സിപിഎം പുറത്താക്കിയ ആളെ പിറവത്ത് എങ്ങനെ എൽഡിഎഫ് ചുമക്കും? ഇത് കച്ചവടം: ജിൽസ്

Mail This Article
കൊച്ചി∙ എൽഡിഎഫിന്റെ പിറവം സ്ഥാനാർഥി ഡോ. സിന്ധുമോൾ ജേക്കബിനെ സിപിഎം പാർട്ടിയിൽനിന്നു പുറത്താക്കിയതു നാടകമാണെന്നും ജോസ് കെ.മാണി പിറവം സീറ്റ് വാങ്ങിയത് കച്ചവടത്തിനാണെന്നും യൂത്ത് ഫ്രണ്ട് (എം) മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജിൽസ് പെരിയപുറം ആരോപിച്ചു.
സിപിഎം പുറത്താക്കിയ ആളെ പിറവത്ത് എല്‍ഡിഎഫ് എങ്ങനെ ചുമക്കുമെന്നും സ്ഥാനാര്‍ഥിയില്ലെങ്കില്‍ എന്തിന് സീറ്റ് വാങ്ങിയെന്നും ജില്‍സ് പെരിയപുറം ചോദിച്ചു. കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി സിന്ധുമോള്‍ മല്‍സരിക്കുന്ന സാഹചര്യത്തിൽ സിപിഎം സിന്ധുമോളെ പുറത്താക്കിയിരുന്നു. സിപിഎം ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായിരുന്നു സിന്ധുമോള്‍ ജേക്കബ്. സിപിഎം അംഗത്വമുണ്ടെങ്കിലും സിപിഎം സ്വതന്ത്രയായാണ് മൽസരിച്ചിരുന്നതും. ഈ സാഹചര്യത്തിലാണ് ഇന്നലെ ഇവരുടെ സ്ഥാനാർഥിത്വം കേരള കോൺഗ്രസ് പ്രഖ്യാപിക്കുന്നത്.
രണ്ടില ചിഹ്നത്തിൽ തന്നെ മൽസരിക്കുമെന്ന് സിന്ധു വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി നേതൃത്വവുമായി ആലോചിച്ച് പിറവം മണ്ഡലത്തിൽ തനിക്കുള്ള ബന്ധങ്ങൾ പരിഗണിച്ചാണ് കേരള കോൺഗ്രസ് സ്ഥാനാർഥിയായിരിക്കുന്നതെന്ന് ഇവർ പറയുന്നു. പേയ്മെന്‍റ സീറ്റെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിന്ധുമോള്‍ പറഞ്ഞു.
പിറവത്ത് ജില്‍സ് പെരിയപുറം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ജില്‍സിനെ ഒഴിവാക്കി കടുത്തുരുത്തിയിലേക്കു പരിഗണിച്ചിരുന്ന സിപിഎം അംഗം സിന്ധുമോള്‍ ജേക്കബിനെ പിറവത്ത് സ്ഥാനാര്‍ഥിയാക്കിയത്. നടപടിയില്‍ പ്രതിഷേധിച്ച് ജില്‍സ് പാര്‍ട്ടിവിട്ടു.
English Summary: Piravom seat controversy: Jils Periyapuram speaks against Sindhumol Jacob