മരണനിരക്കിൽ കുറവ്; കണക്കെടുപ്പിൽ സംസ്ഥാനത്ത് കണ്ടെത്തിയത് 176 കടുവകളെ
Mail This Article
പാലക്കാട്∙ രണ്ടുവർഷമായി സംസ്ഥാനത്തെ കടുവ സംരക്ഷണകേന്ദ്രങ്ങളിലും ഇതരവനങ്ങളിലും നടത്തിയ സർവേയിൽ 176 കടുവകളെ കണ്ടെത്തി. കടുവകളുടെ മരണനിരക്കു പൊതുവേ കുറഞ്ഞതായാണു റിപ്പോർട്ട്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റി( എൻടിസിഎ)യുടെ നേതൃത്വത്തിൽ പെരിയാർ, പറമ്പിക്കുളം ടൈഗർപ്രോജക്റ്റുകളിലും അനുബന്ധ പ്രദേശങ്ങളിലും 2016–മുതലാണു സർവേ ആരംഭിച്ചത്. വനമേഖലയെ അഞ്ചു ചതുരശ്ര കിലേമീറ്റർ നീളത്തിൽ ബ്ലോക്കുകളാക്കി തിരിച്ചായിരുന്നു നടപടികൾ. പിന്നീട് വനംഡിവിഷൻ അടിസ്ഥാനത്തിൽ 1600 ക്യാമറകൾ സ്ഥാപിച്ചു.
കണ്ടെത്തിയ കടുവകൾ മുഴുവൻ സംസ്ഥാനത്തെ വനപ്രദേശത്തു സ്ഥിരമായി ഉള്ളവയാണെന്നു ഉറപ്പിക്കാൻ കഴിയില്ലെന്നു അധികൃതർ പറഞ്ഞു. ബന്ദിപ്പൂർ, നാഗർഹോള തുടങ്ങി ഇതര സംസ്ഥാനങ്ങളിലെ കാടുകളിൽ നിന്നു വന്നുപോകുന്നവയുമുണ്ട്. ഒരു കണക്കെടുപ്പുകൂടി കഴിഞ്ഞാലേ സ്ഥിരമായുള്ളവയെ തിരിച്ചറിയാൻ കഴിയൂ സർവേ റിപ്പോർട്ട് എൻടിസിഎ അംഗീകാരത്തിനുശേഷം പ്രസിദ്ധീകരിക്കും.
ദേശീയ തലത്തിൽ 2012 മുതൽ ഇതുവരെ 667 കടുവകൾ ചത്തതായാണ് റിപ്പോർട്ട്. ഇതിൽ 113 എണ്ണം കൊല്ലപ്പെട്ടതാണ്. എന്നാൽ ഇത്തവണത്തെ സർവേയിൽ മരണനിരക്കിൽ ഗണ്യമായ കുറവ് കണ്ടെത്തി. മരണനിരക്ക് പ്രതിവർഷം 160 താഴെഎത്തിക്കാൻ സംവിധാനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ കേരളം 7–ാം സ്ഥാനത്താണ് .
ഏഴു വർഷത്തിനിടെ കേരളത്തിൽ 34 കടുവകൾ ചത്തതിൽ അഞ്ച് എണ്ണം കൊല്ലപ്പെട്ടതാണ്. കേരളം അടക്കം 20 സംസ്ഥാനങ്ങളിലെ സ്വാഭാവിക വനങ്ങളിൽ കടുവകളുടെ സാന്നിധ്യമുണ്ടെന്നാണു എൻടിസിഎ റിപ്പോർട്ട്. കണക്കെടുപ്പിന് പെരിയാറിൽ രൂപം നൽകിയ എം–സ്ട്രൈപ്സ്( മോണിറ്ററിങ് സിസ്റ്റം ഫോർ ടൈഗർ ഇന്റൻസീവ് പ്രൊട്ടക്‌ഷൻ, ആൻഡ് ഇക്കോളജിക്കൽ സിസ്റ്റം) എന്ന ആപ്പ് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
വനത്തിലുള്ള മുഴുവൻ ഫീൽഡ് ജീവനക്കാർക്കും നേരിട്ടും അല്ലാതെയും വന്യജീവികളെക്കുറിച്ചുള്ള വിവരം രേഖപ്പെടുത്താമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. മൃഗങ്ങളുടെ കണക്കുകൾക്കൊപ്പം പ്രദേശത്തെ പരിസ്ഥിതി പ്രശ്നങ്ങളും ഇതുവഴി ലഭ്യമാകും. മൃഗങ്ങളുടെ ചിത്രങ്ങൾക്കൊപ്പം സ്ഥലങ്ങളും ആപ്പിൽ രേഖപ്പെടുത്തുന്നുണ്ട്.
English Summary: Good News for Tigers in latest Kerala Forest report