വിവരാവകാശ അപേക്ഷ നിരസിച്ചു; എംജി ഡപ്യൂട്ടി റജിസ്ട്രാർക്ക് 5000 രൂപ പിഴയിട്ട് കമ്മിഷൻ

Mail This Article
കോട്ടയം ∙ വിവരാവകാശരേഖയ്ക്കുള്ള അപേക്ഷ നിരസിച്ചതിന് ഇടതു സംഘടനാ നേതാവു കൂടിയായ എംജി സർവകലാശാലാ ഡപ്യൂട്ടി റജിസ്ട്രാർ എം.എസ്.ബിജുവിനു വിവരാവകാശ കമ്മിഷൻ 5000 രൂപ പിഴയിട്ടു. സർവകലാശാലയിൽ നിന്നു വിരമിച്ച ഇടതുസംഘടനാ പ്രവർത്തക നൽകിയ അപേക്ഷയാണു നിരസിച്ചത്.
സർവീസിലിരിക്കെ മുൻകാല പ്രാബല്യത്തോടെ ഇവർക്കു സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും ഇതിന്റെ ഭാഗമായുള്ള ശമ്പള നിർണയം നടന്നില്ല. കുടിശിക ലഭിച്ചതുമില്ല. ഇതു പ്രമോഷൻ കുടിശികയല്ലെന്നും പേ റിവിഷൻ കുടിശികയാണെന്നുമായിരുന്നു സർവകലാശാലയുടെ മറുപടി. ഇതിനെതിരെ ജീവനക്കാരി ഹൈക്കോടതിയെ സമീപിച്ചു. കേസിനു വേണ്ടി രേഖകൾ ലഭിക്കാനാണ് അപേക്ഷ നൽകിയത്. അപേക്ഷ നിരസിച്ചതിനെ തുടർന്നാണു പരാതിക്കാരി വിവരാവകാശ കമ്മിഷനെ സമീപിച്ചത്. വിവരാവകാശ രേഖ ഹാജരാക്കാതിരുന്നിട്ടും ഹൈക്കോടതി പരാതിക്കാരിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.