ചോദ്യം ചെയ്യൽ ഓഫിസ് സമയത്ത് മാത്രം; ഇ.ഡി സർക്കുലർ ഇറക്കി
Mail This Article
ന്യൂഡൽഹി ∙ പാതിരാത്രിയുള്ള ചോദ്യം ചെയ്യൽ വേണ്ടെന്നു വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കു സർക്കുലർ അയച്ചു. ചോദ്യം ചെയ്യലും മൊഴി രേഖപ്പെടുത്തലും ഓഫിസ് സമയത്തു മാത്രമാക്കി നിജപ്പെടുത്തണമെന്നാണ് നിർദേശം. ബോംബെ ഹൈക്കോടതി കഴിഞ്ഞ മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ തിരുത്തൽ നടപടി.
അന്വേഷണം നേരിടുന്നവരാണെങ്കിലും ഉറങ്ങാനുള്ള അവരുടെ അവകാശത്തെ മാനിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ചോദ്യം ചെയ്യൽ സമയത്തിന്റെ കാര്യത്തിൽ ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ തിരുത്തൽ നടപടി ഇ.ഡി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർക്കു മാത്രമായുള്ളതായിരുന്നു ഇ.ഡിയുടെ സർക്കുലർ. എന്നാൽ, ഇക്കാര്യം ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടെ നൽകാനാണ് ബോംബെ ഹൈക്കോടതി നിർദേശിച്ചത്.
വ്യവസായിയായ രാം ഇസ്രാണിയുടെ ഹർജി പരിഗണിക്കവേയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ രീതിയിൽ കോടതി സംശയമുന്നയിച്ചത്. പിഎംഎൽഎ കേസിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച ഇസ്രാണിയെ രാത്രി മുഴുവൻ ഇ.ഡി ഓഫിസിൽ ഉദ്യോഗസ്ഥർ കാത്തിരുത്തിയിരുന്നു. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയെങ്കിലും ഉറങ്ങാനുള്ള അവകാശം ലംഘിച്ചതിൽ കോടതി വിമർശനം ഉയർത്തിയിരുന്നു.