ആയുഷ്മാൻ ഭാരത്: സൗജന്യ ചികിത്സ തൽക്കാലമില്ല
Mail This Article
തിരുവനന്തപുരം ∙ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളായ 70 വയസ്സ് കഴിഞ്ഞവർക്കു സംസ്ഥാനത്തിന്റെ നിർദേശം ലഭിക്കാതെ ചികിത്സാ സൗജന്യം നൽകരുതെന്ന് എംപാനൽ ചെയ്ത ആശുപത്രികൾക്കു നിർദേശം. കേന്ദ്രത്തിന്റെ മാർഗനിർദേശവും ഫണ്ടിന്റെ വിശദാംശങ്ങളും സംസ്ഥാന ആരോഗ്യ വകുപ്പിന് ഇനിയും ലഭിച്ചിട്ടില്ല. സൗജന്യ ചികിത്സാ പദ്ധതിയുടെ ഭാഗമാകാൻ 70 കഴിഞ്ഞവർക്കു കേന്ദ്രത്തിന്റെ വെബ്സൈറ്റിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ഇങ്ങനെ റജിസ്റ്റർ ചെയ്തശേഷം ഒട്ടേറെപ്പേർ ചികിത്സയ്ക്കു വേണ്ടി ആശുപത്രികളിൽ എത്തുന്നുണ്ട്. ഇവർക്കു ചികിത്സ കൊടുക്കണോ, എന്തൊക്കെയാണ് അതിന്റെ വിശദാംശങ്ങൾ എന്ന് എംപാനൽ ആശുപത്രികൾ പദ്ധതിയുടെ ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് എജൻസിയോട് (എസ്എച്ച്എ) ആരാഞ്ഞിരുന്നു. അപ്പോഴാണു കേന്ദ്രത്തിന്റെ മാർഗനിർദേശവും ഫണ്ടിന്റെ വിവരങ്ങളും ലഭിച്ചശേഷം അറിയിക്കാമെന്നു മറുപടി നൽകിയത്.
ആയുഷ്മാൻ ഭാരതിനെ സംസ്ഥാന പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ( കാസ്പ് ) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. സംസ്ഥാനത്ത് 70 കഴിഞ്ഞ 27 ലക്ഷം പേർ ഉണ്ടെന്നാണു കേന്ദ്രത്തിന്റെ കണക്ക്. ചികിത്സാ ചെലവിന്റെ 60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കണമെന്നാണു ധാരണ. പ്രീമിയത്തിലാണ് കേരളത്തിന്റെ തർക്കം.
നിലവിൽ കാസ്പ് വഴി ചികിത്സിക്കുന്നവരുടെ വാർഷിക പ്രീമിയമായി 1050 രൂപയാണു കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന 41.99 ലക്ഷം കുടുംബങ്ങളെ കാസ്പിൽ അംഗമാക്കിയിട്ടുണ്ട്. എന്നാൽ ഈ ഗണത്തിൽ 23.97 ലക്ഷം കുടുംബങ്ങൾ മാത്രമേയുള്ളൂവെന്നാണു കേന്ദ്രത്തിന്റെ നിലപാട്. അതിനാൽ കേന്ദ്രത്തിന്റെ പ്രീമിയം വിഹിതം 150 കോടി രൂപ മാത്രമേയുള്ളൂ. പ്രീമിയമായി 4000 രൂപയെങ്കിലും കണക്കാക്കി അതിനുള്ള വിഹിതം നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം.