ADVERTISEMENT

ന്യൂഡൽഹി ∙ ‘ഒരുപക്ഷേ സോണിയാ ഗാന്ധി ഡോ. മൻമോഹൻ സിങ്ങിനെ രാഷ്ട്രപതിയാക്കാൻ ആലോചിക്കുന്നുണ്ടാവാം. അങ്ങനെയെങ്കിൽ എന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചേക്കാം’ –ഇതായിരുന്നു 2012 ജൂൺ രണ്ടിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടശേഷം പുറത്തിറങ്ങിയപ്പോൾ തന്റെ മനസ്സിൽ തോന്നിയതെന്നു പ്രണബ് മുഖർജി എഴുതിയിട്ടുണ്ട്.

രാഷ്ട്രപതി സ്ഥാനാർഥിയുടെ കാര്യം ചർച്ച ചെയ്യാനായിരുന്നു പ്രണബ് മുഖർജി പോയത്. പക്ഷേ സോണിയാ ഗാന്ധി പറഞ്ഞത് ഇങ്ങനെയാണ്– താങ്കൾ തന്നെയാണ് ആ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി. എന്നാൽ സർക്കാരിന്റെ പ്രവർത്തനത്തിനു താങ്കൾ എത്ര നിർണായകമായ പങ്കാണു വഹിക്കുന്നത് എന്ന് അറിയാമല്ലോ? മറ്റാരുടെയെങ്കിലും പേര് നിർദ്ദേശിക്കാമോ?

13 ദിവസം ഈ അനിശ്ചിതത്വം നീണ്ടു. െഎക്യപുരോഗമന മുന്നണിയിലെ ഘടകകക്ഷി നേതാക്കളുമായി സോണിയ സംസാരിച്ചു. ഇതിനിടയിൽ കോൺഗ്രസ് പ്രവർത്തക സമിതി കൂടി. സ്ഥാനാർഥിയെ നിശ്ചയിക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം പ്രണബ് തന്നെ അവതരിപ്പിച്ചു. ഒടുവിൽ 13ാം ദിവസം ജൂൺ 15ന് സോണിയ ഗാന്ധി നിശ്ചയിച്ചു – രാഷ്ട്രപതി സ്ഥാനാർഥി പ്രണബ് മുഖർജി തന്നെ. 13 പലപ്പോഴും പ്രണബിനു ഭാഗ്യ നമ്പരായിരുന്നു. അങ്ങനെ 13ാമത്തെ രാഷ്ട്രപതിയായി.

PTI1_25_2014_000165A

പ്രണബ് മുഖർജി തന്നെയാണ് ആത്മകഥയുടെ മൂന്നാം ഭാഗമായ The Coalition Years 1996-2012ൽ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി പദം എന്നും പ്രണബിന്റെ മനസ്സിലുണ്ടായിരുന്നു എന്ന് ഇതു വ്യക്തമാക്കുന്നു. 2012 ജൂൺ 25ന് കോൺഗ്രസ് പ്രവർത്തക സമിതി നൽകിയ യാത്രയയപ്പിൽ സോണിയ ഗാന്ധി പറഞ്ഞു– സിഡബ്ള്യുസിയിൽ താങ്കളെ നഷ്ടപ്പെടുന്നു എന്നതു മാത്രമല്ല താങ്കളുടെ രാഷ്ട്രീയ തന്ത്രങ്ങളും ഞങ്ങൾക്കു നഷ്ടപ്പെടുകയാണ്.

രാഷ്ട്രപതി എന്ന നിലയിൽ രണ്ടു പ്രധാനമന്ത്രിമാരോടൊപ്പമാണു പ്രണബ് മുഖർജിക്ക് ഇടപെടേണ്ടി വന്നത്– ആദ്യത്തെ രണ്ടു വർഷം ഡോ. മൻമോഹൻ സിങ്, അവസാനത്തെ രണ്ടു വർഷം നരേന്ദ്ര മോദി. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതിരുന്ന മൻമോഹൻ സിങ്, ഒറ്റയ്ക്ക് ഭൂരിപക്ഷവുമായി വന്ന നരേന്ദ്ര മോദി. 1984–89ൽ രാജീവ് ഗാന്ധിക്കുശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ പ്രധാനമന്ത്രി മോദിയായിരുന്നു 2014–ൽ.

രാഷ്ട്രീയമായി എതിർ ചേരിയിലായിരുന്ന നരേന്ദ്ര മോദിയുമായി ഒരുമിച്ചു പ്രവർത്തിക്കേണ്ടി വന്നതിനെക്കുറിച്ചു പിന്നീടു പ്രണബ് മുഖർജി പറഞ്ഞു – അഭിപ്രായ ഭിന്നതകൾ – അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽക്കൂടി അവ ഞങ്ങൾ സ്വയം ഉള്ളിൽ സൂക്ഷിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും എന്ന നിലയിലുള്ള ബന്ധത്തിൽ ഒരിക്കലും അതിനു സ്ഥാനമുണ്ടായിരുന്നില്ല, അവ ബാധിച്ചതുമില്ല. രാഷ്ട്രത്തലവനും ഭരണത്തലവനുമായുള്ള ബന്ധത്തെ അവ ബാധിച്ചതേയില്ല.

