അരങ്ങൊരുങ്ങി, ഇനി തിരഞ്ഞെടുപ്പുകാലം; അഞ്ചിൽ ആരെത്തും മുന്നിൽ?
Mail This Article
കോവിഡ് പ്രതിസന്ധികൾ തലയ്ക്കു മുകളിൽനിന്നു മാറാതെ തുടരുമ്പോഴും രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കുന്നതിനു മുൻപേതന്നെ കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും അങ്കത്തിന് കളമൊരുക്കിത്തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും ചർച്ചകൾക്കുമായി നടത്തിയ പലഘട്ട സന്ദർശനങ്ങൾക്കൊടുവിലാണു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറ തീയതികൾ പ്രഖ്യാപിച്ചത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റങ്ങളേറെ കടന്നുവന്ന അഞ്ചു വർഷത്തിനൊടുവിൽ തിരഞ്ഞെടുപ്പിലേക്ക് വീണ്ടും സംസ്ഥാനങ്ങൾ എത്തുമ്പോൾ മുന്നണി സമവാക്യങ്ങളും മാറിമറിഞ്ഞിട്ടുണ്ട്. കൂടുവിട്ട് കൂടുമാറൽ തന്ത്രം ഏറ്റവും കൂടുതൽ ഗ്രസിച്ച നാളുകൾ കൂടിയാണ് കടന്നുപോകുന്നത്. മൂന്നാമതൊരു മുന്നണിയുടെ അടിവേരിട്ട വളർച്ച കണ്ടു മുന്നണി സമവാക്യങ്ങൾ പുതിയ തലത്തിലേക്കു മാറ്റിയ കേരളവും, ‘സ്റ്റാർ വാറു’കൾക്കൊടുവിൽ ചിന്നമ്മയുടെ തിരിച്ചുവരവിൽ എത്തിനിൽക്കുന്ന തമിഴ്നാടും നരേന്ദ്രമോദിയെ ശത്രുപക്ഷത്താക്കി ഒറ്റയാൾ പട്ടാളമായി മൂന്നേറുന്ന മമതയുടെ ബംഗാളും, പൗരത്വ പ്രക്ഷോഭം അലയടിച്ച അസമും, അപ്രതീക്ഷിത ഗവർണർ മാറ്റത്തിലും ഭരണപ്രതിസന്ധിയിലും കുടുങ്ങിയ പുതുച്ചേരിയും വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുമ്പോൾ എന്തൊക്കെയാണു മാറിമറിയുക എന്നതു കാത്തിരുന്നുതന്നെ കാണാം. നാലു വർഷം മുൻപ് ഇവിടങ്ങളിൽ അരങ്ങേറിയ മത്സരത്തെ മനസ്സിൽവച്ചു കൊണ്ടു തന്നെ
ആർക്കൊപ്പം കേരളം?
2016ൽ കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 91 സീറ്റുകൾ നേടിയാണ് സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണി (എൽഡിഎഫ്) അധികാരത്തിലെത്തിയത്. 86 സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിച്ചപ്പോൾ അഞ്ചു സ്വതന്ത്രരും ഇവർക്കൊപ്പം നിന്നു. ഭരണപക്ഷമായിരുന്ന യുഡിഎഫ് ആകട്ടെ 47 സീറ്റുകളിൽ ഒതുങ്ങി.
84 നിയോജക മണ്ഡലത്തിൽ ജനവിധി തേടിയ സിപിഎം 58 ഇടത്ത് വിജയം കൊയ്തു. ഇടതുമുന്നണിയുടെ മറ്റൊരു പ്രധാന ഘടകകഷിയായ സിപിഐ 25 സീറ്റിൽ മത്സരിച്ച് 19 ഇടത്ത് വിജയിച്ചപ്പോൾ, നാലു സീറ്റിൽ മത്സരിച്ച എൻസിപി രണ്ടിടത്തും ജയിച്ചു. എൽഡിഎഫിന്റെ മറ്റു ഘടകകഷികളായ ജനതാദൾ (സെക്കുലർ)–3, കോൺഗ്രസ് (എസ്)–1, കേരള കോൺഗ്രസ് (ബി)–1, സിഎംപി–1, എൻഎസ്‌സി–1 എന്നിങ്ങനെയാണ് സീറ്റുകൾ നേടിയത്. എൽഡിഎഫ് സ്വതന്ത്രർ അഞ്ചു സീറ്റും നേടി.
കേരളത്തിൽ ഭരണകക്ഷിയായിരുന്ന യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസ് 87 ഇടത്ത് മത്സരിച്ചതിൽ 22 സീറ്റുകളിലാണു വിജയിച്ചത്. മുസ്‌ലിം ലീഗ്–18 (23 സീറ്റിൽ), കേരള കോൺഗ്രസ് (എം)–6, കേരള കോൺഗ്രസ് (ജേക്കബ്)–1 എന്നിങ്ങനെയാണ് മറ്റു സീറ്റുകളിൽ വിജയിച്ചത്. കേരളത്തിൽ മൂന്നാം മുന്നണി സാന്നിധ്യവുമായെത്തിയ എൻഡിഎയിലെ പ്രധാന കക്ഷിയായ ബിജെപി 98 ഇടത്ത് മത്സരിച്ചെങ്കിലും നേമത്ത് രാജഗോപാലിലൂടെ ഒരു സീറ്റു മാത്രമാണ് ലഭിച്ചത്. 2016ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടകകകഷിയായി ഉദയം കൊണ്ട ബിഡിജെഎസ് ആകട്ടെ 36 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തു പോലും വിജയിച്ചില്ല. ഒരു മുന്നണിയുടെയും ഭാഗമാകാതെ ഒറ്റയ്ക്കു മത്സരിച്ച പി.സി.ജോർജ് സ്വതന്ത്രനായും ജയിച്ചു.
മാറിമറിഞ്ഞ മുന്നണി സമവാക്യങ്ങളുടെ അകമ്പടിയോടെയാണ് പതിനഞ്ചാം നിയസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുന്നത്. കേരള കോൺഗ്രസി(എം)ന്റെ പിളർപ്പും ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനവുമാണ് ഇതിൽ പ്രധാനം. പാലായെ ചൊല്ലി ഇടതുമുന്നണിയിൽ നിന്നു പുറത്തുപോയി യുഡിഎഫിൽ ചേർന്ന മാണി സി. കാപ്പന്റെ നീക്കം എത്രത്തോളം പ്രസിസന്ധി സൃഷ്ടിക്കുമെന്ന് കാത്തിരുന്നു കാണണം. ഐഎൻഎൽ എൽഡിഎഫ് ഘടകകക്ഷിയായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുമാണിത്.
ആരു വാഴും തമിഴ്‌നാട്?
തമിഴ്‌നാട്ടിൽ 234 നിയോജക മണ്ഡലങ്ങളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ പ്രധാന പാർട്ടിയായ എഐഎഡിഎംകെ 135 സീറ്റുകൾ (234 ഇടത്തു മത്സരിച്ചു) നേടിയാണ് ഭരണത്തിലേറിയത്. എതിർ കക്ഷിയായ ഡിഎംകെ 180 സീറ്റുകളിൽ മത്സരിച്ചതിൽ 88 സീറ്റുകളിലാണ് വിജയിച്ചത്. ദേശീയ പാർട്ടിയായ ബിജെപി 188 നിയോജക മണ്ഡലത്തിൽ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും ഒരു സീറ്റിൽ പോലും വിജയിച്ചില്ല. കോൺഗ്രസാകട്ടെ 8 സീറ്റുകൾ നേടി (41ൽ മത്സരിച്ചു). മുസ്‌ലിം ലീഗ് (ഐയുഎംഎൽ) ഒരു സീറ്റും നേടി.
