4 ഭാരതരത്നം സമ്മാനിച്ചു; അഡ്വാനിക്ക് ഇന്ന്
Mail This Article
ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹറാവു, ചരൺ സിങ്, ബിഹാർ മുൻമുഖ്യമന്ത്രി കർപൂരി ഠാക്കൂർ, കാർഷിക ശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥൻ എന്നിവർക്കു ഭാരതരത്നം മരണാനന്തര ബഹുമതിയായി രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു.
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ നരസിംഹറാവുവിനു വേണ്ടി മകൻ പി.വി.പ്രഭാകർ റാവുവും ചരൺ സിങ്ങിനു വേണ്ടി കൊച്ചുമകനും രാജ്യസഭാംഗവുമായ ജയന്ത് ചൗധരിയും ഭാരതരത്നം ഏറ്റുവാങ്ങി. എം.എസ്.സ്വാമിനാഥനു വേണ്ടി മകളും യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ പ്രഫസറുമായ ഡോ.നിത്യ റാവുവും കർപൂരി ഠാക്കൂറിനു വേണ്ടി മകനും രാജ്യസഭാംഗവുമായ രാംനാഥ് ഠാക്കൂറും ബഹുമതി സ്വീകരിച്ചു.
മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപകരിലൊരാളുമായ എൽ.കെ. അഡ്വാനിക്ക് ഇന്ന് അദ്ദേഹത്തിന്റെ വസതിയിലെത്തി രാഷ്ട്രപതി ഭാരതരത്നം സമ്മാനിക്കും. അഡ്വാനിയുടെ അനാരോഗ്യം കണക്കിലെടുത്താണിത്. മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിക്കും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കും വീട്ടിലെത്തിയാണ് ഭാരതരത്നം സമ്മാനിച്ചത്.