ADVERTISEMENT

‘പ്രണബ്ദാ അങ്ങ് എനിക്കെന്റെ പിതാവിനെപ്പോലെയാണ്. എന്റെ മാർഗദർശി’ – രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞപ്പോൾ പ്രണബ് മുഖർജിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ കത്തിലെ വരികളാണിത്. ഡൽഹിയെന്ന നഗരത്തിൽ ഏറെക്കുറെ അപരിചിതൻ എന്നമട്ടിൽ എത്തിയ തനിക്ക് പ്രണബിന്റെ കരുതലും വാൽസല്യവും തണലായിരുന്നെന്ന് കത്തിൽ മോദി ഓർമിക്കുന്നു. 

‘എന്റെ ലക്ഷ്യം ബൃഹത്തും കഠിനവുമായിരുന്നു. വിഷമകരമായ ആ കാലയളവിൽ അങ്ങ് എനിക്കു പിതാവും മാർഗദർശിയുമായിരുന്നു. അങ്ങയുടെ അറിവും അനുഭവവും സൗഹൃദവും എനിക്കു നൽകിയ ആത്മവിശ്വാസവും കരുത്തും വളരെ വലുതാണ്. അങ്ങയുടെ കരുതലോടെയുള്ള വാത്സല്യവും ഫോണിൽ വിളിച്ച് ആരോഗ്യം ശ്രദ്ധിക്കണമെന്ന സ്നേഹശാസനവും ശ്രമകരമായ ദിനചര്യയിൽ എല്ലാം മറന്നു മുന്നേറാൻ എനിക്ക് ഊർജമായിരുന്നു.

PTI5_28_2019_000042B

നമ്മുടെ രാഷ്ട്രീയ യാത്രകൾ വ്യത്യസ്ത പാർട്ടികളിലായിരുന്നു. പ്രത്യയശാസ്ത്രവും അനുഭവവും വിഭിന്നവും. ഒരു സംസ്ഥാനത്തിന്റെ മാത്രം ഭരണപരിചയമാണ് എനിക്കുണ്ടായിരുന്നത്. അങ്ങേക്കു ദേശീയ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ അനുഭവപരിചയവും. എന്നിട്ടും യോജിപ്പോടെ നമുക്കു പ്രവർത്തിക്കാനായത് അങ്ങയുടെ വ്യക്തിവൈശിഷ്ട്യം കൊണ്ടാണ്.സമൂഹത്തിനുവേണ്ടി നിസ്വാർഥമായി പ്രവർത്തിച്ച മഹത് നേതാക്കളുടെ തലമുറയിൽ പെട്ടയാളാണ് അങ്ങ്. അങ്ങയെ ഓർത്തു രാഷ്ട്രം അഭിമാനം കൊള്ളുന്നു’ – കത്തിൽ പറയുന്നു.

തനിക്ക് മോദിയുമായി ഊഷ്മളമായ ബന്ധമാണുള്ളതെന്ന് പ്രണബും പറഞ്ഞിട്ടുണ്ട്. അതേസമയം അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായിട്ടുണ്ട്. അതു തുറന്നു പറയുകയും ചെയ്തു. കേന്ദ്ര സർക്കാരുമായി വിയോജിപ്പുണ്ടായ സന്ദർഭങ്ങളിൽ മടിച്ചുനിൽക്കാതെ അതു പ്രകടിപ്പിച്ചിട്ടുണ്ട് പ്രണബ് മുഖർജി. രാഷ്ട്രപതി എന്നത് ആലങ്കാരിക പദവിയല്ലെന്നും ജനാധിപത്യത്തിന്റെ പരമോന്നതമായ കാവൽഗോപുരമാണെന്നും തന്റെ നിലപാടുകളിലൂടെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

ഓർഡിനൻസ് വിഷയത്തിൽ പ്രണബിന്റെ ഇടപെടൽ ഉദാഹരണം. ഓർഡിനൻസുകളിൽ ഭരണഘടന അനുവദിക്കുന്ന അധികാരങ്ങൾ സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും കഴിവതും ഓർഡിനൻസ് മാർഗം സ്വീകരിക്കാതെ, പാർലമെന്റ് നിയമമുണ്ടാക്കുന്നതാണ് ഉചിതമെന്നും പ്രണബ് പറഞ്ഞു. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത കേന്ദ്രസർക്കാരിനുവേണ്ടി ഒപ്പുവയ്ക്കേണ്ടിവന്ന ചില ഓർഡിനൻസുകളുടെ കാര്യത്തിൽ മുഖർജി അസന്തുഷ്ടനായിരുന്നു..