സർക്കാരിന്റെ നയപരിപാടികളെ പിന്തുണയ്ക്കേണ്ട ബാധ്യത രാഷ്ട്രപതി എന്ന നിലയിൽ പ്രണബ് മുഖർജി പാലിച്ചു. എന്നാൽ ഇന്ത്യയുടെ വൈവിധ്യം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത, സമൂഹത്തിൽ സഹിഷ്ണുത നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം പ്രസംഗങ്ങളിൽ മുന്നറിയിപ്പു നൽകി. നോട്ട് നിരോധനത്തെ പിന്തുണച്ചപ്പോൾത്തന്നെ രാജ്യത്തിന്റെ വളർച്ച മെല്ലെയാവുമെന്നും പാവപ്പെട്ടവരാണ് ഇതിന്റെ വിഷമത ഏറ്റവും അനുഭവിക്കുകയെന്നും അദ്ദേഹം പറയാൻ മടിച്ചില്ല. ദീർഘകാലം ധനകാര്യം കൈകാര്യം ചെയ്ത അദ്ദേഹത്തിനു നോട്ട് നിരോധനത്തെ പൂർണ്ണമായി പിന്തുണയ്ക്കാൻ ഏറെ ആത്മസംഘർഷം വേണ്ടി വന്നിരിക്കാം.

1200NarendraModimeetsPranabMukherje

അരുണാചൽ പ്രദേശിലെ നബാം ടിക്കി സർക്കാരിനെയും ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സർക്കാരിനെയും പുറത്താക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ രാഷ്ട്രപതി എന്ന നിലയിൽ പ്രണബ് മുഖർജി പൂർണ്ണമായും ശരിവയ്ക്കുകയാണ് ചെയ്തത്. രണ്ടു സ്ഥലത്തും കോടതി വിധി എതിരാവുകയും ചെയ്തു. മുമ്പ് പല രാഷ്ട്രപതിമാരും കേന്ദ്രസർക്കാരിനോടു തീരുമാനം പുനഃപ്പരിശോധിക്കാൻ ആവശ്യപ്പെട്ട ചരിത്രം പിന്തുടരാൻ പ്രണബ് തയാറായില്ല.

ജനാധിപത്യത്തിന് അവശ്യം വേണ്ടത് നാലു ‘ഡി’കളാണ് എന്നു പ്രണബ് ഒാർമിപ്പിച്ചു – ഡിബേറ്റ്, ഡിസ്ക്കഷൻ, ഡിസിഷൻ. നാലാമതൊരു ഡി പാടില്ല എന്നും അദ്ദേഹം പറഞ്ഞു – സഭകളുടെ ഡിസ്റപ്ഷൻ.

പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിക്ക് വിലപ്പെട്ട ഉപദേശങ്ങൾ നൽകാൻ പ്രണബ് തയാറായി. ആ തന്ത്രങ്ങൾ പലപ്പോഴും പ്രതിപക്ഷത്തെ നേരിടാൻ മോദിയെ സഹായിക്കുകയും ചെയ്തു. അതിന്റെ പ്രതിഫലനമാണ് 2019 ജനുവരി 26ന് പ്രണബ് മുഖർജിക്ക് ഭാരത രത്ന നൽകാൻ പ്രധാനമന്ത്രി മോദി കൈക്കൊണ്ട തീരുമാനം. 25ന് വൈകിട്ട് ആറു മണിക്കാണ് പ്രണബ് മുഖർജിയെ മോദി ഫോണിൽ വിളിക്കുന്നത്. താങ്കളുടെ വീട്ടിൽ വന്ന് അനുമതി ചോദിക്കുക എന്നതാണ് പതിവ്. എന്നാൽ റിപ്പബ്ളിക് ദിനത്തിലെ വിശിഷ്ടാതിഥി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിനെ (സിറിൾ രാമഫോസ) വരവേൽക്കാൻ പോകേണ്ടതു കാരണം ഫോണിൽ വിളിക്കുകയാണ്. താങ്കളുടെ അനുമതി കിട്ടിയ ശേഷമേ രാഷ്ട്രപതിയോട് പറയാനാകൂ.

ഇനി പ്രണബ് പറയുന്നതു കേൾക്കുക. ശരി എന്നു സമ്മതം പറഞ്ഞു. വീട്ടിൽ ആരോടും പറഞ്ഞില്ല. അടുത്ത ദിവസം പ്രഖ്യാപനം വന്നപ്പോൾ മകൾ ശർമിഷ്ഠയ്ക്ക് ദേഷ്യമായി. ഭാരതരത്ന കിട്ടിയിട്ട് ഒന്നും സംഭവിക്കാത്തതു പോലെ ഇരിക്കുകയാണ്, എന്നോടു പോലും പറഞ്ഞില്ലല്ലോ? വിജ്ഞാപനം വരട്ടെ എന്നു കരുതി – പ്രണബിന്റെ മറുപടി. പ്രധാനമന്ത്രി പറഞ്ഞാൽപ്പിന്നെ എന്തു വിജ്ഞാപനം എന്നായി ശർമിഷ്ഠ. മകളുടെ ഈർഷ്യ പോകുന്നില്ല.

