ഭസ്മക്കുളം ഇനി ശബരി ഗെസ്റ്റ് ഹൗസിനു മുൻപിലേക്ക്
Mail This Article
ശബരിമല ∙ അയ്യപ്പ സന്നിധിയിലെ പുതിയ ഭസ്മക്കുളം ഇനി ശബരി ഗെസ്റ്റ് ഹൗസിനു മുൻപിൽ. ഇതു മാറ്റിസ്ഥാപിക്കാൻ തന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗം, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ദേവസ്വം ബോർഡ് സ്ഥപതി കെ.മുരളീധരൻ നായർ നടത്തിയ സ്ഥാന നിർണയത്തിലാണു ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തു വലിയ നടപ്പന്തലിനും ശബരി ഗെസ്റ്റ് ഹൗസിനും മധ്യേയുള്ള സ്ഥലം ജലരാശിയായി കണ്ടത്. നിലവിൽ അയ്യപ്പന്മാർ പതിനെട്ടാംപടിക്കൽ അടിക്കുന്ന നാളികേരം ശേഖരിച്ച് ഉണക്കി കൊപ്രയാക്കുന്ന സ്ഥലമാണിത്. സ്ഥാന നിർണയത്തിനുശേഷം ശിലാസ്ഥാപനവും നടത്തി.
തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ശിലാപൂജ നടത്തി. തന്ത്രി രാജീവര്, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ എന്നിവർ ചേർന്നാണു ശിലാസ്ഥാപനം നിർവഹിച്ചത്. എം.ആർ.രാജേഷാണു ശിൽപി.
ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തെ കുഴിയിലാണ് ഇപ്പോഴത്തെ ഭസ്മക്കുളം. ഇതിലേക്ക് ഉറവയായി മലിനജലവും എത്തുന്നതിനാലാണു സ്ഥാനം മാറ്റുന്നത്. പതിറ്റാണ്ടുകൾക്കു മുൻപ് സന്നിധാനം വലിയ നടപ്പന്തലിലെ മേൽപാലത്തിനു സമീപമായിരുന്നു ഭസ്മക്കുളം. വലിയ നടപ്പന്തൽ നിർമാണം, ഭക്തരുടെ തിരക്ക് എന്നിവ പരിഗണിച്ചാണ് ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്തേക്കു പിന്നീട് മാറ്റിയത്.
അടുത്ത തീർഥാടന കാലത്തിനു മുൻപ് ഭസ്മക്കുളത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നും തീർഥാടകർക്ക് ഭസ്മക്കുളത്തിൽ മുങ്ങിക്കുളിച്ച് ശുദ്ധിവരുത്തി ദർശനം നടത്താനുള്ള സൗകര്യം ലഭ്യമാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ എന്നിവർ പറഞ്ഞു.