പാർട്ടി ഭാരവാഹിത്വം: പട്ടിക വിഭാഗത്തെ അവഗണിച്ചെന്ന് കൊടിക്കുന്നിൽ

Mail This Article
ന്യൂഡൽഹി ∙ കെപിസിസി പുനഃസംഘടനയിൽ പട്ടിക വിഭാഗത്തിനു വേണ്ടത്ര പ്രാതിനിധ്യമില്ലെന്നു കാട്ടി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി എന്നിവർക്കു കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് കത്തു നൽകി. ജംബോ കമ്മിറ്റി രൂപീകരിച്ചിട്ടും പട്ടിക വിഭാഗത്തെ അവഗണിച്ചതായി കൊടിക്കുന്നിൽ ആരോപിച്ചു. സോണിയ യുഎസിലേക്കു പോകും മുൻപാണു കത്ത് നൽകിയത്.
പുതിയ ഭാരവാഹിപ്പട്ടികയിലുള്ള പട്ടിക വിഭാഗക്കാരുടെ എണ്ണവും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 12 വൈസ് പ്രസിഡന്റുമാരുടെയും 44 ജനറൽ സെക്രട്ടറിമാരുടെയും കൂട്ടത്തിൽ 2 വീതം പേരെയാണ് ഈ വിഭാഗത്തിൽ നിന്നുൾപ്പെടുത്തിയത്. 95 സെക്രട്ടറിമാരിലുള്ളത് 3 പേർ. 195 നിർവാഹക സമിതി അംഗങ്ങളിൽ 5 പേർ മാത്രമാണു പട്ടിക വിഭാഗക്കാർ എന്നും ചൂണ്ടിക്കാട്ടി.
സോണിയ മടങ്ങിയെത്തിയ സാഹചര്യത്തിൽ, യുഡിഎഫ് കൺവീനർ പദവി സംബന്ധിച്ച ചർച്ച വൈകാതെ ആരംഭിക്കും. എം.എം. ഹസന്റെ പേരാണ് ഉയർന്നുവന്നിരിക്കുന്നത്. കെ.വി. തോമസിന് ഏതു പദവി നൽകണമെന്ന കാര്യം കേരളത്തിൽ തീരുമാനിച്ച ശേഷം അറിയിക്കാൻ സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. തോമസിന് അർഹമായ പദവി നൽകണമെന്ന് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനോടു ശുപാർശ ചെയ്തിരുന്നു.
വർക്കിങ് പ്രസിഡന്റാക്കണമെന്ന തോമസിന്റെ ആവശ്യത്തോടു സംസ്ഥാന നേതൃത്വത്തിന് എതിർപ്പില്ലെന്നാണു സൂചന. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നും നാളെയും തിരുവനന്തപുരത്ത് സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
സോണിയ തിരിച്ചെത്തി
യുഎസിൽ പരിശോധന കഴിഞ്ഞ് സോണിയ ഗാന്ധിയും അവരെ അനുഗമിച്ച രാഹുൽ ഗാന്ധിയും തിരിച്ചെത്തി. സോണിയയുടെ ആരോഗ്യ നില തൃപ്തികരമാണെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
English summary: Kodikkunnil Suresh; KPCC