ADVERTISEMENT

ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു പ്രണബ് മുഖർജി. ബംഗാളിൽനിന്ന് പ്രണബിനെ ദേശീയ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചെത്തിച്ചതും വളർത്തിയതും ഇന്ദിരയായിരുന്നു. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥയുടെ പേരിലുള്ള കുറ്റപ്പെടുത്തലുകൾ പ്രണബിനും കേൾക്കേണ്ടി വന്നിട്ടുണ്ട്.

പക്ഷേ അടിയന്തരാവസ്ഥ ഇന്ദിരാ ഗാന്ധിയുടെ എടുത്തുചാട്ടമായിരുന്നെന്ന് പിൽക്കാലത്തു പ്രണബ് പറ‍ഞ്ഞു. ‘ദ് ഡ്രമാറ്റിക് ഡെക്കേഡ് -ദി ഇന്ദിരാഗാന്ധി ഇയേഴ്‌സ്’ എന്ന പുസ്തകത്തിലായിരുന്നു രാഷ്ട്രീയ മാർഗദർശിക്കുനേരേയുള്ള വിമർശനം. മൂന്നു പുസ്തകങ്ങളുള്ള ഓർമക്കുറിപ്പു പരമ്പരയിലെ ആദ്യ പുസ്തകമാണ് ദ് ഡ്രമാറ്റിക് ഡെക്കേഡ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു പ്രണബ്. 

Indira-Gandhi1
ഇന്ദിരാ ഗാന്ധി

അടിയന്തരാവസ്ഥ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പ്രണബ് എഴുതിയത്. ഈ എടുത്തുചാട്ടത്തിന് ഇന്ദിരാഗാന്ധിക്കും കോൺഗ്രസിനും വൻവില കൊടുക്കേണ്ടി വന്നു. മൗലികാവകാശങ്ങളും രാഷ്‌ട്രീയ പ്രവർത്തനവും നിരോധിക്കുകയും വൻതോതിൽ അറസ്‌റ്റ് നടത്തുകയും മാധ്യമ സെൻസർഷിപ് ഏർപ്പെടുത്തുകയും ചെയ്‌തത് ജനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും പുസ്തകം പറയുന്നു. പുസ്തകത്തിലെ മറ്റു ചില പരാമർശങ്ങൾ:

പ്രേരിപ്പിച്ചത് സിദ്ധാർഥ ശങ്കർ റേ

സിദ്ധാർഥ ശങ്കർ റേയാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാൻ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത്. അദ്ദേഹം അന്ന് ബംഗാൾ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവും പാർലമെന്ററി ബോർഡ് അംഗവുമായിരുന്നു. ഇന്ദിരയ്‌ക്കു മേൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന ഉപദേശകനായിരുന്നു. അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കുന്നതിനുള്ള ഭരണഘടനാപരമായ വ്യവസ്‌ഥകൾ തനിക്ക് അറിയില്ലായിരുന്നു എന്നാണ് ഇന്ദിരാഗാന്ധി പിന്നീട് (പ്രണബിനോട്) പറഞ്ഞത്. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചപ്പോൾ അതിനു പിന്നിൽ തങ്ങളാണ് എന്ന് അവകാശവാദം ഉന്നയിക്കാൻ പലരുമുണ്ടായി. പിന്നീട് ഇവരൊക്കെത്തന്നെ അടിയന്തരാവസ്‌ഥയുടെ വിമർശകരുമായി. അവർ എല്ലാ കുറ്റവും ഇന്ദിരയുടെ തലയിൽ കെട്ടിവച്ചു. അക്കൂട്ടത്തിൽ സിദ്ധാർഥ ശങ്കർ റേയും ഉണ്ടായിരുന്നു.

Pranab-budget
1983–84 ൽ ധനമന്ത്രിയായിരിക്കെ കേന്ദ്ര ബജറ്റ് തയാറാക്കുന്ന പ്രണബ് മുഖർജി.

വെള്ളക്കടലാസിലെ ശുപാർശക്കത്ത്

അന്ന് ആഭ്യന്തര മന്ത്രി ആയിരുന്ന കാസു ബ്രഹ്‌മാനന്ദ റെഡ്‌ഡി, ഷാ കമ്മിഷനു മുൻപാകെ പറഞ്ഞത് രാത്രി 10.30 ന് ഇന്ദിരാഗാന്ധി തന്നെ വിളിച്ചുവരുത്തി അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു എന്നാണ്. 1971 ൽ ഇന്ത്യ– പാക്കിസ്‌ഥാൻ യുദ്ധസമയത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത് നിലവിലുണ്ട് എന്നു പറഞ്ഞിട്ടും ആഭ്യന്തര അടിയന്തരാവസ്‌ഥ കൂടി വേണം എന്ന് ഇന്ദിര ശഠിച്ചു. തുടർന്നാണ് രാഷ്‌ട്രപതി ഫക്രുദീൻ അലി അഹമ്മദിന് ബ്രഹ്‌മാനന്ദ റെഡ്‌ഡി ഇതിനുള്ള ശുപാർശക്കത്ത് അയച്ചത്. ആ കത്ത് ആഭ്യന്തര മന്ത്രിയുടെ ലെറ്റർപാഡിലല്ല, വെറും വെള്ളക്കടലാസിലായിരുന്നു.