ഇന്ത്യയിൽ ഭാരത രത്ന മാത്രമാണ് പ്രധാനമന്ത്രിയും രാഷ്ട്രപതി കൂടി തീരുമാനിക്കുന്ന ബഹുമതി – പ്രണബ് ചൂണ്ടിക്കാട്ടുന്നു. 2015ൽ പ്രധാനമന്ത്രി മോദി രാഷ്ട്രപതിയായിരുന്ന പ്രണബിനോട് പറയുന്നു – അടൽജിക്ക് ഭാരതരത്ന നൽകണം. പ്രണബ് പറഞ്ഞു – ഒരാൾക്കു കൂടി മരണാനന്തര ബഹുമതിയായി നൽകുക. അങ്ങനെ മോദി മദൻ മോഹൻ മാളവ്യയുടെ പേരു പറയുന്നു. അടൽജിക്ക് ഭാരതരത്ന സമ്മാനിച്ചത് പ്രണബാണ്.

PTI7_24_2017_000242B

പ്രണബ് മുഖർജി പറയുന്ന ഭാരത് രത്നയുടെ മറ്റൊരു കഥകൂടിയുണ്ട്. മൊറാർജി ദേശായി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം പത്മ അവാർഡുകളും ഭാരത് രത്നയുമൊക്കെ നിർത്തി. ഇന്ദിരാ ഗാന്ധി അധികാരത്തിൽ മടങ്ങി എത്തിയ ശേഷം ഒരു ദിവസം രാജ്യസഭയിൽ ഇരിക്കവേ പ്രണബിനോട് പറഞ്ഞു – പത്മ അവാർഡുകൾ തിരിച്ചു കൊണ്ടു വരാം എന്ന്. ഈ വർഷം ഇനി പേരുകൾ ക്ഷണിക്കാൻ സമയമില്ല, നമുക്ക് ഒരു ഭാരത് രത്ന മാത്രം പ്രഖ്യാപിക്കാം എന്ന് പ്രണബ് പറയുന്നു. ആരുണ്ട് പറ്റിയ പേര് എന്നായി ഇന്ദിരാ ഗാന്ധി. പ്രണബ് മദർ തെരേസയുടെ പേരു പറഞ്ഞു. വാട്ട് എ ഗുഡ് െഎഡിയ എന്നായിരുന്നു ഇന്ദിരയുടെ ആദ്യ പ്രതികരണം. പക്ഷേ പ്രണബ് പറഞ്ഞു – ഇപ്പോൾ പ്രഖ്യാപിക്കരുത്. മദർ തെരേസ ഇന്ത്യൻ പൗരത്വം എടുത്തോ എന്ന് തിരക്കട്ടെ. അവർ അൽബേനിയൻ പൗരത്വം തുടരുകയാണെങ്കിൽ പറ്റില്ല. ഭാരത് രത്ന ഇന്ത്യൻ പൗരനേ നൽകാനാവൂ. ഏതായാലും അന്വേഷണത്തിൽ മദർ തെരേസ ഇന്ത്യാക്കാരി തന്നെ എന്ന് ഉറപ്പായി. അങ്ങനെയാണ് ആ ഭാരത് രത്ന പ്രഖ്യാപിച്ചത് – പ്രണബ് ഒാർമിക്കുന്നു.

രണ്ട് അവാർഡുകളുടെ കഥ കൂടി. 2019 ഫെബ്രുവരി 27. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ പേരിൽ മികച്ച ദേശീയ നേതൃത്വത്തിനും ആജീവനാന്ത നേട്ടങ്ങൾക്കുമുള്ള അവാർഡ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി സമ്മാനിക്കുന്നു. തീൻ മൂർത്തി ഭവനിൽ നടന്ന ചടങ്ങിനു സോണിയ ഗാന്ധി വന്നില്ല, രാഹുൽ ഗാന്ധിയും വന്നില്ല. മാത്രമല്ല കോൺഗ്രസ്സിൽ‌‍നിന്ന് ആരും വന്നില്ല. വീണ്ടും 2019 ഒാഗസ്റ്റ് 10. പ്രണബ് മുഖർജിക്ക് ഭാരത് രത്ന സമ്മാനിക്കുന്ന ചടങ്ങ്. രാഷ്ട്രപതി ഭവനിൽ. നൽകുന്നത് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. സോണിയ ഗാന്ധി വന്നില്ല, രാഹുൽ ഗാന്ധി വന്നില്ല, ഡോ. മൻമോഹൻ സിങ്ങും വന്നില്ല.

Content Highlight: Pranab Mukherjee, Narendra Modi, Presidential Years, Congress, Sonia Gandhi, The Coalition Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com