കേരളതീരത്തെ മണൽ വാരി വിൽക്കാൻ കേന്ദ്രം; മത്സ്യസമ്പത്തിന് തിരിച്ചടി
![Fish Fish](https://img-mm.manoramaonline.com/content/dam/mm/mo/pachakam/features/images/2025/1/10/Fish.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ കേരള തീരത്തു നിന്നു മണൽ വാരി വിൽപന നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തെ മത്സ്യസമ്പത്തിനു വലിയ തിരിച്ചടിയാകുമെന്നു ശാസ്ത്ര സമൂഹം. ആദ്യഘട്ടത്തിൽ മത്സ്യസമ്പത്ത് ഏറെയുള്ള കൊല്ലം പരപ്പിലെ (ക്വയ്‌ലോൺ ബാങ്ക്) 3 സെക്ടറുകളിൽ നിന്നായി 242 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഖനനം നടത്തി 302 ദശലക്ഷം ടൺ വെള്ള മണൽ വാരാനാണ് നീക്കം. കൊല്ലത്തിനു പുറമേ പൊന്നാനി, ചാവക്കാട്, ആലപ്പുഴ, അമ്പലപ്പുഴ സെക്ടറുകളിലെയും മണൽ വാരും.
തീരത്തു നിന്നു 32 നോട്ടിക്കൽ മൈൽ മുതൽ 61 നോട്ടിക്കൽ മൈൽ വരെ പടിഞ്ഞാറു നീങ്ങി വർക്കല മുതൽ അമ്പലപ്പുഴ വരെ 85 കിലോമീറ്ററിലായി നീണ്ടുകിടക്കുന്ന കൊല്ലം പരപ്പിൽ 3,000 ട്രോൾ ബോട്ടുകളും 500 ഫൈബർ ബോട്ടുകളും നൂറോളം ഇൻ ബോർഡ് വള്ളങ്ങളും മത്സ്യബന്ധനം നടത്തുന്നുണ്ട്. കരിക്കാടി, കലവ, പല്ലിക്കോര, പൂവാലൻ, പുല്ലൻ, കിളിമീൻ, ചെമ്മീൻ. ചാള, അയല. നെത്തോലി തുടങ്ങി ആഭ്യന്തര ഉപഭോഗത്തിലുള്ളതും കയറ്റുമതി പ്രാധാന്യവുമുള്ള മത്സ്യങ്ങളാണ് ഇവിടെ നിന്നു പിടിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം മത്സ്യം ലഭിക്കുന്ന പ്രദേശങ്ങളിലൊന്നു കൂടിയാണിത്. ഒന്നര കിലോമീറ്റർ ആഴത്തിൽ മത്സ്യങ്ങൾ പെറ്റു പെരുകുന്നതിന് അനുഗുണമായ ചെളിയടങ്ങിയ ജൈവിക പരിസ്ഥിതിയാണ് (ഫിഷിങ് ഗ്രൗണ്ട്) കൊല്ലം പരപ്പിനെ മത്സ്യ സമൃദ്ധമാക്കുന്നത്. ഖനനത്തെ തുടർന്ന് ഇത് പൂർണമായും ഇല്ലാതാകും. മണൽ നീക്കാനുള്ള ടെൻഡർ നടപടികൾ ഫെബ്രുവരി 27ന് അകം പൂർത്തീകരിക്കും.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയും നടത്തിയ മാപ്പിങ്ങിലാണ് കേരളത്തിലെ വിലപിടിപ്പുള്ള മണൽ ശേഖരം കണ്ടെത്തിയത്. ഖനനത്തിനെതിരെ സംസ്ഥാന സർക്കാരിന് നേരിട്ട് ഇടപെടുന്നതിൽ പരിമിതിയുണ്ട്. 2023 ലെ പരിഷ്കരിച്ച നിയമ പ്രകാരം തീരക്കടലിലെയും ആഴക്കടലിലെയും ഖനന അവകാശം പൂർണമായും കേന്ദ്രത്തിനാണ്.
കൊല്ലത്ത് 3 സെക്ടറുകളിലെ മണൽ ഖനനം
സെക്ടർ– – ഖനനം (ച.കി.മീ) ––ആഴം–– മിനറൽ ബ്ലോക്കുകൾ– –തീരത്ത് നിന്നുള്ള അകലം–– എടുക്കുന്ന മണൽ (ദശലക്ഷം ടൺ)
1–– 79––61.4 മീ–– 23––33 കി.മീ–– 100.33
2–– 78––61.4 മീ––23–– 30 കി.മീ– –100.64
3––85––59 മീ––25.5––27 കി.മീ–– 101.45