ADVERTISEMENT

തിരുവനന്തപുരം∙ കൊല്ലത്ത് അടുത്തമാസം 6ന് ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം നേതൃതലത്തിൽ കാര്യമായ മാറ്റങ്ങൾക്കു വേദിയാകും. 75 വയസ്സ് എന്ന പ്രായപരിധിയുടെ പേരിൽ സംസ്ഥാന സെക്രട്ടേറിയറ്റിലെ എ.കെ.ബാലൻ, പി.കെ.ശ്രീമതി, ആനാവൂർ നാഗപ്പൻ എന്നിവർ ഒഴിവാകുകയാണ്. പ്രായപരിധി പിന്നിടുന്നവർ സംസ്ഥാന കമ്മിറ്റിയിലുമുണ്ട്.

കഴിഞ്ഞ പാർട്ടി കോൺഗ്രസാണ് സംഘടനാ പദവികളിൽ തുടരാനുള്ള പ്രായം 80 ൽ നിന്ന് 75 ആയി കുറച്ചത്. ഇക്കാര്യത്തിൽ എന്തെങ്കിലും ഇളവ് അനുവദിക്കാനുള്ള അധികാരം സംസ്ഥാന ഘടകങ്ങൾക്കില്ല. എന്നാൽ മധുരയിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസ് പുനഃപരിശോധനയ്ക്കു മുതിർന്നാൽ കേരള നേതാക്കൾക്കടക്കം ഇളവു കിട്ടും.

സാധാരണഗതിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ സംസ്ഥാന സമ്മേളനത്തിൽ തീരുമാനിക്കാതെ പാർട്ടി കോൺഗ്രസിനു ശേഷം നിശ്ചയിക്കുന്നതാണ് സിപിഎമ്മിലെ പതിവ്. എന്നാൽ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ പൊളിറ്റ്ബ്യൂറോയുടെ അനുമതിയോടെ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. ഇത്തവണയും ഇക്കാര്യത്തിൽ തീരുമാനം സമ്മേളനഘട്ടത്തിലേ ഉണ്ടാകൂ.

75 പിന്നിട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ പാർട്ടിഘടകങ്ങളിൽ തുടരും. പൊളിറ്റ്ബ്യൂറോയിൽ തുടരാൻ അനുവദിക്കുമോ എന്നു പാർട്ടി കോൺഗ്രസിലെ വ്യക്തമാകൂ. ഏക മുഖ്യമന്ത്രി എന്നനിലയിൽ അക്കാര്യം പരിഗണിക്കുമെന്ന സൂചനയാണ് കേന്ദ്ര–സംസ്ഥാന നേതാക്കൾ നൽകുന്നത്.

അതേസമയം, ദീർഘകാലമായി സംസ്ഥാന സെക്രട്ടേറിയറ്റിലുള്ള എ.കെ.ബാലനും പി.കെ.ശ്രീമതിയും ഒഴിവാകും. സെക്രട്ടേറിയറ്റിലെ ഏക വനിതാ അംഗമാണ് ശ്രീമതി. കെ.കെ.ശൈലജയും സി.എസ്.സുജാതയും പി.സതീദേവിയും സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രകമ്മിറ്റി അംഗങ്ങളെന്ന നിലയ്ക്കാണ്. എറണാകുളം സമ്മേളനത്തിൽ സെക്രട്ടേറിയറ്റിലെത്തിയ നാഗപ്പനും 75 പിന്നിട്ടു. ആ സംസ്ഥാന സമ്മേളനത്തിൽ 8 പുതുമുഖങ്ങളാണ് ഒറ്റയടിക്ക് സെക്രട്ടേറിയറ്റിലെത്തിയത്.

കേന്ദ്രകമ്മിറ്റി അംഗവും മുൻ എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജന് പ്രായപരിധി ബാധകമാകുമോ എന്നതാണ് സമ്മേളനവുമായി ബന്ധപ്പെട്ട് ആകാംക്ഷ ഉയർത്തുന്ന കാര്യം. അദ്ദേഹത്തിന് ഈ മേയിൽ 75 ആകും. എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണന് ജൂണിലും. സമ്മേളനഘട്ടത്തിൽ 75 ആയില്ല എന്നതിന്റെ പേരിൽ ഇളവു ലഭിച്ചാൽ 3 വർഷം കൂടി ഇവർക്ക് ഉയർന്നഘടകങ്ങളിൽ തുടരാനാകും.

കഴിഞ്ഞ സമ്മേളനത്തിൽ ഏതാനും കേന്ദ്രകമ്മിറ്റി അംഗങ്ങളെ ആ പേരിൽ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയാണ് പുതുമുഖങ്ങൾക്ക് അവസരം കൊടുത്തത്. ആ ശൈലി തുടർന്നാൽ ഇത്തവണയും സെക്രട്ടേറിയറ്റിൽ കൂടുതൽ പുതുമുഖങ്ങൾ വരും. കഴിഞ്ഞ തവണ എം.വി.ഗോവിന്ദനെയും അങ്ങനെ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് കോടിയേരി ബാലകൃഷ്ണനു പകരം സംസ്ഥാന സെക്രട്ടറിയായപ്പോഴാണ് വീണ്ടും സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്. 

English Summary:

CPM Kerala: The CPM is making changes to its age limit; there is also suspense regarding whether E.P. will continue.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com