പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി അസമിൽ മൗനം: ബിജെപിക്കെതിരെ പ്രിയങ്ക ഗാന്ധി
Mail This Article
ലക്കിംപുർ (അസം) ∙ പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) ബിജെപിയെ വിമർശിച്ചു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിഎഎ നടപ്പാക്കുന്നതിനെക്കുറിച്ചു ബിജെപി നേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിലും അക്കാര്യം അസമിൽ പരാമർശിക്കാൻ അവർക്കു ധൈര്യമില്ലെന്നു പ്രിയങ്ക അഭിപ്രായപ്പെട്ടു. 2019ൽ സിഎഎയ്‌ക്കെതിരെ കടുത്ത പ്രതിഷേധമുണ്ടായ അസമിൽ അഞ്ചു പേർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു.
‘ബിജെപിയുടെ വാഗ്ദാനങ്ങളിൽ ജനത്തിനു മടുപ്പുള്ളതിനാൽ കോൺഗ്രസിന്റെയും മറ്റു പാർട്ടികളുടെയും സഖ്യം അസമിൽ സർക്കാർ രൂപീകരിക്കും. തിരഞ്ഞെടുപ്പിനു മുൻപു ബിജെപി വലിയ വാഗ്ദാനങ്ങൾ നൽകും. അടുത്ത അഞ്ചു വർഷം അവ നിറവേറ്റാൻ ഒന്നും ചെയ്യുന്നില്ലെന്നും ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. സിഎഎ നടപ്പാക്കുന്നതിനെപ്പറ്റി ബിജെപി നേതാക്കൾ രാജ്യമെമ്പാടും സഞ്ചരിച്ചു പറയുന്നുണ്ടെങ്കിലും അസമിലെത്തുമ്പോൾ മൗനം പാലിക്കുകയാണ്’– പ്രിയങ്ക പറഞ്ഞു.
English Summary: BJP keeps mum on implementing CAA in Assam: Priyanka Gandhi Vadra