള ഡൽഹി യാത്ര. പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷയുമായ ഇന്ദിര ഗാന്ധിയുമായി കൂടിക്കാഴ്ചയാണു ലക്ഷ്യം. വിദ്യാർഥി യൂണിയനിലും യൂത്ത് കോൺഗ്രസിലും പ്രവർത്തിക്കുന്ന കാലം മുതലേ ബംഗാൾ നേതാക്കളുമായി അടുത്ത ബന്ധമാണ്. അതുകൊണ്ടു തന്നെ ഇന്ദിരാജിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കണ്ടത് പ്രിയരഞ്ജൻ ദാസ് മുൻഷിയെയും സുബ്രത മുഖർജിയെയുമൊക്കെയാണ്. അവരാണ് ‘കംപ്യൂട്ടർ മെമ്മറിയുള്ള’ യുവ കേന്ദ്രമന്ത്രിയുടെ അടുത്തേക്ക് എന്നെ കൊണ്ടുപോയത്. പതിറ്റാണ്ടുകൾ നീണ്ട ഊഷ്മളമായ അടുപ്പത്തിന്റെ തുടക്കമായിരുന്നു അത്.

ആദ്യ കാഴ്ചയിൽ പ്രണബ്ജി പറഞ്ഞത് ബംഗാളിലെ മിഡ്നാപുരിൽ 1969 ൽ വി.കെ. കൃഷ്ണമേനോന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചതിനെക്കുറിച്ചാണ്. കൊൽക്കത്തയിലെ മലയാളികളുമായുള്ള അടുപ്പവും അദ്ദേഹത്തിനു കേരളത്തോടുള്ള ഇഷ്ടം കൂട്ടി. ‌

കേരളത്തിലെ കോൺഗ്രസിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നപ്പോഴെല്ലാം പ്രണബ്ജിയുടെ നിതീബോധവും സ്നേഹവും ആവോളം അനുഭവിച്ചവരായിരുന്നു ഞാനും ലീഡർ കെ. കരുണാകരനും. ലീഡറോടാണ് പ്രണബ്ജിക്ക് ഇഷ്ടം കൂടുതലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, തീരുമാനങ്ങളിൽ ആ ഇഷ്ടം ബാധിച്ചില്ല. ഏറ്റവുമൊടുവിൽ 2004 ൽ ഉമ്മൻ ചാണ്ടിയെ പാർലമെന്ററി പാർട്ടി ലീഡറായി തിര‍ഞ്ഞെടുക്കുന്ന ഘട്ടത്തിലും പ്രണബ്ജിയുടെ നിർണായക ഇടപെടലുകളുണ്ടായിരുന്നു.

എത്ര സങ്കീർണമായ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടുപിടിക്കുന്ന ആൾ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഇന്ദിരയുടെ വിശ്വസ്തനായ അനുയായിയും സഹപ്രവർത്തകനുമായിരുന്ന അദ്ദേഹം സോണിയ ഗാന്ധി വരെയുള്ളവർക്ക് ഏതു പ്രതിസന്ധിയിലും പരിഹാരവഴി പറഞ്ഞു കൊടുത്തിരുന്നു.

അദ്ദേഹം ആദ്യം ധനമന്ത്രിയാകുമ്പോൾ അതിരൂക്ഷമായിരുന്നു രാജ്യത്തിന്റെ ധനസ്ഥിതി. എന്നിട്ടും ലോകബാങ്കിനു കൊടുക്കാനുള്ള അവസാന തുകയും അദ്ദേഹം അടച്ചുതീർത്തു. ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിക്കാതെ നോക്കിയതും പ്രണബിന്റെ മിടുക്കായിരുന്നു.

 അതേ മന്ത്രിസഭയിൽ വിദേശകാര്യ വകുപ്പിന്റെ ചുമതലയിലിരിക്കെയാണു മുംബൈയിലെ ഭീകരാക്രമണം. സൈനിക നടപടിയാണു പരിഹാരമെന്ന മുറവിളിക്കിടയിലും സംയമനത്തോടെ മൻമോഹൻ സിങ്ങും പ്രണബും നയതന്ത്ര ഇടപെടൽ വഴി പാക്കിസ്ഥാനെ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തി. യുഎസും റഷ്യയും മാത്രമല്ല, ഇസ്‍ലാമിക രാജ്യങ്ങൾ പോലും ഇന്ത്യയ്ക്ക് അനുകൂലമായി നിലപാടെടുത്തു. പ്രതിരോധ മന്ത്രിയായിരിക്കെ ഇന്ത്യൻ സേനയും ആ നേതൃമികവ് അറിഞ്ഞു.

യുപിഎ സർക്കാരിന്റെ ഭാഗമായിരിക്കെ ദിവസേന അദ്ദേഹത്തോട് അടുത്തിടപഴകാൻ അവസരം ലഭിച്ചു. കോർ കമ്മിറ്റി യോഗങ്ങൾക്കു മുൻപുള്ള ആലോചനകൾക്കായി പലപ്പോഴും അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയിട്ടുണ്ട്. 

രാത്രി വൈകിയുള്ള യോഗങ്ങൾക്കു ശേഷവും മുന്നിൽ പെട്ടികൾ നിറയെ എത്തിയിരുന്ന ഫയലുകൾ വായിച്ചു പരിശോധിച്ച ശേഷം മാത്രം ഉറങ്ങാൻ പോയിരുന്ന അദ്ദേഹത്തിനു ജോലി ഹരമായിരുന്നു. 

പെട്ടെന്നു ദേഷ്യപ്പെടുന്ന അദ്ദേഹത്തിന്റെ സ്വഭാവം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. മന്ത്രിസഭാ യോഗത്തിനിടയിൽ പോലും അതു നേരിൽ കണ്ടിട്ടുമുണ്ട്. 

മുന്നിൽ ആരാണെന്നു നോക്കാതെ ക്ഷോഭിച്ചെന്നിരിക്കും. പക്ഷേ, നിമിഷനേരം കൊണ്ട് അദ്ദേഹം സ്നേഹമയനാകും. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി തീരാനഷ്ടമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com