ബാബാ സിദ്ദിഖി വധം: സുരക്ഷാ ഉദ്യോഗസ്ഥന് സസ്പെൻഷൻ
Mail This Article
മുംബൈ∙ മഹാരാഷ്ട്ര മുൻമന്ത്രി ബാബ സിദ്ദിഖി വെടിയേറ്റു കൊല്ലപ്പെട്ട സമയത്ത് സുരക്ഷാചുമതലയിൽ ഉണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ ശ്യാം സോനാവാനയെ സസ്പെൻഡ് ചെയ്തു. വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
അതേസമയം, കൊലപ്പെടുത്താനുള്ള ആയുധങ്ങൾ മുഖ്യപ്രതിക്ക് കൈമാറിയത് അറസ്റ്റിലായ 5 പേരാണെന്നും ലോറൻസ് ബിഷ്ണോയ് സംഘവുമായി ഇവർക്ക് അടുത്തബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. സിദ്ദിഖിയെ കൊല്ലാനായി 50 ലക്ഷം രൂപയുടെ ക്വട്ടേഷൻ ലഭിച്ച അഞ്ചംഗസംഘം തുകയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പിന്മാറിയെങ്കിലും വധഗൂഢാലോചനയിൽ പങ്കാളികളാകുകയായിരുന്നു.
അതിനിടെ, ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണിയെത്തുടർന്ന് നടൻ സൽമാൻ ഖാൻ കുടുംബാംഗങ്ങൾക്കായി പുതിയ ബുള്ളറ്റ് പ്രൂഫ് കാർ ഇറക്കുമതി ചെയ്യുന്നു. രണ്ടു കോടി രൂപ വില വരുന്ന വാഹനം ദുബായിൽ നിന്നാണ് എത്തിക്കുക. ബാബാ സിദ്ദിഖിയുമായി സൽമാൻ അടുത്ത സൗഹൃദം ഉണ്ടായിരുന്നു.