ADVERTISEMENT

മലയാള കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ തലയോലപ്പറമ്പിലാണ് ആദ്യമായി സ്വന്തമായൊരു വീടുവച്ചത്. വലിയൊരു അനീതിയോട് പടവെട്ടി, ഒരു കല്ലുവെട്ടുകുഴി നിരത്തി, എഴുത്തുകാരൻ കഷ്ടപ്പെട്ട് പണിത വീട്. 

ബഷീറിനെന്തിനാ ഇപ്പോൾ പണം?

ചൂടപ്പം പോലെ വിറ്റുപോയ തങ്കപ്പെട്ട പുസ്തകങ്ങളുടെ റോയൽറ്റി തുക വാങ്ങാൻ ചെന്ന ബഷീറിനോട് പ്രസാധകർ അൽപം കടുപ്പത്തിൽ ചോദിച്ചു– ‘ബഷീറിനെന്തിനാ ഇപ്പോൾ പണം?’ 

മൂവാറ്റുപുഴയാറിന്റെ തീരത്തു കണ്ടെത്തിയ തെങ്ങുംപറമ്പുമുൾപ്പെടെയൊരു സുന്ദരൻ വീടു വാങ്ങാൻ മനക്കോട്ട പണിത എഴുത്തുകാരന്റെ ചങ്കു തകർന്നു പോയി. സമയം കടന്നു പോയതോടെ വാങ്ങാൻ കൊതിച്ച ആ വീടും പറമ്പും മറ്റൊരാൾ സ്വന്തമാക്കി. റോയൽറ്റി പ്രസാധകന്റെ കൈവശം ഇരുന്നിട്ടു ബേപ്പൂർ സുൽത്താന് എന്തു ഗുണം! 

pathummayude-aadu-characters
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ പാത്തുമ്മയുടെ ആടിലെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളായ ഖദീജ, സെയ്തുമുഹമ്മദ്, പാത്തുകുട്ടി, ആരിഫ.

ഇതോടെ സ്വന്തം വകയായുള്ള പന്ത്രണ്ടു സെന്റ്് സ്ഥലത്തു വീടുവയ്ക്കാൻ തീരുമാനിച്ചു. കുഴിയാനയല്ല, യഥാർഥ ആന നിന്നാൽ കാണാത്ത, കല്ലു വെട്ടിയെടുത്ത കുഴിയാണ്. പ്രസാധകനെ വീണ്ടും സമീപിച്ചു. ‘ഞാനും ഭാര്യയും വാടകവീട്ടിലാണ്. സ്വന്തമായി ഒരു വീടു വേണം. ചെറിയ ഒരു സ്ഥലം കൈവശമുണ്ട്’. ഈ ആവശ്യം അംഗീകരിക്കപ്പെട്ടു. വീടുപണി തീരുന്ന മുറയ്ക്ക് അഞ്ഞൂറു രൂപ വീതം ഗഡുക്കളായി തരാമെന്ന് കരാർ. ഒരു വർഷത്തെ ശ്രമഫലമായി ഇരുപതിനായിരം രൂപയ്ക്കു വീടു പൂർത്തിയായി. പേരുമിട്ടു– അസ്ഹർ കോട്ടേജ്. ഈജിപ്തിലെ കയ്റോ നഗരത്തിലെ പുരാതന സർവകലാശാലയാണ് അൽ അസ്ഹർ. അതിന്റെ ഓർമയ്ക്കാണ് വീടിന് ആ പേരിട്ടത്. 

ദുനിയാവിലെ തന്നെ വമ്പൻ ഓർഡർ

കോട്ടയത്തു സാഹിത്യപ്രവർത്തക സഹകരണസംഘം രൂപംകൊണ്ടപ്പോൾ ബഷീറും അംഗമായി. അതോടെ ബഷീറിന്റെ പുസ്തകങ്ങൾ മംഗളോദയത്തിൽനിന്നു പിൻവലിച്ചു. അക്കാലത്താണ് ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ പാഠപുസ്തകമാകുന്നത്. അന്ന് ഇഎംഎസാണ് മുഖ്യമന്ത്രി. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയും. ഒരു ലക്ഷം കോപ്പികളുടെ ഓർഡർ ഗവൺമെന്റിൽ നിന്നു കിട്ടി. പുസ്തകത്തിന്റെ വിലയുടെ 40 ശതമാനം ബഷീറിനും ബാക്കി സംഘത്തിനും. ഇതിനിടയിൽ എറണാകുളത്തെ ‘ബഷീർസ് ബുക്സ്റ്റാൾ’ സംഘത്തിനു വിറ്റു. 

ലാഭത്തിന് ഒരു കാർ

ഒരു ലക്ഷം കോപ്പികൾ എന്നൊക്കെ പറഞ്ഞെങ്കിലും സർക്കാർ അൻപതിനായിരമേ വാങ്ങിയുള്ളൂ. ഇതിനെതിരെ സംഘം കേസു കൊടുക്കാൻ തീരുമാനിച്ചു. അതിനായി 40 ശതമാനം റോയൽറ്റി തുകയെന്നത് ഇരുപതാക്കി ബഷീർ കുറച്ചു. സർക്കാർ രൊക്കം തുക കൊടുത്ത് അൻപതിനായിരം കോപ്പി കൂടി വാങ്ങി. പക്ഷേ, ബഷീറിനു കിട്ടിയ റോയൽറ്റി 20 ശതമാനം തന്നെ. അധികമായി കിട്ടിയ തുക കൊണ്ട് സാഹിത്യ പ്രവർത്തക സഹകരണ സംഘം ആദ്യമായി ഒരു കാർ വാങ്ങി. 

കിണർ വറ്റാത്ത ഭാർഗവീനിലയം

ബഷീറും ഭാര്യ ഫാബിയും 6 വർഷം തലയോലപ്പറമ്പിലെ പുതിയ വീട്ടിൽ താമസിച്ചു. ഇക്കാലത്താണ് ‘ഭാർഗവീനിലയം’ സിനിമയുടെ തിരക്കഥ എഴുതിയത്. പിന്നീട് ആ വീട് ഫെഡറൽ ബാങ്കിനു വിറ്റ് ബഷീർ കുടുംബസമേതം കോഴിക്കോട്ടേക്കു പോയി. ഭാർഗവീനിലയം പിറന്ന തലയോലപ്പറമ്പിലെ ആ വീട് പിൽക്കാലത്തു പൊളിച്ച് പുതിയ മന്ദിരം പണിതെങ്കിലും അടുക്കള ഭാഗത്തുള്ള കിണർ നിലനിർത്തി. ഫെഡറൽ ബാങ്ക് ആ കെട്ടിടത്തിന് ‘ഫെഡറൽ നിലയം’ എന്നു പേരുമിട്ടു. ഒരു വിശിഷ്ട സാഹിത്യകൃതി ജനിച്ച സ്ഥലത്തു നിർമിച്ച മന്ദിരത്തിന് ഇടാവുന്ന ഉചിതമായ പേര്.

English Summary: Vaikom Muhammad Basheer

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com