കാലാവസ്ഥാ പ്രവചനം: ഉയർന്ന താപനില; കടന്നുപോയത് ഏറ്റവും ചൂടേറിയ ഫെബ്രുവരി മാസം

Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് ഇത്തവണ വേനൽ നേരത്തേ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം. മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണ ഉണ്ടാകുന്നതിനേക്കാൾ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വസന്തകാലത്തിന്റെ ദൈർഘ്യം കുറയുമെന്നും വേനൽക്കാലം ശക്തമാകുമെന്നുമാണ് പ്രവചനം. കടൽത്തീരമുള്ള സംസ്ഥാനങ്ങളിൽ പതിവിലും അധികം ദിവസങ്ങളിൽ ഉഷ്ണതരംഗം ഉണ്ടായേക്കും.
രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടകയുടെ വടക്കൻ ഭാഗങ്ങൾ എന്നിവയാണ് ചൂടിന്റെ ആഘാതം കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ.
കഴിഞ്ഞ 124 വർഷത്തിനിടയിൽ ഏറ്റവും ചൂടേറിയ ഫെബ്രുവരി മാസമാണ് കടന്നുപോയത്. ഈ മാസം ചൂട് ഇനിയും കൂടും. കഴിഞ്ഞ മാസം ശരാശരി പ്രതിമാസ താപനില 22.04 ഡിഗ്രി ആയിരുന്നു. ഇത് രാജ്യത്തെ ദീർഘകാല ശരാശരി ചൂടിനേക്കാൾ 1.34 ഡിഗ്രി കൂടുതലാണ്. അതേസമയം, മാർച്ചിൽ രാജ്യത്തുടനീളം സാധാരണ ഗതിയിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.