അമരിന്ദർ ഉപരാഷ്ട്രപതി സ്ഥാനാർഥി?; ബിജെപി പരിഗണിക്കുന്നതായി റിപ്പോർട്ട്
![M Venkaiah Naidu | Amarinder Singh (Photo - Twitter / @capt_amarinder) ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനൊപ്പം അമരീന്ദർ സിങ്. (Photo - Twitter / @capt_amarinder)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/7/3/amarinder-singh-m-venkaiah-naidu.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയേക്കുമെന്ന് അഭ്യൂഹങ്ങൾ. മുൻ കോൺഗ്രസ് നേതാവു കൂടിയായ അമരിന്ദർ ചികിത്സയ്ക്കായി നിലവിൽ ലണ്ടനിലാണ്. ഇദ്ദേഹം തിരിച്ചെത്തിയശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ.
കോൺഗ്രസ് വിട്ട അമരിന്ദർ സ്വന്തം പാർട്ടി രൂപീകരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനായില്ല. ഇദ്ദേഹത്തിന്റെ പാർട്ടി ബിജെപിയിൽ ലയിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. അമരിന്ദറിനെക്കൂടാതെ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ, ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി തുടങ്ങിയവരുടെ പേരും ഉപരാഷ്ട്രപതി സ്ഥാനത്തേക്കു പറഞ്ഞു കേൾക്കുന്നുണ്ട്.
അതേസമയം, വിഷയത്തിൽ അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വവും പാർലമെന്ററി ബോർഡും ചേർന്നു തീരുമാനിക്കുമെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അതിനിടെ, നിലവിലെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന് രണ്ടാമതൊരു അവസരം കൂടി നൽകിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. നിലവിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ദ്രൗപദി മുർമു വിജയിക്കുമെന്നാണ് എൻഡിഎ കണക്കുകൂട്ടുന്നത്.
മുൻ ബിജെപി നേതാവായ യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി. ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 6ന്.
English Summary: Amarinder Singh likely to be named NDA candidate for Vice President