കരുനീക്കാൻ ചർച്ചകൾ; ഗ്രൂപ്പില്ലാതെ സൗഹൃദം

Mail This Article
ന്യൂഡൽഹി ∙ രണ്ടു നേതാക്കൾ ഒരുമിച്ചിരുന്നാൽ കോൺഗ്രസിൽ ‘നിർണായക കൂടിക്കാഴ്ച’ എന്നു വ്യാഖ്യാനം. സംസാരിച്ചു നിന്നാൽ ‘അനുനയ നീക്കവും’ ചിരിച്ചുവന്നാൽ ‘പദവി ഉറപ്പിച്ചു’ എന്നുമായി വ്യാഖ്യാനങ്ങൾ മാറും. ഇന്നലെ കേരള ഹൗസിൽ കോൺഗ്രസ് ക്യാംപ് ചടുലമായിരുന്നു.
ഒന്നുമില്ലെന്നു നേതാക്കൾ പറയുമ്പോഴും അണിയറ നീക്കങ്ങൾ വ്യക്തം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകൾ കേൾക്കുന്നതിനിടെ, എഐസിസി വിളിച്ച യോഗത്തിനെത്തിയ നേതാക്കൾക്കു സൗഹൃദം പങ്കിടുന്നതിൽ ഗ്രൂപ്പില്ലായിരുന്നു!.
നേതാക്കൾ കണ്ടും മിണ്ടിയും നിറഞ്ഞ പകൽ ചാനലുകളിൽ ലൈവായിരുന്നു. നേതാക്കളെ വളഞ്ഞ് മാധ്യമങ്ങൾ രാവിലെ മുതൽ കേരള ഹൗസിൽ നിലയുറപ്പിച്ചിരുന്നു. അധ്യക്ഷൻ മാറുമോ എന്ന് നിലവിലെ അധ്യക്ഷനായ കെ.സുധാകരനോട് ചോദിച്ചപ്പോൾ അദ്ദേഹം ക്ഷുഭിതനായി. നേതൃമാറ്റ വാർത്തകളോടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നീരസം അറിയിച്ചു. ഊഹാപോഹങ്ങളാണ് നൽകുന്നതെന്നും കേരളത്തിൽ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും ഉചിതമായ സമയത്തു ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു.
നേതാക്കൾ തമ്മിൽ ഐക്യക്കുറവില്ലെന്നു പി.ജെ.കുര്യൻ പ്രതികരിച്ചു. ഹൈക്കമാൻഡ് ഉചിതമായ സമയത്താണ് യോഗം വിളിച്ചതെന്നായിരുന്നു ഇടവേളയ്ക്കു ശേഷം ഡൽഹിയിൽ ചർച്ചകൾക്കെത്തിയ വി.എം.സുധീരന്റെ അഭിപ്രായം. തിരുവഞ്ചൂർ രാധാകൃഷ്ണനും ഏറെ നാൾ കൂടിയാണ് ഡൽഹിയിലെത്തിയത്.
ഡൽഹിയിൽ തണുപ്പ് ഏറക്കുറെ മാറിയെങ്കിലും നേതാക്കളിൽ ചിലർ കരുതലിനായി ജാക്കറ്റണിഞ്ഞിരുന്നു. ഇതേ കരുതൽ വാക്കുകളിലും സൂക്ഷിച്ചു. നേതാക്കൾ കണ്ടാലുടൻ കൂടിക്കാഴ്ചയെന്നു വ്യാഖ്യാനിക്കുന്നതിനെ യുഡിഎഫ് കൺവീനർ എം.എം.ഹസൻ പരിഹസിച്ചു. എന്റെ മുറിയിലും രണ്ടുമൂന്നു പേർ വന്നിരിപ്പുണ്ടെന്നും കൂടിക്കാഴ്ച തുടങ്ങിയെന്നു കൊടുത്തേക്കൂവെന്നും ഹസൻ.
എംപിയെന്ന നിലയിൽ പകുതി ഡൽഹിക്കാരനായതിനാൽ നേതാക്കളെ സ്വീകരിക്കുകയെന്ന ആതിഥ്യ മര്യാദയുടെ ഭാഗമായാണ് കേരള ഹൗസിൽ വന്നതെന്നു ബെന്നി ബഹനാൻ വിശദീകരിച്ചു. എഐസിസി സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ്, റോജി എം. ജോൺ, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ, എംപിമാരായ ഷാഫി പറമ്പിൽ, ജെബി മേത്തർ, നേതാക്കളായ പി.കെ. ജയലക്ഷ്മി, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ സജീവമായി രംഗത്തുണ്ടായിരുന്നു.
കേരള ഹൗസിലെ സ്ഥിരം മുറിയായ 201ൽ രമേശ് ചെന്നിത്തലയെ കാണാൻ കേരള നേതാക്കൾക്കു പുറമേ മഹാരാഷ്ട്ര നേതാക്കളും എത്തുന്നു. ഉത്തരേന്ത്യൻ ചാനലുകൾക്ക് ഹിന്ദിയിൽ ബൈറ്റുമുണ്ട്. ബെന്നിക്കു പുറമേ, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പേരു കേൾക്കുന്ന അടൂർ പ്രകാശും ചെന്നിത്തലയെ കാണാനെത്തി. പ്രതികരണം തേടിയപ്പോൾ കൈ കൂപ്പി മടങ്ങി. വൈകിട്ട് മൂന്നരയോടെയാണു പല സംഘങ്ങളായി നേതാക്കൾ യോഗം നടന്ന ഇന്ദിരാ ഭവനിലേക്കു പോയത്. ഡൽഹിയിൽ ഔദ്യോഗിക വസതിയുള്ള എംപിമാർ പലരും കേരള ഹൗസിലേക്ക് വന്നില്ല.