എണ്ണ 10% കുറയ്ക്കാം; അമിതവണ്ണം നേരിടാം: മൻ കീ ബാത്തിൽ പ്രധാനമന്ത്രി

Mail This Article
ന്യൂഡൽഹി∙ അമിതവണ്ണം തടയാനായി ഭക്ഷ്യ എണ്ണയുടെ ഉപയോഗം 10% കുറയ്ക്കാനുള്ള ചാലഞ്ച് എല്ലാവരും ഏറ്റെടുക്കണമെന്ന് ‘മൻ കീ ബാത്ത്’ പ്രഭാഷണപരമ്പരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. 10% ഉപയോഗം കുറയ്ക്കാനായി മറ്റ് 10 പേരെ ഓരോരുത്തരും ചാലഞ്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഈ ചാലഞ്ച് താനും ചെയ്യുമെന്നും അറിയിച്ചു. എണ്ണയുടെ അമിതമായ ഉപയോഗം ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം അടക്കമുള്ള രോഗങ്ങൾക്കു കാരണമാകാം. ഭക്ഷ്യശീലങ്ങളിലെ ചെറിയ മാറ്റങ്ങൾ വഴി ഭാവി ശോഭനമാകും. ആരോഗ്യമുള്ള രാജ്യമായിരിക്കാൻ അമിതവണ്ണത്തെ നേരിടേണ്ടതുണ്ട്. അമിതവണ്ണമുള്ളവരുടെ എണ്ണത്തിൽ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ വർധനയുണ്ടായി.ഏറ്റവും ആശങ്കപ്പെടുത്തുന്നത് കുട്ടികളിലെ വർധനയാണ്– അദ്ദേഹം പറഞ്ഞു.
മാർച്ച് എട്ടിന് ലോക വനിതാ ദിനത്തിൽ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വിവിധ മേഖലകളിൽ നേട്ടം കൊയ്ത വനിതകൾ പ്രവർത്തിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ അനുഭവങ്ങളും പ്രവർത്തനങ്ങളും ഈ അക്കൗണ്ടുകളിൽ പങ്കുവയ്ക്കും.