പഴയ ജീവിത ലയം, പുതുജീവിത വേഗം
Mail This Article
ഇടുക്കി വണ്ടിപ്പെരിയാറിലെ കൊച്ചു ലയത്തിൽനിന്ന് കാർത്തിക എക്സ്പ്രസ് ചൂളംവിളിച്ചു പാഞ്ഞത് ചെന്നൈ സെൻട്രൽ വരെ ! വണ്ടിപ്പെരിയാർ ഡൈമുക്ക് എസ്റ്റേറ്റിലെ രാജന്റെയും മനോമണിയുടെയും മകൾ കാർത്തികയുടെ സ്വപ്നങ്ങൾക്ക് എന്നും വേഗം കൂടുതലായിരുന്നു. അതുകൊണ്ടാണ് ഹൈറേഞ്ചിലെ എസ്റ്റേറ്റ് ലയത്തിലൊതുങ്ങേണ്ട ജീവിതം ഇപ്പോൾ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ചീറിപ്പായുന്നത്. തോട്ടം പണിക്കായിട്ടാണ് കാർത്തികയുടെ പൂർവികർ തമിഴ്നാട്ടിൽനിന്ന് വണ്ടിപ്പെരിയാറിലെത്തിയത്. ബസ് കണ്ടക്ടറായിരുന്നു കാർത്തികയുടെ പിതാവ്. നാലാം ക്ലാസ് വരെ ഡൈമുക്കിലെ ലൂഥറൻ എൽപി സ്കൂളിൽ വിദ്യാഭ്യാസം.
വണ്ടിപ്പെരിയാർ പഞ്ചായത്ത് യുപി സ്കൂളിൽ അഞ്ചാം ക്ലാസിൽ ചേർന്നെങ്കിലും കിലോമീറ്ററുകൾ നടന്നും ബസിലുമുള്ള ആ യാത്രയിൽ പലപ്പോഴും ക്ലാസുകൾ മുടങ്ങി. ഒടുവിൽ തെങ്കാശിയിലുള്ള മുത്തശ്ശിക്കൊപ്പം താമസിച്ചായി ആറാം ക്ലാസ് മുതലുള്ള പഠനം. വിരുതുനഗർ കാമരാജ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബിടെക് ബിരുദവുമെടുത്തു.
റെയിൽവേ റിക്രൂട്മെന്റ് ബോർഡ് നടത്തിയ മത്സരപ്പരീക്ഷകളിലും കായികക്ഷമതാ പരീക്ഷയിലും തിളക്കമാർന്ന വിജയം നേടിയാണ് ആർ. കാർത്തിക (28) ലോക്കോ പൈലറ്റ് പദവി നേടിയെടുത്തത്. തിരുച്ചിറപ്പള്ളി ഡിവിഷനിലാണ് ചുമതലയേൽക്കുന്നത്. സ്വന്തമായി ട്രെയിനില്ലാത്ത ഇടുക്കിയിൽനിന്നുള്ള ആദ്യ ലോക്കോ പൈലറ്റ്!
വെല്ലുവിളികളുടെ ട്രാക്കിൽ
ദിവസം 250 കിലോമീറ്റർ ട്രെയിൻ ഓട്ടത്തിനിടെ അപ്രതീക്ഷിതമായെത്തുന്ന വെല്ലുവിളികൾ. മനസ്സാന്നിധ്യത്തിനൊപ്പം അൽപം സാഹസികത കൂടി ഉണ്ടെങ്കിലേ സ്ത്രീകൾക്ക് ഈ ജോലി ആസ്വദിക്കാൻ കഴിയൂ എന്നത് അനുഭവം. യുദ്ധഭൂമിയിലെ സൈനികനെപ്പോലെ തയാറായിരിക്കണം എന്നാണു നിർദേശം. ഏതു നിമിഷവും ഡ്യൂട്ടിക്കു വിളി വരാം. 10– 12 മണിക്കൂറാണ് ഡ്യൂട്ടിയെങ്കിലും അതു പലപ്പോഴും നീളും. ട്രെയിനിന്റെ കാര്യമല്ലേ!
