ഇന്ദിരയുടെ പ്രിയ ശിഷ്യൻ; നാടകീയതകളുടെ കൈപിടിച്ച രാഷ്ട്രീയ ജീവിതം
![PTI7_24_2017_000242B PTI7_24_2017_000242B](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/8/31/Pranab-Mukherjee.jpg?w=1120&h=583)
Mail This Article
ദ് ഡ്രമാറ്റിക് ഡെക്കേഡ് എന്നാണ് ആത്മകഥയുടെ ആദ്യ വാല്യത്തിന് പ്രണബ് കുമാർ മുഖർജി പേരിട്ടത് – ‘ദ് ഡ്രമാറ്റിക് ഡെക്കേഡ്: ദി ഇന്ദിരാഗാന്ധി ഇയേഴ്‌സ്’. ‘എന്നെ വളർത്തിക്കൊണ്ടു വന്നത് ഇന്ദിരയാണ്. ഞാൻ ഇന്ന് എന്തായിരിക്കുന്നുവോ അതിന് ഉത്തരവാദിയും മറ്റാരുമല്ല.’ എന്നു പ്രണബ് തന്നെ പറഞ്ഞിട്ടുമുണ്ട്. പ്രണബിന്റെ രാഷ്ട്രീയ ജീവിതത്തിനും പൂർണമായും ചേരുന്ന വിശേഷണമാണത് – നാടകീയം.
ബംഗാളിലെ മിഡ്നാപ്പുരിൽ വി.കെ. കൃഷ്ണമേനോൻ 1969 ൽ സ്വതന്ത്രനായി മൽസരിച്ചു ജയിച്ചിടത്തുനിന്നാണ് പ്രണബ് കുമാർ മുഖർജി എന്ന ചെറുപ്പക്കാരന്റെ രാഷ്ട്രീയ ജീവിതം വഴിതിരിഞ്ഞൊഴുകിയത്. മേനോന്റെ തിരഞ്ഞെടുപ്പു പ്രചാരണം ഏകോപിപ്പിച്ച മിടുക്കനായ മുപ്പത്തിനാലുകാരനെ നോട്ടമിട്ട ഇന്ദിരാഗാന്ധി അയാളെ ഡൽഹിയിലേക്കു കൂട്ടി; രാജ്യസഭാംഗമാക്കി.
![Indira-Gandhi Indira-Gandhi](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/8/31/Indira-Gandhi.jpg)
സ്വാതന്ത്ര്യസമര സേനാനിയും എഐസിസി അംഗവുമായിരുന്ന കമദകിങ്കർ മുഖർജിയുടെ മകൻ എന്ന മേൽവിലാസത്തിനപ്പുറത്തേക്ക് പ്രണബ് വളർന്നു. ഡൽഹി രാഷ്ട്രീയത്തിന്റെ ബലതന്ത്രങ്ങളിൽ ഇന്ദിരയുടെ വിശ്വസ്തൻ എന്ന ലേബൽ പ്രണബിനെ കരുത്തനാക്കി.
വിശ്വസ്തനെ 73 ൽ ഇന്ദിര മന്ത്രിയുമാക്കി. രാജ്യത്തെ തന്റെ വിരൽത്തുമ്പിൽ വിറപ്പിച്ചു നിർത്താൻ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും വിശ്വസ്തനായി പ്രണബുണ്ടായിരുന്നു. (പിൽക്കാലത്ത് അതിന്റെ പേരിൽ പഴി കേട്ടിട്ടുമുണ്ട് അദ്ദേഹം). ഇന്ദിര എന്ന മാർഗദർശിയുടെ സ്വാധീനം പ്രണബിൽ പ്രകടമാണ്. അനുനയം വേണ്ടിടത്ത് അതും കടുംപിടുത്തം വേണ്ടിടത്ത് അതും മടിയില്ലാതെ പ്രണബ് പ്രയോഗിച്ചിരുന്നു.
![INDIA/ INDIA/](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/8/31/Rahul-Pranab.jpg)
84 ൽ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ ഉലഞ്ഞുപോയ കോൺഗ്രസ്, ആ സങ്കടത്തിനിടയിലും ആശങ്കപ്പെട്ടത് കരുത്തയായ രാജ്ഞിയുടെ സിംഹാസനത്തിലിരുന്ന് പാർട്ടിയെ ആരു നയിക്കുമെന്നാണ്. രാജീവായിരുന്നു പലരുടെയും മനസ്സിൽ. പ്രണബ് പ്രധാനമന്ത്രിപദം ആഗ്രഹിക്കുന്നതായി പാർട്ടിക്കകത്തും പുറത്തും അഭ്യൂഹങ്ങളുയർന്നു.
