പ്രണബ് – ആദ്യം മൻമോഹന്റെ മുന്നിൽ, പിന്നെ പിന്നിൽ, വീണ്ടും മുന്നിൽ!
Mail This Article
രണ്ടുവട്ടമാണ് പ്രധാനമന്ത്രിപദം തനിക്കടുത്തെത്തിയെന്നു പ്രണബ് മുഖർജി കരുതിയത്. തന്റെ രാഷ്ട്രീയ വഴികാട്ടി കൂടിയായിരുന്ന ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിനെത്തുടർന്നായിരുന്നു ആദ്യത്തേത്. പക്ഷേ രാജീവ് ഗാന്ധിയിലേക്ക് ആ കസേര ചെന്നെത്തി. അതുവരെ വിശ്വസ്തനായിരുന്ന പ്രണബിനെ മന്ത്രിസഭയിൽപോലും ഉൾപ്പെടുത്തിയില്ല രാജീവ്.
2004 ൽ ആയിരുന്നു രണ്ടാമത്തേത്. പ്രധാനമന്ത്രിയാകാനില്ല എന്ന സോണിയ ഗാന്ധി പ്രഖ്യാപിച്ചപ്പോൾ സ്വാഭാവികമായും പ്രണബ് സാധ്യതപ്പട്ടികയിലെത്തി. അതിന് അർഹനാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ചെയ്തു. പക്ഷേ സോണിയ നിയോഗിച്ചത് മൻമോഹൻ സിങ്ങിനെയായിരുന്നു. പ്രണബിനു വിദേശകാര്യം കൊടുത്ത് മന്ത്രിസഭയിൽ രണ്ടാമനുമാക്കി. രണ്ടാം യുപിഎ സർക്കാരിലും മൻമോഹൻ പ്രധാനമന്ത്രിയായി തുടർന്നു.
പ്രധാനമന്ത്രിയാകാൻ പ്രണബ് യോഗ്യനായിരുന്നു: മൻമോഹൻ
പ്രധാനമന്ത്രിയാകാൻ പ്രണബ് മുഖർജിക്ക് എല്ലാ യോഗ്യതകളുമുണ്ടായിരിക്കേയാണു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ തിരഞ്ഞെടുത്തതെന്നു മൻമോഹൻ സിങ് തന്നെ പറഞ്ഞിട്ടുണ്ട്. ആ തീരുമാനം അംഗീകരിച്ചത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വലുപ്പമാണു കാണിക്കുന്നതെന്നും പാർട്ടിയോ, സർക്കാരോ ഏതെങ്കിലും വെല്ലുവിളി നേരിടുമ്പോൾ എല്ലാവരും പരിഹാരത്തിനായി നോക്കിയിരുന്നതു പ്രണബിനെയായിരുന്നുവെന്നും മൻമോഹൻ കൂട്ടിച്ചേർത്തു. മൻമോഹനുമായുള്ളതു താരതമ്യമില്ലാത്ത ബന്ധമാണെന്നും പരസ്പരം ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നെന്നും പ്രണബ് പറഞ്ഞിട്ടുണ്ട്.
മുന്നിൽ, പിന്നിൽ, വീണ്ടും മുന്നിൽ
പ്രണബ് മുഖർജിയും പ്രധാനമന്ത്രി മൻമോഹൻ സിങ്ങും തമ്മിലുള്ള ഔദ്യോഗിക ബന്ധത്തിൽ ഒരു അപൂർവതയുണ്ട്. 1982– 84ൽ പ്രണബ് ധനകാര്യമന്ത്രിയായിരുന്ന കാലത്തു മൻമോഹൻ സിങ് റിസർവ് ബാങ്ക് ഗവർണർ ആയിരുന്നു. മൻമോഹന്റെ നിയമന ഉത്തരവിൽ ഒപ്പിട്ടതു പ്രണബായിരുന്നു. ഔദ്യോഗിക പ്രോട്ടോകോൾ പ്രകാരം പ്രണബിനെ മൻമോഹൻ ‘സർ’ എന്നു വിളിച്ചു.
പിൽക്കാലത്ത് 1991 നരസിംഹറാവു സർക്കാരിൽ മൻമോഹൻ ധനകാര്യമന്ത്രിയായപ്പോൾ പ്രണബ്, മന്ത്രിക്കു തുല്യമായ പദവിയുള്ള ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായി. ഇരുവരും തുല്യനിലയിലെത്തി. മൻമോഹനെപ്പോലെ പ്രണബും 1995 ൽ കേന്ദ്രമന്ത്രിയായി. ഇരുവരും തുല്യ പദവിയിൽ.
2004 ൽ പ്രണബിനെ ഒരുപടി പിന്നിലാക്കി മൻമോഹൻ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. പ്രണബ് അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ അംഗവുമായി. 2012 ൽ രാഷ്ട്രപതിയായതോടെ പ്രോട്ടോകോൾ അനുസരിച്ച് പ്രണബ് വീണ്ടും മുന്നിലെത്തി.
English summary: Pranab Mukherjee And Manmohan Singh