ചെന്നൈ ഡിവിഷനിലെ തിരുവൊട്ടിയൂർ ഡിപ്പോയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ഗുഡ്സ് ട്രെയിനിൽ ആയിരുന്നു ആദ്യ നിയമനം. 3 വർഷങ്ങൾക്കു ശേഷം അസിസ്റ്റന്റ് ലോക്കോ പൈലറ്റായി പാസഞ്ചർ ട്രെയിൻ ഓടിച്ചു തുടങ്ങി. മണിക്കൂറിൽ 60 കിലോമീറ്റർ സ്പീഡിൽ ഓടുന്ന ഗുഡ്സ് ട്രെയിനിൽനിന്ന് ഇരട്ടി സ്പീഡിലേക്കൊരു പ്രമോഷൻ. പുറമേ കാണുന്നതുപോലെ അത്ര സിംപിളല്ല ലോക്കോ പൈലറ്റിന്റെ ജോലിയെന്നു കാർത്തിക പറയും. ട്രെയിൻ എത്തുന്നതിന് 2 മണിക്കൂർ മുൻപേ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ഭക്ഷണം, വസ്ത്രം, വെള്ളം, ടോർച്ച്, ഫ്ലാഗ് തുടങ്ങി 15–20 കിലോ തൂക്കമുള്ള ബാഗുമായാണ് ലോബിയിൽ പ്രവേശിക്കുക. ബയോമെട്രിക്, ബ്രെത്ത് അനാലിസിസ് പരിശോധനകൾ കഴിഞ്ഞാൽ ട്രെയിൻ ഓർഡർ ലഭിക്കും.
സീനിയർ ലോക്കോ പൈലറ്റിനാണ് എൻജിന്റെ ചുമതല. സിഗ്നൽ, സ്പീഡ്, ട്രാക്ക് മാറ്റം തുടങ്ങിയവയുടെ നിരീക്ഷണച്ചുമതല അസിസ്റ്റന്റ് ലോക്കോയ്ക്കാണ്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ചീറിപ്പായുന്ന ട്രെയിൻ പെട്ടെന്നു നിർത്തേണ്ടി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുമുണ്ട്. സ്ത്രീകൾക്ക് ഏറെ കായികക്ഷമത വേണ്ട ജോലിയാണിത്. പല ട്രെയിനുകളുടെയും എൻജിൻ റൂം എസി ആയിരിക്കില്ല. കടുത്ത ചൂടും എൻജിന്റെ ഇരമ്പലും അതിജീവിച്ചു വേണം ജോലി ചെയ്യാൻ. സ്റ്റേഷനുകളിൽ മാത്രമാണ് ശുചിമുറി സൗകര്യം പോലും ഉപയോഗിക്കാൻ കഴിയൂ. കൃത്യസമയത്ത് വെള്ളവും ഭക്ഷണവും ലഭിക്കാതെ വരുമ്പോഴുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം.
ആരെങ്കിലും ട്രെയിനിൽ ചങ്ങല വലിച്ചാൽ ടോർച്ചുമെടുത്ത് ഗാർഡിനൊപ്പം പോയി അതു ചെക്ക് ചെയ്യണം. വനപ്രദേശത്തും ഒറ്റപ്പെട്ട സ്ഥലങ്ങളിലും റെയിൽവേ പാലത്തിലുമൊക്കെ വച്ച് ഇങ്ങനെ സംഭവിച്ച അനുഭവങ്ങളുമുണ്ട്. എൻജിൻ അറ്റാച്ച് ചെയ്യുന്നതും ഡിറ്റാച്ച് ചെയ്യുന്നതുമാണ് ശാരീരികക്ഷമത വേണ്ട മറ്റൊരു ജോലി. പക്ഷേ ഈ പ്രതിസന്ധികളെയെല്ലാം ചിരിയോടെ നേരിടാനാണ് കാർത്തികയ്ക്ക് ഇഷ്ടം. ഇടുക്കിയുടെ മണ്ണുനൽകിയ കരുത്ത്! ഭർത്താവ് പ്രശാന്തും ചെന്നൈ ഡിവിഷനിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ്. മകൾ നിഥില തരഗൈ ആറാം ക്ലാസ് വിദ്യാർഥി. കോൺഗ്രസിന്റെ വണ്ടിപ്പെരിയാർ പഞ്ചായത്ത് അംഗമായിരുന്നു അമ്മ മനോമണി. സഹോദരി നന്ദിനി ബിഎസ്‌സി ന്യൂട്രീഷൻ കോഴ്സ് വിദ്യാർഥിനി. വണ്ടിപ്പെരിയാറിൽ ചായക്കട നടത്തുകയാണ് കാർത്തികയുടെ പിതാവ് രാജൻ, ഹൈറേഞ്ചിലെ തണുപ്പിനോടുള്ള കൂട്ടുവിടാതെ.