ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ് , ലക്ഷങ്ങൾ സംഭാവന വാങ്ങി: ഷിബു ബേബി ജോൺ
Mail This Article
കൊല്ലം ∙ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ് നയമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്നടക്കം സംഭാവനകൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ രേഖകൾ ഷിബു ബേബിജോൺ പുറത്തുവിട്ടു.
എല്ലാ പാർട്ടികളും പ്രസ്ഥാനങ്ങളും പൊതുജനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും സംഭാവന സ്വീകരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇലക്ടറൽ ബോണ്ട് വിഷയത്തിലെ സിപിഎം നിലപാട് കണ്ടാൽ അവർ വിവാദ കമ്പനികളുമായി യാതൊരു ഇടപാടും നടത്തുന്നില്ലെന്നാണ് തോന്നുക.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി 2017ൽ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളായ നവയുഗ എൻജിനീയറിങ്ങിൽ നിന്ന് 30 ലക്ഷവും ഹെറ്ററോ ഡ്രഗ്സിൽ നിന്ന് 5 ലക്ഷം രൂപയും സംഭാവന സ്വീകരിച്ചതായി വ്യക്തമാക്കുന്നു. 2019ൽ നൽകിയ റിപ്പോർട്ടിൽ ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട നാറ്റ്കോ ഫാർമ ലിമിറ്റഡിൽ നിന്ന് 20 ലക്ഷം രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്.
2021ൽ നൽകിയ കണക്കിൽ ഇലക്ടറൽ ബോണ്ടിലുള്ള വിവാദ കമ്പനിയായ നവയുഗ എൻജിനീയറിങ് കമ്പനിയിൽ നിന്ന് 2 തവണയായി 50 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. 2022ലെ റിപ്പോർട്ടിൽ മേഘ ഇൻഫ്രാസ്ട്രക്ചറിൽ നിന്നു 25 ലക്ഷം, ഡോ. റെഡ്ഡിസ് ലബോറട്ടറീസിൽ നിന്ന് 5 ലക്ഷം, നാറ്റ്കോ ഫാർമിയിൽ നിന്ന് 25 ലക്ഷം, ഒറബിന്തോ ഫാർമയിൽ നിന്ന് 15 ലക്ഷം രൂപയും വാങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.
ഇലക്ടറൽ ബോണ്ട് നൽകാത്ത കമ്പനികളിൽ നിന്നും ഈ കാലയളവിൽ സംഭാവന സ്വീകരിച്ചിട്ടുണ്ട്. ഇലക്ടറൽ ബോണ്ട് വാങ്ങിയിട്ടില്ലെന്ന് പറയുന്നവർ ഇത്തരം കമ്പനികളിൽ നിന്നു പണം വാങ്ങുന്നത് ശരിയാണോ എന്ന് വ്യക്തമാക്കണം. ഞങ്ങൾ മാത്രം പരിശുദ്ധരാണെന്ന നയം ഇരട്ടത്താപ്പാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.