25 ഇടത്തു വീതം മത്സരിച്ച സിപിഎമ്മിനും സിപിഐയ്ക്കും ഒരു സീറ്റു പോലും ലഭിച്ചില്ല. ‘വോട്ടിനു നോട്ട്’ വിവാദത്തെ തുടർന്നു 2016ൽ മാറ്റിവച്ച തഞ്ചാവൂർ, അരുവാകുറിച്ചി മണ്ഡലങ്ങളിൽ 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കായിരുന്നു വിജയം. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും തമിഴ്നാട് പിടിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളുമാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പ് ചർച്ചകളുടെ ആദ്യഘട്ടം കൊഴുപ്പിച്ചതെങ്കിൽ, ജയിൽ മോചിതയായി തിരിച്ചെത്തിയ മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ സംമ്പൂർണ രാഷ്ട്രീയ പ്രവേശനമാണ് നിലവിൽ തമിഴ്നാട് രാഷ്ട്രീയത്തിലെ മുഖ്യ ചർച്ചാവിഷയം.
ഇനി ആരുടെ പുതുച്ചേരി?
കോൺഗ്രസിന്റെ ‘സ്വന്തമായിരുന്ന’ പുതുച്ചേരിയിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ നടന്നത് വൻ മലക്കംമറിച്ചിലുകൾ. പുതുച്ചേരി ഇനി ആർക്കൊപ്പം നിൽക്കും എന്ന ചർച്ചകളും അതോടെ ശക്തം. 2016ൽ, പതിനാലാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 30 നിയോജക മണ്ഡലങ്ങളിലേക്കാണു മത്സരം നടന്നത്. കോൺഗ്രസ്– ഡിഎംകെ സഖ്യം അധികാരത്തിലേറി. 21 സീറ്റുകളിൽ മത്സരിച്ച കോണ്‍ഗ്രസ്15 സീറ്റിൽ വിജയിച്ചു. 9 സീറ്റിൽ മത്സരിച്ച ഡിഎംകെ 2 സീറ്റിലും വിജയം നേടി. 30 സീറ്റിൽ മത്സരിച്ച എഡിഎംകെ 4 സീറ്റുകളിൽ വിജയിച്ചു.
എഐഎൻആർസി 8 സീറ്റിലും സ്വതന്ത്രർ ഒരു സീറ്റിലും വിജയിച്ചു. ദേശീയ പാർട്ടികളായ ബിജെപി, സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികൾ ഒരിടത്തു പോലും വിജയിച്ചില്ലെന്നു മാത്രമല്ല 30 സീറ്റിൽ മത്സരിച്ച ബിജെപിക്ക് 29 ഇടത്തും 7 സീറ്റിൽ മത്സരിച്ച സിപിഐയ്ക്ക് ആറിടത്തും നാലു സീറ്റിൽ മത്സരിച്ച സിപിഎമ്മിന് നാലിടത്തും കെട്ടിവച്ച കാശും നഷ്ടപ്പെട്ടു.
രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലെത്തി നിൽക്കുകയാണ്. വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ, ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ 22നു രാജിവച്ചിരുന്നു. അതിനിടെ മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ദീർഘനാളത്തെ പ്രശ്നത്തിന് വിരാമമിട്ട് ലഫ്. ഗവർണർ കിരൺ ബേദിയെ തൽസ്ഥാനത്തു നിന്നു നീക്കിയുള്ള രാഷ്ട്രപതിയുടെ ഉത്തരവുമെത്തി. നിലവിൽ പുതിയ ലഫ്. ഗവർണർ തമിഴിസൈ സുന്ദരരാജനാണ് പുതുച്ചേരിയുടെ പൂർണ ഉത്തരവാദിത്തം. ഒപ്പം ചേരാനൊരുങ്ങുന്ന എംഎൽഎമാരിൽ കണ്ണുവച്ച് പുതുച്ചേരിയും പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
പൗരത്വ വിവാദത്തിന്റെ കൈപിടിച്ച്...
