തൃശൂരിന്റെ പ്രഥമ വനിതാ മേയറായി; കന്നിയങ്കത്തിൽ ബിന്ദു മന്ത്രിസഭയിലും

Mail This Article
സാംസ്കാരിക നഗരമായ തൃശൂരിന്റെ പ്രഥമ വനിതാ മേയറായി തിളങ്ങിയ പ്രഫ. ആർ.ബിന്ദു നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ ജയിച്ച് കേരള മന്ത്രിസഭയിലേക്ക്. ഇരിങ്ങാലക്കുടയിൽനിന്ന് 5,949 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. തൃശൂർ കാനാട്ടുകര സ്വദേശി. എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തം തുടങ്ങി. എസ്എഫ്ഐയുടെ സംസ്ഥാന വിദ്യാർഥിനി സബ് കമ്മിറ്റി കൺവീനറായിരുന്നു.
കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റിലെ വിദ്യാർഥി പ്രതിനിധിയും സെനറ്റ് അംഗവുമായി. കഥകളിയിലും ചെറുകഥാ രചനയിലും സർവകലാശാലാ തലത്തിൽ ജേതാവായിരുന്നു. ഇംഗ്ലിഷ് സാഹിത്യത്തിൽ റാങ്കോടെ ബിരുദാനന്തര ബിരുദം, എംഫിൽ, പിഎച്ച്ഡി എന്നിവ നേടി. 2005-ൽ തൃശൂർ കോർപറേഷന്റെ ആദ്യ വനിതാ മേയറായി. 10 വർഷം കോർപറേഷൻ കൗൺസിലറായി.
സിപിഎം ജില്ലാകമ്മിറ്റി അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, എകെപിസിടിഎ സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം എന്നീ ചുമതലകളുണ്ട്. തൃശൂർ ശ്രീ കേരളവർമ കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവിയായിരുന്നു. പ്രിൻസിപ്പലിന്റെ ചുമതലയും വഹിച്ചു. എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ ആണ് ഭർത്താവ്. മകൻ: അഡ്വ. വി. ഹരികൃഷ്ണൻ.
English Summary: R Bindu Profile