IND1926B
പ്രണബ് മുഖർജി, അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, എൽ.കെ. അഡ്വാനി, സോണിയ ഗാന്ധി, മൻമോഹൻ സിങ് എന്നിവർ.

രാജ്യദ്രോഹികളായി പ്രഖ്യാപിക്കപ്പെട്ടവരുടെ സ്വത്തുക്കൾ ഏറ്റെടുക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഓർഡിനൻസ് പുനർപ്രഖ്യാപനം നടത്താൻ ആവശ്യപ്പെട്ടപ്പോൾ, ഇക്കാര്യത്തിൽ‌ പ്രതിപക്ഷവുമായി അഭിപ്രായ ഐക്യം ഉണ്ടാക്കാൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ആരാഞ്ഞു. 2016ൽ രാജ്യസഭാനടപടികൾ മൂന്നുവട്ടം പ്രതിപക്ഷം തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് ഓർഡിനൻസ് പുനർവിജ്ഞാപനം ചെയ്യേണ്ടിവന്നതെന്നായിരുന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ വിശദീകരണം.

താൻ ധനമന്ത്രിയായിരിക്കെ കൈകാര്യം ചെയ്ത ചരക്ക്, സേവന നികുതിയിലേക്കു (ജിഎസ്‌ടി) രാജ്യത്തിന്റെ പരിവർത്തനം ആവേശത്തോടെ പ്രണബ് മുഖർജി സ്വാഗതം ചെയ്തുവെങ്കിലും മോദി സർക്കാർ ഇക്കാര്യത്തിൽ കാട്ടിയ തിടുക്കം ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും അസൗകര്യങ്ങൾ ഉണ്ടാക്കുമെന്ന അമ്പരപ്പ് അദ്ദേഹം മറച്ചുവച്ചതുമില്ല.

പക്ഷേ, ഇത്തരം അഭിപ്രായ വ്യത്യാസങ്ങളും അവയുടെ തുറന്നു പറച്ചിലും ഏറ്റുമുട്ടലിലേക്കെത്താതിരിക്കാൻ രാഷ്ട്രപതിയും കേന്ദ്രസർക്കാരും ജാഗ്രത കാട്ടിയിരുന്നു.  മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുമായും തനിക്കു വളരെയടുപ്പമുണ്ടായിരുന്നെന്ന് പ്രണബ് മുഖർജി പറഞ്ഞിട്ടുണ്ട്.

ഡൽഹിയിൽ അയൽക്കാരായിരുന്നു അവർ. ബിജെപിയും കോൺഗ്രസും തമ്മിൽ ഏറ്റുമുട്ടിക്കൊണ്ടിരിക്കുമ്പോഴും വാജ്‌പേയിയും പ്രണബും ഒരുമിച്ചായിരുന്നു പ്രഭാത നടത്തം. ബിജെപിയിലെ എല്ലാ പ്രമുഖ നേതാക്കളുമായും പ്രണബ് നല്ല വ്യക്‌തിബന്ധം നിലനിർത്തി അവരുടെ രാഷ്‌ട്രീയത്തോടു വിയോജിച്ചുതന്നെ. ‘ ഒരു സമയത്തു ഞങ്ങൾ നല്ല അയൽക്കാർ ആയിരുന്നു. വാജ്‌പേയിജി എന്നെക്കാൾ മുതിർന്ന ആളായിരുന്നതുകൊണ്ട് എന്നോട് അദ്ദേഹത്തിനു പ്രത്യേക വാൽസല്യമായിരുന്നു.’ – ഒരു അഭിമുഖത്തിൽ പ്രണബ് പറഞ്ഞു.

English Summary: Pranab Mukherjee and Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com