പ്രണബിന്റെ പുസ്തകം: തർക്കിച്ച് മക്കൾ
Mail This Article
ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ‘ദ് പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന ഓർമക്കുറിപ്പിനെച്ചൊല്ലി മക്കൾ തമ്മിൽ തർക്കം. പുസ്തകം തന്റെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കരുതെന്നു മകൻ അഭിജിത് മുഖർജി പറയുമ്പോൾ, പിതാവിന്റെ അവസാന പുസ്തകത്തിന്റെ പ്രസിദ്ധീകരണം മുടക്കരുതെന്നാണ് മകൾ ശർമിഷ്ഠയുടെ അഭ്യർഥന.
കോൺഗ്രസിനെ വിമർശിക്കുകയും സോണിയ ഗാന്ധി, ഡോ. മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവരെക്കുറിച്ചടക്കം പരാമർശിക്കുകയും ചെയ്യുന്ന പുസ്തകം അടുത്തമാസം പുറത്തുവരുമെന്നാണ് പറഞ്ഞിരുന്നത്. പ്രണബ് മുഖർജിയുടെ ഓർമകളുടെ മൂന്നാം ഭാഗമാണിത്. താൻ രാഷ്ട്രപതി സ്ഥാനത്തേക്കു മാറിയതോടെ കോൺഗ്രസിന് രാഷ്ട്രീയ ദിശ നഷ്ടമായി എന്നതടക്കം പുസ്തകത്തിലെ ചില പരാമർശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
ശർമിഷ്ഠ കോൺഗ്രസ് ദേശീയ വക്താവും അഭിജിത് മുൻ എംപിയുമാണ്. ട്വിറ്ററിലായിരുന്നു സഹോദരങ്ങളുടെ വാക്പോര്. പുസ്തകത്തിന്റെ പേരു തിരുത്തി അഭിജിത് വീണ്ടും ട്വീറ്റു ചെയ്തു.
Content highlights: Controversy over Pranab's books