ADVERTISEMENT

പാലക്കാട് ∙ നിയമസഭാ തിരഞ്ഞെടുപ്പു നേരിടാൻ രാഷ്ട്രീയ വിശദീകരണ യാത്രയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും. യാത്ര ഫെബ്രുവരി 15നു തുടങ്ങി മാർച്ച് 5ന് അവസാനിക്കും.

മഞ്ചേശ്വരം മുതൽ പാറശാല വരെയാണു യാത്രയെങ്കിലും, ഓരോ ജില്ലയിലും തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന രീതിയിലായിരിക്കും പരിപാടികൾ. കേ‍ാവിഡ് കാലത്തു ദീർഘയാത്ര വേണ്ടെന്നാണു നേതൃത്വത്തിന്റെ നിലപാട്. പെ‍ാതുയേ‍ാഗങ്ങൾ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മതി എന്നാണു പാർട്ടി കേന്ദ്ര കമ്മിറ്റി നിർദേശം. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, അമിത്ഷാ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

ഫെബ്രുവരി 15ന് ഉദ്ഘാടനത്തിന് അമിത് ഷായെ എത്തിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപു പ്രധാനമന്ത്രി ഉൾപ്പെടെ മറ്റു ദേശീയ നേതാക്കളും സംസ്ഥാനത്ത് എത്തിയേക്കും. സംസ്ഥാന കമ്മിറ്റിയുടെ അടുത്ത യേ‍ാഗത്തിൽ യാത്രാപരിപാടിക്ക് അന്തിമരൂപമാകും.

കേ‍ാൺഗ്രസിനും എൽഡിഎഫ് സർക്കാരിനും എതിരെയുള്ള വിവിധ ആരേ‍ാപണങ്ങൾ പ്രധാന പ്രചാരണവിഷയമാക്കുന്ന യാത്രയിൽ പ്രധാനമന്ത്രിയുടെ ജനക്ഷേമപദ്ധതികളും പ്രചരിപ്പിക്കും. സർക്കാരിനെതിരെ കുറ്റപത്രം തയാറാക്കും. മത, സാമുദായിക, സാമൂഹിക നേതാക്കളുമായി കൂടിക്കാഴ്ചകളും ലക്ഷ്യമിടുന്നുണ്ട്. ശക്തമായ സമരങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്.

ഡിജിറ്റൽ സംവിധാനങ്ങളേ‍ാടെ രംഗത്തിറങ്ങാനാണ് ആർഎസ്എസ് തീരുമാനം. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള (പ്രഭാരി) സി.പി. രാധാകൃഷ്ണൻ, ദേശീയ ജനറൽ സെക്രട്ടറി സുനിൽകുമാർ എന്നിവർ ബൂത്തുതല ഭാരവാഹികളുടെ യേ‍ാഗങ്ങളിൽ പങ്കെടുക്കും.

സുരേന്ദ്രനു കോവിഡ്: സീറ്റ് വിഭജന ചർച്ച നീളും

ഇതിനിടെ, കെ.സുരേന്ദ്രനു കോവിഡ് ബാധിച്ചതിനാൽ ബിജെപിയിലെ തിരഞ്ഞെടുപ്പു ചർച്ചകളും എൻഡിഎ സീറ്റ് വിഭജന ചർച്ചകളും നീളും. 10 ദിവസം കൂടി കഴിഞ്ഞു മാത്രമേ സുരേന്ദ്രൻ പ്രവർത്തനത്തിൽ സജീവമാകൂ. സംസ്ഥാന പ്രസിഡന്റ് ചികിത്സയിലായതിനാൽ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ കേരളത്തിലേക്കുള്ള വരവും ഇൗ മാസം അവസാനത്തേക്കു മാറ്റി. സംസ്ഥാന പ്രസിഡന്റിന് പങ്കെടുക്കാൻ കഴിയാത്തതിനാൽ കോർ കമ്മിറ്റി യോഗവും മാറ്റി. കോവിഡ് ബാധിച്ച് 7 ദിവസം കഴിഞ്ഞുള്ള ഇന്നലത്തെ പരിശോധനയിലും സുരേന്ദ്രൻ പോസിറ്റീവായിരുന്നു.

ശ്രദ്ധ 30 മണ്ഡലങ്ങളിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ 30,000 വോട്ടിന് മുകളിൽ ലഭിച്ച 27 മണ്ഡലങ്ങളും 40,000 വോട്ടിന് മുകളിൽ ലഭിച്ച 3 മണ്ഡലവുമാണ് ഉള്ളത്. ഇൗ മണ്ഡലങ്ങളുടെ പട്ടിക കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന നേതൃത്വം കൈമാറിയിരുന്നു. ഇവ കേന്ദ്രീകരിച്ച് പ്രത്യേക പ്രവർത്തന പദ്ധതി നടപ്പാക്കുന്നതിന് പ്രത്യേക സംഘത്തെ തന്നെ കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com