പ്രണബ് മുഖർജി–രാഷ്ട്രീയ നിലപാടുകളിലെ ആർജവം
![PTI6_7_2018_000147B PTI6_7_2018_000147B](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/8/31/Mohan-Bhagawat-Paranab-Mukherjee.jpg?w=1120&h=583)
Mail This Article
ആർഎസ്എസ് സ്ഥാപകൻ കെ.ബി.ഹെഡ്ഗേവാറിനെ ‘ഭാരതമാതാവിന്റെ മഹാനായ പുത്രൻ’ എന്നു പ്രണബ് മുഖർജി വിളിച്ചപ്പോൾ കോൺഗ്രസിനത് വല്ലാതെ നൊന്തു. നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തു പ്രണബ് കാലൂന്നിയപ്പോൾ അതൊരു രാഷ്ട്രീയ വഞ്ചനയായിത്തന്നെയാണ് ചില കോൺഗ്രസുകാരെങ്കിലും കണ്ടത്. കാരണം ഇന്ത്യയുടെ നെഞ്ചിലെ ഉണങ്ങാത്തൊരു മുറിവായി ഗാന്ധിജി വെടിയേറ്റു വീണതിന്റെ ഉത്തരവാദിത്തം ആർഎസ്എസിനാണെന്ന് കോൺഗ്രസ് ഇന്നും വിശ്വസിക്കുന്നു.
പ്രണബ് നാഗ്പൂരിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന വാർത്തകൾ വന്നതിനു പിന്നാലെതന്നെ വിവാദങ്ങൾ കത്തിത്തുടങ്ങിയിരുന്നു. കോൺഗ്രസ് നേതാവായിരിക്കെ ആർഎസ്എസിനോടു വിമർശനപരമായ നിലപാടാണ് പ്രണബ് എന്നും സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആർഎസ്എസിന്റെ സംഘ് ശിക്ഷാ വർഗിൽ പങ്കെടുക്കുന്നുവെന്നത് രാഷ്ട്രീയ നിരീക്ഷകരെയടക്കം അമ്പരപ്പിച്ചു. ബിജെപിയിലേക്കാണോ മുൻ രാഷ്ട്രപതി ചുവടുവയ്ക്കുന്നതെന്നു പോലും ചില രാഷ്ട്രീയ നിരീക്ഷകർ സംശയം പറഞ്ഞു. കത്തുകളിലുടെയും ഫോണിലൂടെയും കോൺഗ്രസ് നേതാക്കളടക്കം അദ്ദേഹത്തോട് പരിപാടിയിൽ പങ്കെടുക്കരുതെന്നു പറയുകയും ചെയ്തു.
![PTI6_7_2018_000176B PTI6_7_2018_000176B](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/8/31/Pranab-Mukherjee-at-RSS-event.jpg)
മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി പോലും അതൃപ്തി പ്രകടിപ്പിച്ചു. ‘അങ്ങയുടെ പ്രസംഗത്തിൽ അവരുടെ വീക്ഷണങ്ങളെ അങ്ങ് പിന്തുണയ്ക്കുമെന്ന് ആർഎസ്എസ് പോലും വിശ്വസിക്കുന്നില്ല. പ്രസംഗം ആളുകൾ മറക്കും. എന്നാൽ അവിടെ പോയതിന്റെ ചിത്രങ്ങൾ ബാക്കിയാകും’ – ശർമിഷ്ഠ ട്വീറ്റ് ചെയ്തു. പക്ഷേ താനവിടെ പോകുമെന്നുതന്നെ പ്രണബ് പറഞ്ഞു.
പ്രണബിന്റെ തീരുമാനത്തിൽ ഒൗദ്യോഗികമായി പ്രതികരിക്കാനില്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയെങ്കിലും യോജിച്ചു വിയോജിച്ചും നേതാക്കൾ രംഗത്തു വന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നു ജയറാം രമേശ്, സി.കെ.ജാഫർ ഷരീഫ്, രമേശ് ചെന്നിത്തല തുടങ്ങിയവർ ആവശ്യപ്പെട്ടപ്പോൾ, പാർട്ടി അദ്ദേഹത്തെ വിശ്വസിക്കണമെന്നായിരുന്നു സൽമാൻ ഖുർഷിദ് പറഞ്ഞത്. പി. ചിദംബരവും പ്രണബിനെ പിന്തുണച്ചു. അദ്ദേഹം ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കണമെന്നും അവരുടെ ആശയസംഹിതയുടെ അപകടം ബോധ്യപ്പെടുത്തണമെന്നുമായിരുന്നു ചിദംബരത്തിന്റെ നിലപാട്.
പ്രണബ് നാഗ്പുരിലെത്തി. രാജ്യം, ദേശീയത, ദേശസ്നേഹം എന്നിവ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാനാണ് അവിടെ എത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്. അസഹിഷ്ണുത ഇന്ത്യയുടെ ദേശീയതയെ ദുർബലമാക്കുമെന്നും ഇതു ഹിന്ദുക്കളും മുസ്‌ലിംകളും ക്രൈസ്തവരും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും മണ്ണാണെന്നും അദ്ദേഹം ആർഎസിഎസിന്റെ വേദിയിൽ പറഞ്ഞു.