ജെപിയുടെ ഏകലക്ഷ്യം

ജയപ്രകാശ് നാരായണിന്റെ നടപടികൾ തിടുക്കത്തിലുള്ളതും ഇന്ദിരാഗാന്ധിയെ പുറത്താക്കുക എന്ന ഏക ലക്ഷ്യമുള്ളതും ആയിരുന്നു. അലഹബാദ് ഹൈക്കോടതി വിധി വന്ന ദിവസം ജയപ്രകാശ് നാരായണൻ പട്‌നയിൽ നിന്ന് ഗർജിച്ചു: ‘ഇന്ദിര ഹൈക്കോടതി വിധി മാനിച്ച് രാജിവയ്‌ക്കണം.’ തുടർന്ന് പ്രതിപക്ഷ നേതാക്കൾ രാഷ്‌ട്രപതി ഭവനു മുന്നിൽ ധർണയിരുന്നു. അന്ന് കശ്‌മീരിലായിരുന്ന രാഷ്‌ട്രപതി തിരിച്ചുവരുന്നതു വരെ മൂന്നു ദിവസം ധർണ തുടർന്നു.

അലഹബാദ് ഹൈക്കോടതി വിധിക്ക് ജസ്‌റ്റിസ് വി.ആർ. കൃഷ്‌ണയ്യർ സ്‌റ്റേ നൽകിയതാണ്. എന്നാൽ സുപ്രീംകോടതിയുടെ അവസാന വിധി വരുന്നതു വരെ കാത്തിരിക്കാൻ പ്രതിപക്ഷത്തിന് ക്ഷമയുണ്ടായിരുന്നില്ല. സുപ്രീംകോടതി പിന്നീട് റായ്‌ബറേലിയിലെ തിരഞ്ഞെടുപ്പ് ശരിവയ്‌ക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് തുടരാൻ നിയമപരമായി അവകാശമുണ്ടായിരുന്നു. രാജ്യത്തെ ഒരു സാധാരണ പൗരനു ലഭിക്കുന്ന നിയമപരമായ പരിരക്ഷ പ്രധാനമന്ത്രിക്കു നിഷേധിക്കുകയാണ് പ്രതിപക്ഷം ചെയ്‌തത്. 

കോൺഗ്രസിലെ ഭൂരിപക്ഷം എംപിമാരും അവരെ പിന്തുണയ്‌ക്കവേ എങ്ങനെയാണ് പ്രതിപക്ഷത്തിന് ഇന്ദിര മാറണം എന്നു പറയാൻ കഴിയുക? ഇതിന് ധാർമികമായ ഒരു വശവുമില്ലായിരുന്നു. അലഹബാദ് ഹൈക്കോടതിയിൽ ഇന്ദിരാഗാന്ധി പരാജയപ്പെട്ടത് നിയമപരമായ സാങ്കേതികതയുടെ പ്രശ്‌നമാണ്. ധാർമികതയുമായി ബന്ധമില്ല. ജയപ്രകാശ് നാരായണന്റെ സമ്പൂർണ വിപ്ലവത്തോടു ചേർന്ന പ്രതിപക്ഷ കക്ഷികൾക്ക് ആശയപരമായി അതിനോട് ഒരു പ്രതിബദ്ധതയും ഉണ്ടായിരുന്നില്ല.

IND28143B
എ.കെ. ആന്റണി, പി. ചിദംബരം എന്നിവർക്കൊപ്പം പ്രണബ് മുഖർജി.

നിർണായക ഘട്ടം

ജയപ്രകാശ് നാരായണന് അധികാരമോഹം ഇല്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്‌ഥാനം ലക്ഷ്യമില്ലാത്തതുപോലെ തോന്നിച്ചു. അഴിമതിക്കെതിരായ പോരാട്ടം നടത്തുന്നു എന്നു പറയുമ്പോഴും അതിൽ പങ്കെടുത്തവർ സംശയത്തിന് അതീതരായിരുന്നില്ല എന്നിങ്ങനെ പോകുന്നു പുസ്തകത്തിലെ പരാമർശങ്ങൾ. 

ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട സന്ദർഭത്തിൽ ഇടക്കാല പ്രധാനമന്ത്രിയാകാൻ താൻ ശ്രമിച്ചുവെന്ന പ്രചാരണം ദുഷ്ടലാക്കോടെ ചിലർ സൃഷ്ടിച്ചതാണെന്നു പ്രണബ് മുഖർജി. ആത്മകഥയുടെ രണ്ടാം ഭാഗമായ ‘ദ് ടർബുലന്റ് ഇയേഴ്സ് 1980–1996’ൽ ആണു രാഷ്ട്രപതിയുടെ വെളിപ്പെടുത്തൽ. മൂന്നു ഭാഗങ്ങളായാണു തന്റെ ദീർഘകാല രാഷ്ട്രീയ ജീവിതം പ്രണബ് രേഖപ്പെടുത്തുന്നത്.

ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതറിഞ്ഞ് 1984 ഒക്ടോബർ 31നു കൊൽക്കത്തയിൽ നിന്നു ഡൽഹിയിലേക്കു രാജീവ് ഗാന്ധി വരുന്ന വിമാനത്തിൽ താനും ഉണ്ടായിരുന്നു. ‘ഞാൻ അദ്ദേഹത്തോടു പ്രധാനമന്ത്രിയായി ചുമതലയേൽക്കണമെന്നു വിമാനത്തിൽ വച്ച് അഭ്യർഥിച്ചു. പെട്ടെന്നു രാജീവ് ചോദിച്ചു: എനിക്ക് ആ ചുമതല നിർവഹിക്കാൻ കഴിയുമെന്നു താങ്കൾക്കു തോന്നുന്നുണ്ടോ?’– രാഷ്ട്രപതി എഴുതുന്നു.

മുൻ രാഷ്ട്രപതി സെയിൽ സിങ്ങും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന പി.സി. അലക്സാണ്ടറും ഇതേപ്പറ്റി എഴുതിയ കാര്യങ്ങൾ പ്രണബ് ഉദ്ധരിക്കുന്നു. വിഷലിപ്തമായ മനസ്സുള്ള ചിലർ ആണ് ‘ഇടക്കാല പ്രധാനമന്ത്രിയാവുക എന്ന അവകാശവാദത്തിൽ നിന്ന് പ്രണബിനെ പിന്തിരിപ്പിക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു’ എന്നു പ്രചരിപ്പിച്ചത്. രാജീവിനെയും തന്നെയും തമ്മിൽ തെറ്റിക്കുക ആയിരുന്നു ഇവരുടെ ലക്ഷ്യം.

ഏതായാലും ഇവരുടെ തന്ത്രം ഫലിച്ചു. രാജീവ് മന്ത്രിസഭയിൽ നിന്നു താൻ ഒഴിവാക്കപ്പെട്ടു. ‘ഇക്കാര്യം അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. വിശ്വസിക്കാനായില്ല. എന്നാൽ സമചിത്തത വീണ്ടെടുത്തു. ഭാര്യയുടെ സമീപത്തിരുന്നു രാജീവ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതു ടെലിവിഷനിൽ കണ്ടു’– അദ്ദേഹം എഴുതുന്നു.

തുടർന്ന് 1986ൽ സ്വന്തം പാർട്ടി രൂപീകരിച്ചതു തെറ്റായിപ്പോയെന്നും രാഷ്ട്രപതി എഴുതുന്നു. പാർട്ടി വിട്ട മറ്റു പലരെയും പോലെ വലിയ ജനസ്വാധീനം തനിക്കുണ്ടായിരുന്നില്ല എന്നും അദ്ദേഹം സമ്മതിക്കുന്നു. ചില സത്യങ്ങൾ തന്നോടൊപ്പം ചിതയിലേക്കു പോകുമെന്നും അദ്ദേഹം പറയുന്നു.

പുസ്തകം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി പ്രകാശനം ചെയ്തു. മുൻ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എൽ.കെ. അഡ്വാനിയും കോൺഗ്രസ് നേതാക്കളായ ഡോ. കരൺ സിങ്, നട്‌വർ സിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അയോധ്യ: ക്ഷേത്രം തുറന്നു നൽകിയത് രാജീവിന്റെ പിഴവ്

അയോധ്യയിലെ ക്ഷേത്രം പൂജയ്ക്കായി തുറന്നുകൊടുത്തത് പ്രധാനമന്ത്രി എന്ന നിലയിൽ രാജീവ് ഗാന്ധിക്കു സംഭവിച്ച പിഴവായിരുന്നു എന്നു പ്രണബ് മുഖർജി. 1986 ഫെബ്രുവരി ഒന്നിനു ക്ഷേത്രം തുറന്നുകൊടുത്തത് പിന്നീടു ബാബറി മസ്ജിദ് തകർക്കുന്നതിലേക്കു നയിച്ചു. മസ്ജിദ് തകർത്തത് ‘പൂർണമായ വിശ്വാസവ​ഞ്ചന’ ആയിരുന്നു. അത് ഇന്ത്യയുടെ പ്രതിച്ഛായ തകർത്തു. അതേസമയം ഷാബാനു കേസിലെ മുസ്‌ലിം വനിതകൾക്കനുകൂലമായ വിധിയെ മറികടക്കാൻ നിയമം കൊണ്ടുവന്നത് രാജീവിന്റെ ആധുനിക പ്രതിച്ഛായയും തകർത്തു.

തന്റെ ദീർഘമായ രാഷ്ട്രീയ ജീവിതം വിഷയമാക്കിയാണ് പ്രണബ് മുഖർജി മൂന്നു ഭാഗങ്ങളുള്ള ഓർമക്കുറിപ്പ് എഴുതിയത്. ദ് ടർബുലന്റ് ഇയേഴ്സ് 1980–1996, ദ് കോഅലീഷൻ ഇയേഴ്സ്–1998-2012 എന്നിവയാണ് രണ്ടും മൂന്നും ഭാഗങ്ങൾ.

English Summary: Pranab Mukherjee on The Emergency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com