ബിജെപി 148, കോൺഗ്രസ് 103; മഹാരാഷ്ട്രയിൽ സീറ്റുറപ്പിച്ച് പ്രമുഖ നേതാക്കൾ
Mail This Article
മുംബൈ∙മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 103 സീറ്റിൽ മത്സരിക്കും. ശിവസേന (ഉദ്ധവ്) 96, എൻസിപി(ശരദ് പവാർ) 85 എന്നിങ്ങനെയാണ് ഇന്ത്യാ മുന്നണിയിലെ സീറ്റ് വിഭജനം. സമാജ്‌വാദി പാർട്ടിക്കും സിപിഎമ്മിനും രണ്ടു സീറ്റുകൾ വീതം ലഭിച്ചിട്ടുണ്ട്. എൻഡിഎയിൽ ബിജെപി 148 സീറ്റിൽ മത്സരിക്കും. ഷിൻഡെ പക്ഷം 85 സീറ്റുകൾ നേടിയപ്പോൾ അജിത് വിഭാഗം 51 സീറ്റുകളിലാണു മത്സരിക്കുന്നത്. ഷിൻഡെ പക്ഷം എട്ടു ബിജെപി സ്ഥാനാർഥികൾക്ക് സീറ്റ് നൽകിയാണ് അവസാന നിമിഷം വരെ നീണ്ട തർക്കങ്ങൾ പരിഹരിച്ചത്. എൻസിപി അജിത് പക്ഷവും രണ്ട് ബിജെപി നേതാക്കളെ സ്ഥാനാർഥികളാക്കി. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ വച്ചുമാറിയ തന്ത്രം ഗുണം ചെയ്യുമോ എന്നറിയാൽ ഫലം അറിയുന്നതുവരെ കാത്തിരിക്കേണ്ടിവരും.
-
Also Read
ബിജെപി നേതാക്കൾ കീഴടങ്ങി
ബിജെപിയുടെ എതിർപ്പ് മറികടന്ന് അജിത് പവാർ വിഭാഗം മുൻമന്ത്രി നവാബ് മാലിക്കിന് സീറ്റ് നൽകി. ദാവൂദ് ഇബ്രാഹിം സംഘവുമായുള്ള ബന്ധം ആരോപിച്ചാണ് മാലിക്കിനെതിരെ ബിജെപി രംഗത്തെത്തിയത്. വ്യാജരേഖകൾ ഹാജരാക്കി സിവിൽ സർവീസ് നേടിയ പൂജ ഖേദ്കറുടെ അച്ഛൻ ദിലീപ് ഖേദ്കർ ഇത്തവണ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കറുടെ പാർട്ടിക്കു വേണ്ടി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. നവംബർ നാലാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 20നാണ് പോളിങ്.