‘മതനിരപേക്ഷത നമുക്കു മതമാണ്. സാർവലൗകികത, സ്വാംശീകരണം, സഹവർത്തിത്വം എന്നീ മൂല്യങ്ങളിൽ നിന്നാണ് ഇന്ത്യയുടെ ദേശീയത രൂപപ്പെട്ടത്. സഹിഷ്ണുതയിൽ നിന്നാണു നാം കരുത്താർജിക്കുന്നത്. ബഹുസ്വരതയെ നാം ബഹുമാനിക്കുന്നു. നാനാത്വത്തെ ആഘോഷിക്കുന്നു’– അർഥശങ്കയ്ക്കിടയില്ലാതെ മുൻ രാഷ്ട്രപതി പറഞ്ഞു.
മതത്തിന്റെയോ സിദ്ധാന്തത്തിന്റെയോ അടിസ്ഥാനത്തിൽ ഇന്ത്യയെ വ്യാഖ്യാനിക്കാനുള്ള ഏതു ശ്രമവും രാജ്യത്തിന്റെ നിലനിൽപ് അപകടത്തിലാക്കുമെന്നു പ്രണബ് മുഖർജി വ്യക്തമാക്കിയതു സമകാലീന ഭാരതത്തിന്റെ സങ്കീർണസാഹചര്യത്തെ നോക്കിയാണ്. ബഹുസ്വരതയെ നാം ബഹുമാനിക്കുകയും നാനാത്വത്തെ ആഘോഷിക്കുകയും ചെയ്യുന്നുവെന്ന് ആർഎസ്എസ് ആസ്ഥാനത്തു പ്രണബ് പറഞ്ഞപ്പോൾ അതിനു പല മാനങ്ങളുണ്ടായിരുന്നു.
![PTI6_7_2018_000236B PTI6_7_2018_000236B](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/8/31/Pranab-Mukherjee-in-nagpur.jpg)
പ്രണബിന്റെ ആർഎസ്എസ് ആസ്ഥാന സന്ദർശനത്തെക്കുറിച്ചു കോൺഗ്രസിൽ ഭിന്നാഭിപ്രായങ്ങളുയർന്നു. അദ്ദേഹം നാഗ്പുരിൽ പറഞ്ഞത് ആർഎസ്എസുകാർ ഉൾക്കൊള്ളണമെന്ന് പി. ചിദംബരം അഭിപ്രായപ്പെട്ടു. ‘കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന്റെ ശരി പ്രണബ് ആർഎസ്എസിനോടു പറഞ്ഞതിൽ സന്തോഷം. ആർഎസ്എസ് പ്രത്യയശാസ്ത്രം എന്തുകൊണ്ടു തെറ്റെന്ന് അദ്ദേഹത്തിന്റെ രീതിയിൽ പറഞ്ഞു.’ ആർഎസ്എസിനു പാഠങ്ങൾ പറഞ്ഞുകൊടുക്കാൻ സാധിച്ച ആദ്യ മുൻ കോൺഗ്രസുകാരാനാണ് പ്രണബ്. പാഠങ്ങൾ ആർഎസ്എസ് ഉൾക്കൊള്ളുക എന്നായിരുന്നു അഭിഷേക് സിങ്‍വി പറഞ്ഞത്.
പക്ഷേ വിമർശനങ്ങൾ അതുകൊണ്ടൊന്നും അടങ്ങിയില്ല. ആ സന്ദർശനം തന്നെ ഒഴിവാക്കേണ്ടതായിരുന്നെന്നു പറഞ്ഞവരിൽ ഇടതുനേതാക്കളടക്കം ഉണ്ടായിരുന്നു. അതേസമയം, പ്രണബും ആർഎസ്എസ് മേധാവി മോഹൻ ഭഗവതും ചേർന്ന് സംവാദത്തിന്റെ പ്രശംസനീയ മാതൃക സൃഷ്ടിച്ചെന്നായിരുന്നു മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനിയുടെ വിലയിരുത്തൽ. ‘പ്രണബും ഭഗവതും പറഞ്ഞ കാര്യങ്ങൾ ഒരു തരത്തിൽ പരസ്പരപൂരകങ്ങളാണ്. ഒന്നാമത് രാഷ്ട്രമെന്നതാണ് രണ്ടു പേരുടെയും സന്ദേശം’ എന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി റാം മാധവ് പറഞ്ഞു.
ശിവസേനാ മുഖപത്രം സാമ്‌നയുടെ ഒരു നിർദേശം രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചയായി. 2019 ൽ പൊതുസമ്മതനായ പ്രധാനമന്ത്രിയായി പ്രണബ് മുഖർജിയെ പരിഗണിക്കാനാകുമെന്നാണു സാമ്‌ന നിരീക്ഷിച്ചത്. ഇതിനെ ചുറ്റിപ്പറ്റിയും വിവാദം കൊഴുത്തിരുന്നു.
English Summary: Paranab Mukherjee and his visit to RSS headquarters at Nagpur