അഴീക്കോട്: വ്യക്തിപ്രഭാവത്തിനു മറുപടി ജനകീയത; തിരകൾ കടന്ന് ആരുടെ കപ്പൽ?
Mail This Article
കപ്പലടുപ്പിക്കാൻ ഓരോ ദിവസവും കടലാഴം കൂട്ടുന്ന തുറമുഖമാണ് അഴീക്കോട്. ഇവിടെ വോട്ടർമാരുടെ മനസ്സിനുമുണ്ട്, അതേ കടലോളം. പ്രചാരണ വിഷയങ്ങൾകൊണ്ട് ഈ ആഴവും പരപ്പും താണ്ടി കപ്പലടുപ്പിക്കാനുള്ള പോരാട്ടമാണ് ഇരു മുന്നണികളും അഴീക്കോട്ട് നടത്തുന്നത്. കടൽക്കാറ്റിന്റെ ദിശ പോലെ തിരഞ്ഞെടുപ്പുഫലം പ്രവചനാതീതവും.
അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് അൽപമൊന്നാടിയുലഞ്ഞ ശേഷമാണു യുഡിഎഫിന്റെ കപ്പിത്താൻ കെ.എം. ഷാജി മൂന്നാം മത്സരത്തിന് ഇവിടെ നങ്കൂരമിട്ടത്. ഇറങ്ങിത്തിരിച്ചാൽ ഒരടി പിന്നോട്ടില്ലെന്നു കഴിഞ്ഞ 2 തിരഞ്ഞെടുപ്പിലും ഷാജി തെളിയിച്ചതാണ്.
കണ്ണൂരിലെ കമ്യൂണിസ്റ്റുകാരുടെ കാർക്കശ്യമില്ലാത്ത കെ.വി. സുമേഷിനെ ഷാജിക്കൊത്ത പോരാളിയായി ഇടതുമുന്നണി അവതരിപ്പിച്ചതിലെ നയം വ്യക്തം – വ്യക്തിപ്രഭാവത്തിനു ജനകീയതകൊണ്ടു മറുപടി.
10 വർഷം മുൻപു വരെ ഇടതിനോടു കൂടുതൽ അടുപ്പം കാട്ടിയിരുന്ന അഴീക്കോടിന് അട്ടിമറികളുടെ ചരിത്രമുണ്ട്. സിപിഎം വിട്ടിറങ്ങി സിഎംപി രൂപീകരിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ (1987) എം.വി. രാഘവനാണ് ഇതിനു തുടക്കമിട്ടത്. ആദ്യമായി യുഡിഎഫ് വിജയം. പിന്നീട്, 1991 മുതൽ തുടർച്ചയായി 20 വർഷം എൽഡിഎഫിന്റെ കയ്യിലായിരുന്നു മണ്ഡലം. പുനർനിർണയത്തിനുശേഷം ആകെയൊന്നഴിച്ചുടുത്ത അഴീക്കോട്ടേക്കായിരുന്നു 2011ൽ ഷാജിയുടെ വരവ്. 493 വോട്ടിനു സിറ്റിങ് എംഎൽഎ എം. പ്രകാശനെ അട്ടിമറിച്ചു. മണ്ഡലം തിരിച്ചുപിടിക്കാൻ എം.വി. രാഘവന്റെ മകൻ എം.വി. നികേഷ് കുമാറിനെ സ്വന്തം പാളയത്തിലെത്തിച്ചാണു 2016ൽ സിപിഎം ഷാജിയെ നേരിട്ടത്. അച്ഛന്റെ പിൻഗാമിയാകാൻ മകനായില്ല. 2287 വോട്ടിനു ഷാജിയുടെ രണ്ടാം ജയം.
2 തവണയും ലഭിച്ചതു നേരിയ ഭൂരിപക്ഷമാണെന്നതിന്റെ ആശങ്ക ഇത്തവണ യുഡിഎഫ് ക്യാംപിലുണ്ടായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 21,857 വോട്ട് ഇവിടെ കെ. സുധാകരൻ ലീഡ് നേടിയിരുന്നെങ്കിലും തദ്ദേശതിരഞ്ഞെടുപ്പിൽ 6,141 വോട്ടിനു യുഡിഎഫ് പിന്നിൽപോയി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്നാരോപിച്ചു നികേഷ് കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഷാജിയുടെ വിജയം റദ്ദാക്കിയിരുന്നു. 6 വർഷത്തേക്കു തിരഞ്ഞെടുപ്പിൽ അയോഗ്യതയും കൽപിച്ചു. സുപ്രീംകോടതിയിലെത്തി സ്റ്റേ വാങ്ങിയാണു ഷാജി എംഎൽഎയായി തുടർന്നത്. തിരഞ്ഞെടുപ്പു കേസിനു പുറമേ, വിജിലൻസ് കേസുകളും നേരിടുന്നു. പിണറായി വിജയനെ തുറന്നെതിർക്കുന്നതിനുള്ള പ്രതികാരമെന്നാണു കേസുകൾക്കുള്ള യുഡിഎഫ് വിശദീകരണം.
കേസ് പറഞ്ഞല്ല, രാഷ്ട്രീയവും വികസനവും പറഞ്ഞു ജയിക്കാനാണു നോക്കുന്നതെന്ന് എൽഡിഎഫ് പറയുന്നു. മണ്ഡലം വികസനകാര്യത്തിൽ പിന്നോട്ടുപോയെന്നാണ് അവരുയർത്തുന്ന പ്രധാന ആരോപണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കഴിഞ്ഞ 5 വർഷം കെ.വി.സുമേഷ് നടപ്പാക്കിയ വികസന പദ്ധതികളും എണ്ണമിട്ടു നിരത്തുന്നു.5 പഞ്ചായത്തും കണ്ണൂർ കോർപറേഷന്റെ 15 ഡിവിഷനും ചേരുന്നതാണ് മണ്ഡലം. 4 പഞ്ചായത്ത് എൽഡിഎഫും 1 യുഡിഎഫും ഭരിക്കുന്നു. കോർപറേഷന്റെ 15 ഡിവിഷനുകളിൽ 10 യുഡിഎഫിനും 4 എൽഡിഎഫിനും 1 ബിജെപിക്കുമാണ്.
കോർപറേഷനിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നത് അഴീക്കോട് മണ്ഡലത്തിലാണ്. ഇതിന്റെ ആത്മവിശ്വാസമുണ്ട് എൻഡിഎ സ്ഥാനാർഥിയായ ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തിന്. ബിജെപിയും എസ്ഡിപിഐയും വോട്ട് വർധിപ്പിക്കുന്നതു നേരിയ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ഓളമുണ്ടാക്കും. തിരയടങ്ങുമ്പോൾ കടപ്പുറത്തെ മണലിൽ ആരുടെ പേര് മായാതെ നിൽക്കും?
Content Highlights: Azhikode constituency assembly election