പാർട്ടിയിലെ സീനിയോറിറ്റിയും അതിനകം പേരെടുത്ത നേതൃപാടവവും പ്രണബിനെ ഒരു നല്ല കാൻഡിഡേറ്റാക്കിയെന്നതിൽ തർക്കമില്ല. പക്ഷേ ഇന്ദിരയുടെ പിൻഗാമിയായത് രാജീവാണ്. അവിടെത്തീർന്നില്ല നാടകീയത. അമ്മയുടെ (തന്റെയും) വിശ്വസ്തരുടെ പട്ടികയിലെ ആദ്യസ്ഥാനക്കാരനെ മന്ത്രിസംഘത്തിൽനിന്നു രാജീവ് മാറ്റിനിർത്തി. ഭാര്യ സുവ്ര മുഖർജിക്കൊപ്പം വീട്ടിലിരുന്നാണ് പ്രണബ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കണ്ടത്. താൻ അധികാരം മോഹിച്ചിരുന്നുവെന്ന ആരോപണത്തെ പിൽക്കാലത്ത് പ്രണബ് തള്ളിക്കളഞ്ഞു. തന്നെയും രാജീവിനെയും തമ്മിൽ തെറ്റിക്കാൻ വേണ്ടി ചിലർ പടച്ചുണ്ടാക്കിയ കെട്ടുകഥയാണതെന്ന് അദ്ദേഹം ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്.
![Pranab-Motilal-vora-rao Pranab-Motilal-vora-rao](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/8/31/Pranab-Motilal-vora-rao.jpg)
രാജീവിന്റെ നീരസത്തെ തുടർന്ന് പാർട്ടിയുമായി അകന്ന പ്രണബ് ചെയ്തത് പുതിയ പാർട്ടിയുണ്ടാക്കുകയാണ്– രാഷ്ട്രീയ സമാജ്‌വാദി കോൺഗ്രസ്. പക്ഷേ പച്ചപിടിക്കാനായില്ല. ഒടുവിൽ 1989 ൽ കോൺഗ്രസിലേക്കു തന്നെ മടങ്ങിയെത്തി. പാർട്ടി രൂപീകരണെ തെറ്റായ തീരുമാനമായിരുന്നെന്നു പിന്നീട് അദ്ദേഹം ഏറ്റുപറഞ്ഞിട്ടുണ്ട്. 1991 പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിക്കെ ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായി പ്രണബ് മുഖർജിയെ നിയോഗിച്ചു.
![612578520 612578520](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/8/31/Rajiv-Gandhi.jpg)
2004 ൽ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരം തിരിച്ചു പിടിച്ചപ്പോഴായിരുന്നു അടുത്ത നാടകീയത. സോണിയ ഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന കണക്കുകൂട്ടലുകൾ തെറ്റി. താൻ ആ കസേരയിലേക്കില്ലെന്നു സോണിയ തീർത്തു പറഞ്ഞതോടെ പ്രണബിനു സാധ്യതയേറി. പക്ഷേ മൻമോഹൻ സിങ് പ്രധാനമന്ത്രിയാവട്ടെ എന്നായിരുന്നു സോണിയയുടെ തീരുമാനം. പ്രണബ് ആ തീരുമാനം അംഗീകരിക്കുകയും ചെയ്തു. ഒന്നാം യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയാകാൻ പ്രണബ് മുഖർജിക്ക് എല്ലാ യോഗ്യതകളുമുണ്ടായിരിക്കെയാണു സോണിയ തന്നെ തിരഞ്ഞെടുത്തതെന്നു മൻമോഹൻ തന്നെ പിന്നീടു പറഞ്ഞിട്ടുണ്ട്. മൻമോഹൻ സർക്കാരിൽ പ്രണബ് പ്രതിരോധ മന്ത്രിയും പിന്നീടു വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സർക്കാരിലും പ്രണബ് രണ്ടാമനായിരുന്നു.
![PTI11_14_2019_000014B PTI11_14_2019_000014B](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/8/31/Sonia-Pranab-manmohan.jpg)
2012 ലാണ് അദ്ദേഹം രാഷ്ട്രപതിയായത്. ഒന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതോടെ രണ്ടാംവട്ടം പ്രണബ് രാഷ്ട്രപതിയാകാനുള്ള് സാധ്യതയടഞ്ഞു. 2018 ൽ നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചപ്പോഴാണ് പ്രണബ് മുഖർജി വീണ്ടും വാർത്തയിൽ നിറഞ്ഞത്. കോൺഗ്രസിൽനിന്നു കടുത്ത പ്രതിഷേധംതന്നെയുയർന്നു. മകൾ ശർമിഷ്ഠ മുഖർജി പോലും അതൃപ്തിയറിയിച്ചു. എന്നിട്ടും പ്രണബ് നാഗ്പുരിലെത്തി. ആർഎസ്എസ് സ്ഥാപകൻ കെ.ബി.ഹെഡ്ഗേവാറിനെ ‘ഭാരതമാതാവിന്റെ മഹാനായ പുത്രൻ’ എന്നു വിശേഷിപ്പിച്ചതും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു.
തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ പറയാനും ചെയ്യാനും ഒട്ടും മടി കാണിച്ചിരുന്നില്ല പ്രണബ് മുഖർജി; തന്റെ രാഷ്ട്രീയ മാർഗദർശിയായ ഇന്ദിരാ ഗാന്ധിയെപ്പോലെ.
English Summary: Pranab Mukherjee passes away