2016ൽ രണ്ടു ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തരുൺ ഗോഗോയ് സർക്കാരിനെ അട്ടിമറിച്ചാണ് ബിജെപി അധികാരത്തിലേറിയത്. 126 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ആകെ 1190 സ്ഥാനാർഥികൾ മത്സരിച്ചു. 89 സീറ്റുകളിൽ ജനവിധി തേടിയ ബിജെപി 60 സീറ്റുകളിൽ വിജയിച്ചു. 122 സീറ്റുകളിൽ ജനവിധി നേടിയ കോൺഗ്രസ് 26 സീറ്റിൽ ഒതുങ്ങി.
സംസ്ഥാന പാർട്ടികളായ അസം ഗണ പരിഷത്ത് (എജിപി) 14 സീറ്റിലും എഐയുഡിഎഫ് 13 സീറ്റിലും ബിഒപിഎഫ് 12 സീറ്റിലും വിജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു. എജിപി, ബിഒപിഎഫ്, ബിജെപി എന്നിവർ ചേർന്നതാണ് എൻഡിഎ മുന്നണി. കോവിഡ് വാക്സിനേഷൻ പരിപാടിക്കു ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതോടെ ‘പൗരത്വം നിയമം’ തന്നെയാണ് അസമിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്നത് വ്യക്തമായിക്കഴിഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വനിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി എംപിയും പ്രഖ്യാപിച്ചിരിക്കുന്നു.
ആരാകും ബംഗാൾ കടുവ?
2020ലെ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളിലൊന്നായിരിക്കുകയാണു ബംഗാൾ. 2016ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 294ൽ 211 സീറ്റും നേടി അധികാരത്തിലേറിയ മമത ബാനർജിക്കു മുന്നിൽ ബിജെപി ഉയർത്തുന്ന പ്രതിരോധമാണ് അതിനു കാരണം. 293 മണ്ഡലങ്ങളിലാണ് 2016ൽ തൃണമൂൽ ജനവിധി തേടിയത്. അന്ന് 291 സീറ്റിൽ മത്സരിച്ച ബിജെപി ആകെ ജയിച്ചത് മൂന്നു സീറ്റിൽ മാത്രം. 263 ഇടങ്ങളിൽ കെട്ടിവച്ച പണം പോലും ലഭിച്ചില്ല. അവിടെനിന്നാണ് ബംഗാളിൽ അധികാരം നേടുമെന്ന് മമതയെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ബിജെപി എത്തിയത്. തൃണമൂലിലെ വിശ്വസ്തരെ ഉൾപ്പെടെ സ്വന്തം തട്ടകത്തിലെത്തിച്ച ബിജെപി തിരഞ്ഞെടുപ്പിനെ മമത ഒറ്റയ്ക്കു നേരിടേണ്ടി വരുമെന്ന ഭീഷണി പോലും മുഴക്കി.
2016ലെ തിരഞ്ഞെടുപ്പിൽ 92 സീറ്റുകളിൽ ജനവിധി തേടിയ കോൺഗ്രസ് 44 സീറ്റുകൾ നേടി. 30 വർഷത്തോളം ബംഗാൾ ഭരിച്ച സിപിഎം ആകട്ടെ 26 സീറ്റുകളിൽ ഒതുങ്ങി. 11 മണ്ഡലങ്ങളിൽ ജനവിധി തേടിയ സിപിഐ ഒരൊറ്റ മണ്ഡലത്തിലാണ് വിജയിച്ചത്. സംസ്ഥാന പാർട്ടികളായ എഐഎഫ്ബി രണ്ടു സീറ്റിലും ആർഎസ്പി മൂന്നു സീറ്റിലും വിജയിച്ചു. ഗോർഖ ജൻമുക്ത് മോർച്ച 3 സീറ്റുകൾ നേടിയപ്പോൾ ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു.
English Summary: Political Situation in Five States that are Going for Assembly Elections in April