പ്രണബ് മുഖർജിയുടെ മകന് തൃണമൂലിലേക്ക്?; ഡിലീറ്റ് ചെയ്ത ട്വീറ്റിനെച്ചൊല്ലി അഭ്യൂഹം
Mail This Article
കൊൽക്കത്ത∙ മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജിയും തൃണമൂലിലേക്ക്? അഭ്യൂഹങ്ങൾക്ക് ആക്കമിട്ടത് അഭിജിത് ഇപ്പോൾ ഡിലീറ്റ് ചെയ്ത ട്വീറ്റും.
കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിലേക്കു പോകുമെന്ന വാർത്തകൾ തള്ളിക്കളഞ്ഞിരുന്ന അഭിജിത് വെള്ളിയാഴ്ച ഒരു ട്വീറ്റ് ചെയ്തു – ഈ വിഷയത്തെക്കുറിച്ച് ആരോടും ഒന്നും പറഞ്ഞിട്ടില്ല. പിന്നാലെ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും തൃണമൂലിലേക്ക് ഇല്ലെന്ന പ്രസ്താവന വന്നില്ല.എന്നാൽ വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ താൻ കോൺഗ്രസിൽ തന്നെ നിൽക്കുമെന്നും തൃണമൂലിലേക്കോ മറ്റു പാർട്ടികളിലേക്കോ പോകുമെന്ന വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച തൃണമൂൽ നേതാക്കൾ അഭിജിത്തിനെ കണ്ടുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രണബ് മുഖർജി മുൻപ് മത്സരിച്ചിരുന്ന ജൻഗിപുർ ലോക്സഭാ മണ്ഡലത്തിലുള്ള ജൻഗിപുർ നിയമസഭാ മണ്ഡലത്തിലേക്കാണ് അഭിജിത്തിനെ പരിഗണിക്കുന്നതെന്നാണ് സൂചന. 2012ൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതുവരെ രണ്ടുതവണ പ്രണബ് മുഖർജി പ്രതിനിധാനം ചെയ്ത ലോക്സഭാ മണ്ഡലമാണ് ജൻഗിപുർ. പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലും 2014ലും ഇവിടെനിന്ന് അഭിജിത് വിജയിച്ചിരുന്നു. എന്നാൽ 2019ൽ തൃണമൂലിന്റെ ഖാലിലുർ റഹ്മാനോട് പരാജയപ്പെടുകയായിരുന്നു.
English Summary: Tweet Deleted, Pranab Mukherjee's Son Fuels Suspense Over Trinamool Entry