ഗോപിനാഥ് മുതുകാടിന്റെ ഐഐപിഡി സെന്റർ നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

Mail This Article
കാഞ്ഞങ്ങാട് ∙ തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിന്റെ നേതൃത്വത്തിൽ കാസർകോട്ട് ആരംഭിക്കുന്ന ഐഐപിഡി(ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ്) ഭിന്നശേഷി മേഖലയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണോദ്ഘാടനം കാഞ്ഞങ്ങാട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുടനീളം സഞ്ചരിച്ചു ഭിന്നശേഷിമേഖലയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കിയ മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നിർദേശങ്ങൾ സർക്കാർ പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള മനോരമയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടു കാസർകോട്ടെ എൻഡോസൾഫാൻ രോഗികളെ അടുത്തറിയാനിടയായതാണു കാസർകോട് ഇത്തരമൊരു സംവിധാനം ആരംഭിക്കാൻ പ്രചോദനമെന്നു ഗോപിനാഥ് മുതുകാട് പറഞ്ഞു.
ഐഐപിഡി വെബ്സൈറ്റ് ഗായിക കെ.എസ്.ചിത്ര പ്രകാശനം ചെയ്തു. 20 ഏക്കർ സ്ഥലത്തു രാജ്യാന്തര നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങൾ, തെറപ്പി സൗകര്യങ്ങൾ, പഴ്‌സനലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകൾ, തൊഴിൽ പരിശീലനകേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, ട്രെയ്നിങ് സെന്ററുകൾ തുടങ്ങിയവ ഉണ്ടാകും.100 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ ആദ്യഘട്ടം 2026ൽ പൂർത്തീകരിച്ച് 2029ൽ പൂർണസജ്ജമാകും. എൻആർഡിസി രക്ഷാധികാരി മണികണ്ഠൻ മേലത്ത്, ബിപിസിഎൽ പ്രതിനിധി ജയദീപ്, കനറാ ബാങ്ക് പ്രതിനിധി എം.കെ.ശ്രീകാന്ത്, കേന്ദ്ര പെട്രോളിയം മന്ത്രാലയം ഡയറക്ടർ ജനറൽ പി.മനോജ് കുമാർ, പ്രോജക്ട് ഷെൽറ്റർ സ്ഥാപകൻ ഫാ.ജോർജ് കണ്ണന്താനം എന്നിവരെ ആദരിച്ചു.