ADVERTISEMENT

ന്യൂഡൽഹി ∙ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർഥിയായി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറെ ബിജെപി പ്രഖ്യാപിച്ചു. പ്രതിപക്ഷ സ്ഥാനാർഥിയെ തീരുമാനിക്കാൻ ഇന്നു 3ന് ശരദ് പവാറിന്റെ വസതിയിൽ യോഗം ചേരും. 

അടുത്ത മാസം 6നു നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ഒറ്റയ്ക്കു ജയിപ്പിക്കാനുള്ള അംഗബലം ബിജെപിക്കുണ്ട്. രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങൾക്കാണ് വോട്ടവകാശം. നിലവിൽ ഇരുസഭകളിലുമായി 780 അംഗങ്ങളുണ്ട്. ഇതിൽ ബിജെപിക്ക് 394 പേരുണ്ട് (ലോക്സഭയിൽ 303, രാജ്യസഭയിൽ 91). കേവലഭൂരിപക്ഷത്തിനു 391 മതി. എൻഡിഎയിയുള്ള മറ്റു കക്ഷികളെയും ഭരണപക്ഷത്തോടു സഹകരിക്കാറുള്ള ബിജെഡി, വൈഎസ്ആർസിപി തുടങ്ങിയ കക്ഷികളെയുമെടുത്താൽ ഏകദേശം 550 വോട്ട് ധൻകറിനു ലഭിക്കാം. 

രാജസ്ഥാനിലെ ജുൻജുനു ജില്ലക്കാരനായ ധൻകർ (71)  ഹൈക്കോടതിയിലും സുപ്രീം കോടതിയിലും  അഭിഭാഷകനായി പേരെടുത്തു. 1989ൽ ജനതാദൾ ടിക്കറ്റിൽ  ലോക്സഭാംഗമായി. വി.പി.സിങ് മന്ത്രിസഭയിൽ പാർലമെന്ററികാര്യ ഉപമന്ത്രിയായിരുന്നു. 1993ൽ കോൺഗ്രസ് ടിക്കറ്റിൽ രാജസ്ഥാൻ നിയമസഭാംഗമായി. 2003ൽ ബിജെപിയിൽ ചേർന്നു.

2019 ജൂലൈയിലാണ് ബംഗാൾ ഗവർണറായത്. മുഖ്യമന്ത്രി മമത ബാനർജിയുമായി ധൻകർ നടത്തിയ നിരന്തര ഏറ്റുമുട്ടൽ ദേശീയശ്രദ്ധ നേടിയിരുന്നു. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷൻ. ധൻകർ ജയിച്ചാൽ പാർലമെന്റിന്റെ ഇരുസഭകളുടെയും അധ്യക്ഷൻമാർ രാജസ്ഥാനിൽനിന്നാകും. ലോക്സഭാ സ്പീക്കർ ഓം ബിർലയും രാജസ്ഥാൻകാരനാണ്. 

∙ ‘കർഷകപുത്രനായ ജഗ്ദീപ് ധൻകർ വിനയമുള്ളയാളാണ്. നിയമ, നിയമ നിർമാണ മേഖലകളിലും ഗവർണറായും മികച്ച പ്രവർത്തനം കാഴ്ചവച്ചു. കർഷകരുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായാണ് അദ്ദേഹം എന്നും പ്രവർത്തിച്ചത്.’ – പ്രധാനമന്ത്രി നരേന്ദ്ര മോദി

English Summary: NDA's candidate for the post of Vice President of India to be Jagdeep Dhankhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com